‘കാലം കാവാലം’ ;കാവാലം നാരായണപ്പണിക്കരുടെ കലാജീവിതത്തിലൂടെ

kalam kavalam

മലയാളത്തിന്റെ മഹാകലാകാരൻ കാവാലം നാരായണപ്പണിക്കർ ഒരു നാടകകൃത്ത് മാത്രമായിരുന്നില്ല. ഒരേ സമയം നാടകകൃത്തും നാടൻപാട്ട് ഗാനശാഖയ്ക്ക് പുതിയ മാനം നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്ത നാടൻപാട്ടുകാരനും ആയിരുന്ന കാവാലത്തെ വേണ്ടത്ര മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ടോയെന്ന് സംശയം. മോഹിനിയാട്ട കലയ്ക്ക് മലയാളിത്തം സമ്മാനിച്ച അദ്ദേഹം ചലച്ചിത്ര ഗാനശാഖയ്ക്കും നിരവധി സംഭാവനകൾ നൽകി.

കാവാലം നാടകസമിതിയിലൂടെ നിരവധി കലാകാരൻമാരെ വാർത്തെടുത്ത അദ്ദേഹം ജൂൺ 26ന് കലകളുടെ ലോകത്ത് നിന്ന് വിടപറഞ്ഞു. ആ മഹാകലാകാരന്റെ കലാ ജീവിതത്തെ പൂർണ്ണ അർത്ഥത്തിൽ തുറന്നുവെക്കാനുള്ള ശ്രമമാണ് ഷാബു കിളിത്തട്ടിലിന്റെ ‘കാലം കാവാലം’ എന്ന പുസ്തകം. കാവാലത്തോട് ചേർന്ന് നിന്ന കലാകാരൻമാരുടെയും സാമൂഹിക സാംസ്‌കാരിക പ്രവർത്തകരുടെയും അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകളും ഒപ്പം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അടയാളപ്പെടുത്തലുമാണ് ഷാബുവിന്റെ പുസ്തക സമാഹാരം.

കർണ്ണഭാരം എന്ന നാടകത്തിലൂടെ കാവാലം നാടകത്തിലേക്കെത്തിച്ച മോഹൻലാലും ശാകുന്തളത്തിലൂടെ നാടക വേദിയിലെത്തിയ മഞ്ജു വാര്യരും അദ്ദേഹത്തെ സ്മരിക്കുന്നു. ഒപ്പം കാവാലത്തോടൊപ്പം സഞ്ചരിച്ച നടൻ നെടുമുടി വേണു, എം ജി ശശി ഭൂഷൺ, കാവാലത്തിന്റെ മകനും ഗായകനുമായ കാവാലം ശ്രീകുമാർ എന്നിങ്ങനെ 21 പ്രമുഖ വ്യക്തികളാണ് കാവാലത്തെ പുസ്തകത്തിലൂടെ ഓർമ്മിക്കുന്നതും അദ്ദേഹത്തിന്റെ കാവ്യ നാടക ജീവിത്തെ അടയാളപ്പെടുത്തുന്നതും.

kalam-kavalamകൈരളി ബുക്‌സ് പുറത്തിറക്കുന്ന ‘കാലം കാവാലം’ എന്ന സമാഹാരം ജനുവരി 8ന് തിരുവനന്തപുരത്ത് ഭാരത് ഭവൻ ഹാളിൽ 4.30 ന് നടക്കുന്ന ചടങ്ങിൽ നടൻ നെടുമുടി വേണു പ്രകാശനം ചെയ്യും. കാവാലത്തിന്റെ ഭാര്യ ശാരദാ പണിക്കർ പുസ്തകം ഏറ്റുവാങ്ങും. വി മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ടിഎൻ സീമ, പ്രമോദ് പയ്യന്നൂർ, ഒ വി ഉഷ, തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുക്കും.

മലയാളികൾ തിരിച്ചറിഞ്ഞിട്ടില്ലാത്ത കാവാലത്തിന്റെ കലാജീവിതത്തെ അടയാളപ്പെടുത്തുകയാണ് താൻ പുസ്തകത്തിലൂടെ ചെയ്യുന്നതെന്നും ഇത് സമ്പൂർണ്ണമാണെന്ന് പറയാനാകില്ലെന്നും പുസ്തകത്തെ കുറിച്ച് ഷാബു പറഞ്ഞു.

നേരത്തേ ഷാർജാ ബുക്ക് ഫെയറിൽ ഈ പുസ്തകം പ്രകാശനം ചെയ്തിരുന്നു. ഷാബു കിളിത്തട്ടിലിന്റെ നാലാമത് പുസ്തകമാണ് കാലം കാവാലം. സർഗസൃഷ്ടിയിലെ രാസ വിദ്യകൾ, നിലാചോറ്, സ്‌പെഷ്യൽ ന്യൂസ് എന്നിവയാണ് മറ്റ് കൃതികൾ. ദുബായിൽ അറേബ്യൻ റേഡിയോ നെറ്റ് വർക്കിന്റെ ന്യുസ് ഹെഡ് ആണ് ഷാബു.

Kalam Kavalamകല്യാണി കൃഷ്ണൻ, കിച്ചു ആര്യാട് എന്നിവർ അവതരിപ്പിക്കുന്ന ഘനശ്യമാസന്ധ്യയും
മോഹിനി വിനയൻ അവതരിപ്പിക്കുന്ന മോഹിനിയാട്ടവും ചടങ്ങിനോടനുബന്ധിച്ച് ഉണ്ടായിരിക്കും.  തുടര്‍ന്ന് കാവാലത്തിന്റെ നാടകം കർണഭാരം അരങ്ങിലെത്തും.

 

NO COMMENTS

LEAVE A REPLY