ഇന്ത്യ എന്റെ രാജ്യമാണ്

- ലീൻ ബി ജെസ്മസ് / എഡിറ്റോറിയൽ

mt under bjp attack

എന്റെ രാജ്യത്തെക്കുറിച്ചും, പൗരത്വത്തെക്കുറിച്ചും നിരന്തരം സത്യവാങ്മൂലം നൽകുകയെന്ന ബാധ്യത കൂടി ഇന്ത്യൻ പൗരന് മേൽ അടിച്ചേൽപ്പിക്കുകയാണ് വർഗ്ഗീയ ഫാസിസ്റ്റുകൾ. എം ടി വാസുദേവൻ നായരെ അധിക്ഷേപിച്ച അതേ ബി ജെ പി നാവ് കമൽ എന്ന കേരളത്തിന്റെ സാംസ്‌കാരിക നായകനെയും തീവ്രവാദിയെന്ന് വിളിച്ച് ആക്ഷേപിക്കുന്നു, കമലിനോട് ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പോകാൻ ആവശ്യപ്പെടുന്നു.

ഇന്ത്യയുടെ ഭരണവും, കേരളത്തിലൊരു നിയമസഭാ സീറ്റും നേടിയതോടെ ഓരോ പൗരന്റെയും മേലാളൻ താനാണ് എന്ന ഭാവത്തിലാണ് ബി ജെ പി യുടെയും ആർഎസ്എസിന്റെയും ചെറുതും വലുതുമായ നേതാക്കൾ പ്രതികരിക്കുന്നത്. രാജ്യമാകെ പടർന്ന് പിടിക്കുന്ന അസഹിഷ്ണുതയുടെ പതാക വാഹകരാവുകയാണ് കേരളത്തിലെ ബിജെപി നേതാക്കളും.

ഇന്ത്യയുടെ ദേശീയത മതനിരപേക്ഷതയിൽ അധിഷ്ഠിതമാണ്. രാഷ്ട്രപിതാവ് മതഭ്രാന്തന്റെ വെടിയേറ്റ് ജീവൻ വെടിയേണ്ടി വന്ന 1949 ലും, ‘രാമജന്മഭൂമി’ എന്ന അസംബന്ധ മുദ്രാവാക്യമുയർത്തി കാവിയണിഞ്ഞ കർസേവകന്മാർ ഒരു പൗരാണിക സ്മാരകം തകർത്ത 1992 ലുമാണ് ഇന്ത്യയുടെ മതേതര മുഖം മുറിപ്പെടുന്നത്. 1992ന്റെ തുടർച്ചയാണ് ഇന്ത്യ ഇന്ന് നേരിടുന്ന മത തീവ്രവാദം എന്ന ദുർഗതി. ഹിന്ദുത്വമെന്ന മഹത്തായ സങ്കൽപത്തിന് എതിരായി പിടിച്ച കണ്ണാടിയാണ് ഇന്നത്തെ ഹൈന്ദവത എന്ന് ഈ കാലഘട്ടത്തെ ചിത്രീകരിച്ച ആനന്ദ് പട്വർധൻ പറഞ്ഞുവച്ചത് സത്യമാകുന്നു.

Fascism

കേരളത്തിന്റെയും, ഇന്ത്യയുടെയും സാംസ്‌കാരികതയും അതിനെ ഉയർത്തിപ്പിടിക്കുന്നവരുടെ പ്രബുദ്ധതയും ഏതെങ്കിലും മത സംഘത്തിനോ ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ ഒറ്റുകാർക്കോ കീഴ്‌പ്പെടുവാനുള്ളതല്ല. ഇരുട്ടിന്റെ ഏതൊരു ശക്തിയേയും അതിജീവിക്കാനുള്ള കരുത്ത് ഈ മണ്ണിൽ ഇനിയും ബാക്കിയാകുന്നുണ്ട്.

എഴുത്തുകാരനും ചലച്ചിത്രകാരനും പേറുന്ന ആ ദിവ്യ ഗർഭത്തെ ശൂലം കൊണ്ട് കുത്തിയെടുക്കുവാൻ മതകിങ്കരന്മാർക്ക് കഴിയില്ല. ഒരു തുറുകണ്ണൻ സമയത്തെ അതീവ ജാഗ്രതയോടെ നേരിടുവാനും ഇന്ത്യയെ വിഴുങ്ങുവാൻ തുടങ്ങുന്ന വിഷ സർപ്പങ്ങളെ തുരത്തിയോടിക്കാനുമുള്ള ബാധ്യത ഓരോ ഇന്ത്യക്കാരനും ഏറ്റെടുക്കേണ്ട കാലമാണിത്. നമുക്ക് ഹൃദയം കൊണ്ട് പറയാനാകണം ഇന്ത്യ എന്റെ രാജ്യമാണ് എന്ന്.

NO COMMENTS

LEAVE A REPLY