Advertisement

മോഡി സർക്കാർ സാധാരണക്കാരുടെ പണം ബാങ്കുകളിൽ തടവിലാക്കി: തോമസ് ഐസക്

January 12, 2017
Google News 1 minute Read
demonetisation and cashless economy

മോഡി സർക്കാർ രണ്ട് മാസമായി സാധാരണക്കാരുടെ പണമെല്ലാം ബാങ്ക് അറകളിൽ തടവിലാക്കിയിരിക്കുകയാണെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ബാങ്കുകളുടെ പണമെല്ലാം കോർപ്പറേറ്റ് കള്ളപ്പണക്കാർ വാരിക്കോരി കൊണ്ടുപോയി.

റിസർവ്വ് ബാങ്കിൻറെ 2016 ലെ അസറ്റ് ക്വാളിറ്റി റിവ്യൂ പ്രകാരം 8.5 ലക്ഷം കോടി രൂപ കിട്ടാക്കടമാണ്. ഇതിൽ 7 ലക്ഷം കോടി രൂപ ഇന്ത്യയിലെ 10 പ്രമുഖ കുത്തക കുടുംബങ്ങളുടെ കയ്യിലാണെന്നും തോമസ് ഐസക് ഫേസ്ബുക്കിൽ കുറിച്ചു.

2008 ലെ ആഗോള സാമ്പത്തിക തകർച്ചയ്ക്കു ശേഷം ബാങ്കുകളെ ഭാവിതകർച്ചയിൽ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയുള്ള ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞുവന്ന തന്ത്രവുമായി നിലവിലെ സാഹചര്യത്തിന് സാമ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രണ്ടു മാസം കഴിഞ്ഞിട്ടും ആഴ്ചയിൽ പരമാവധി 24,000 രൂപയേ കാശായി പിൻവലിക്കാൻ കഴിയൂ. ഒരു നിയോലിബറൽ പരീക്ഷണത്തിന് ഇന്ത്യൻ ജനതയെ മോഡി ഗിനിയാ പിഗ്ഗുകളാക്കിയിരിക്കുകയാണെന്നും തോമസ് ഐസക് ആരോപിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ബാങ്കുകളുടെ പണമെല്ലാം കോര്‍പ്പറേറ്റ് കള്ളപ്പണക്കാര്‍ വാരിക്കോരി കൊണ്ടുപോയി. റിസര്‍വ്വ് ബാങ്കിന്‍റെ 2016 ലെ അസറ്റ് ക്വാളിറ്റി റിവ്യൂ പ്രകാരം 8.5 ലക്ഷം കോടി രൂപ കിട്ടാക്കടമാണ്. ഇതില്‍ 7 ലക്ഷം കോടി രൂപ ഇന്ത്യയിലെ 10 പ്രമുഖ കുത്തക കുടുംബങ്ങളുടേതാണത്രേ. 2014-15 ല്‍ 1.12 ലക്ഷം കോടി രൂപ എഴുതിത്തള്ളിയശേഷമുള്ള സ്ഥിതിയാണിത് ഇതെന്ന് ഓര്‍ക്കുക. അതേ സമയം ഇന്ത്യയിലെ സാധാരണക്കാരുടെ പണമെല്ലാം മോഡി സര്‍ക്കാര്‍ രണ്ടു മാസമായി ബാങ്ക് അറകളില്‍ തടവിലാക്കിയിരിക്കുകയാണ്.
മേല്‍പ്പറഞ്ഞ സ്ഥിതിവിശേഷത്തിന് 2008 ലെ ആഗോള സാമ്പത്തിക തകര്‍ച്ചയ്ക്കു ശേഷം ബാങ്കുകളെ ഭാവിതകര്‍ച്ചയില്‍ നിന്നും രക്ഷിക്കുന്നതിനു വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന തന്ത്രവുമായി സാമ്യമുണ്ട്. ഭീമന്‍ ബാങ്കുകളുടെ കടബാധ്യത മുഴുവന്‍ സര്‍ക്കാര്‍ ഏറ്റെടുക്കുകയാണല്ലോ ചെയ്തത്. ഇതിനെയാണ് ബെയില്‍ഔട്ട് എന്നു പറയുന്നത്. ഇതുമൂലം സാധാരണ ഇടപാടുകാര്‍ക്ക് ബാങ്കുകളില്‍ വിശ്വാസം വര്‍ദ്ധിക്കുകയും തങ്ങളുടെ പണം പിന്‍വലിക്കുവാന്‍ തിരക്ക് കൂട്ടിയില്ല. എന്നാല്‍ കടഭാരംമൂലം സര്‍ക്കാരുകളുടെ നട്ടെല്ലൊടിഞ്ഞു. അതുകൊണ്ട് സാമ്പത്തിക വിദഗ്ദ്ധര്‍ ബെയില്‍ഔട്ട് അല്ല ഇനിമേല്‍ വേണ്ടത് ബെയില്‍ഇന്‍ ആണ് വേണ്ടത് എന്നു വാദിക്കുവാന്‍ തുടങ്ങി. അതായത് കിട്ടാക്കടം സര്‍ക്കാരുകള്‍ ഏറ്റെടുക്കുന്നതിനു പകരം സാധാരണക്കാര്‍ തങ്ങളുടെ പണം പിന്‍വലിക്കുന്നത് നിയന്ത്രിക്കുക. 2013 സൈപ്രസിലാണ് ഇത്തരമൊരു പരീക്ഷണം നടത്തി നോക്കിയത്. ലക്ഷ്യം നേടുകയും ചെയ്തു.
ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ ജി20 യിലും മറ്റും നടന്ന ചര്‍ച്ചകളുടെ തുടര്‍ച്ചയായി ബാങ്കുകളുടെ ധനകാര്യ സുസ്ഥിരത സംബന്ധിച്ച് ഒരു നിയമം തന്നെ തയ്യാറാക്കി. ഇതുപ്രകാരം ഏതെങ്കിലും ബാങ്ക് പൊളിയുന്നതിനുള്ള സാധ്യതയുണ്ടെങ്കില്‍ അവയെ മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ ലയിപ്പിക്കാം. അല്ലെങ്കില്‍ ഡെപ്പോസിറ്റുകള്‍ പിന്‍വലിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താം. ഏതായാലും ഇപ്പോള്‍ അടിച്ചേല്‍പ്പിച്ചിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നിയന്ത്രണം പൗരന്‍മാരുടെ ഡെപ്പോസിറ്റുകള്‍ക്കുമേല്‍ ചുമത്തുവാന്‍ ആകില്ലല്ലോ. രണ്ടു മാസം കഴിഞ്ഞിട്ടും ആഴ്ചയില്‍ പരമാവധി 24,000 രൂപയേ കാശായി പിന്‍വലിക്കാന്‍ കഴിയൂ. ഒരു നിയോലിബറല്‍ പരീക്ഷണത്തിന് ഇന്ത്യന്‍ ജനതയെ മോഡി ഗിനിയാ പിഗ്ഗുകളാക്കിയിരിക്കുകയാണ്.

bank details bank details

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here