മോട്ടോര്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണം-സുധീരന്‍

vm sudeeran

മോട്ടോര്‍ വാഹന രജിസ്‌ട്രേഷനും ഡ്രൈവിങ് ലൈസന്‍സ് ഫീസും കുത്തനെ കൂട്ടിയ നടപടി കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണമെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.

കേന്ദ്ര ഗതാഗത മന്ത്രാലയത്തിന്റെ ഈ നടപടിയിലൂടെ ഡ്രൈവിങ് ലൈസര്‍സ് ലഭിക്കാനും പുതുക്കാനുമുള്ള നിരക്ക് നാല്‍പ്പതില്‍ നിന്നും 200 രൂപയാക്കി. നിലവില്‍ 30 രൂപയായിരുന്ന ലേണേഴ്‌സ് ലൈസന്‍സ് ഫീസ് 100 രൂപയും അന്താരാഷ്ട്ര ഡ്രൈവിങ് പെര്‍മിറ്റിന് 500 രൂപയില്‍ നിന്നും 1000 രൂപയുമായി ഉയര്‍ത്തിയിരിക്കുകയാണ്.
വാഹനരജിസ്‌ട്രേഷന്‍ നിരക്ക് പത്തിരട്ടിവരെയാണ് വര്‍ധിപ്പിച്ചത്.ഒറിജിനല്‍ ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് 5000 രൂപ നല്‍കണം. ഇരുചക്രവാഹനങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഫീസ് 50 രൂപയുമായി ഉയര്‍ത്തി.
ഡ്രൈവിങ് സ്‌കൂളുകളുടെ ലൈസന്‍സ് ഫീസ് രണ്ടായിരത്തിയഞ്ഞൂറില്‍നിന്ന് പതിനായിരം രൂപയായി വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇവ കൂടാതെ സംസ്ഥാനങ്ങള്‍ ചുമത്തുന്ന സെസും മറ്റും കൂടിയാവുമ്പോള്‍ ഫീസ് നിരക്കുകളില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്.
നോട്ട്പിന്‍വലിച്ചതിനെ തുടര്‍ന്ന് നട്ടംതിരിയുന്ന ജനങ്ങളെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിടുന്നതാണ് ഈ അധിക നിരക്ക് വര്‍ധനവ്.ജനങ്ങള്‍ക്ക് ‘അച്ഛാ ദിന്‍’ വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ ബി.ജെ.പിയും നരേന്ദ്രമോഡിയും അനുദിനം ജനങ്ങളെ ദ്രോഹിക്കുന്ന തീരുമാനങ്ങളാണ് രാജ്യത്ത് നടപ്പിലാക്കുന്നതെന്നും സുധീരന്‍ പറഞ്ഞു.

vm sudeeran

NO COMMENTS

LEAVE A REPLY