സംസ്‌കൃത സർവകലാശാലയിൽ സൗരോർജ്ജ നിലയത്തിന്റെ ഉദ്ഘാടനം ജനുവരി 21 ന്

sree sankaracharya

സംസ്‌കൃത സർവകലാശാലയുടെ മുഖ്യപ്രവേശന കവാടത്തിന്റെയും സൗരോർജ്ജ നിലയത്തിന്റെയും ഉദ്ഘാടനവും ലാങ്‌ഗ്വേജ് ബ്ലോക്കിന്റെയും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ക്വാർട്ടേഴ്‌സിന്റെയും ശ്രീ ശങ്കര പ്രതിമയുടെ അനാച്ഛാദനവുംശിലാസ്ഥാപനവും ജനുവരി 21 ന്. ജനുവരി 21 ന് രാവിലെ 8.30 ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ പറഞ്ഞു.

എം. സി. റോഡിൽ നിന്ന് സർവകലാശാലയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതിനുള്ള റോഡും മുഖ്യകവാടവും ഉൾപ്പെടെയുള്ള ഗേറ്റ് ഓഫീസ് പദ്ധതിയുടെ ആകെ ചെലവ് 61,99,734 രൂപയാണ്. കേരളീയ വാസ്തുകലയുടെ പ്രൗഢിയ്ക്കനുസൃതം നിർമ്മാണം പൂർത്തീകരിച്ചിരിക്കുന്ന മുഖ്യ കവാടത്തിനു മുമ്പിലായി സർവകലാശാലയിലെ ചിത്രകലാ വിഭാഗം സാക്ഷാൽക്കരിച്ചിരിക്കുന്ന ശ്രീ ശങ്കരാചാര്യരുടെ പ്രതിമയും ചുമർചിത്രകലയും ഒരുക്കുന്നതിന് നേതൃത്വം നൽകിയത് ചിത്രകലാ വിഭാഗം മേധാവി ഡോ. ടി. ജി. ജ്യോതിലാലിന്റെ നേതൃത്വത്തിൽ മറ്റ് അധ്യാപകരും വിദ്യാർത്ഥികളും ചേർന്നാണ്.

sree sankaracharya (1)സർവകലാശാല അക്കാദമിക് ബ്ലോക്കിന്റെ മുകളിൽ സ്ഥാപിച്ചിരിക്കുന്ന സൗരോർജ്ജ നിലയത്തിന്റെ ശേഷി 100 കിലോ വാട്ട്‌സ് ആണ്. 250 വാട്ട് ശേഷിയുള്ള 400 പാനലുകളിൽ നിന്നായി ഒരു മാസം ഏകദേശം 12000 മുതൽ 15000 യൂണിറ്റ് വരെ വൈദ്യുതി ഉല്പാദിപ്പിക്കാനാവും. പദ്ധതി ചെലവ് 83,85,200/ രൂപയാണ്. പദ്ധതിക്ക് നിലവിൽ 12 ലക്ഷം രൂപ സബ്‌സിഡി ലഭിച്ചിട്ടുണ്ട്. ഇനി 12 ലക്ഷം രൂപ കൂടി സബ്‌സിഡി ഇനത്തിൽ സർവകലാശാലയ്ക്ക് ലഭിക്കും. പദ്ധതിയുടെ നിർവ്വഹണ ഏജൻസി കെൽട്രോൺ ആണ്. പദ്ധതിയ്ക്ക് അഞ്ച് വർഷത്തെ വാറന്റിയും സൗരോർജ്ജ പാനലുകൾക്ക് 25 വർഷത്തെ വാറന്റിയുമാണ് ലഭിച്ചിരിക്കുന്നത്. വൈദ്യുതി വകുപ്പിൽ നിന്നുള്ള അനുമതികളെല്ലാം ഇതിനോടകം ലഭ്യമായിട്ടുണ്ട്. പ്രസ്തുത സൗരോർജ്ജ നിലയം പ്രവർത്തനക്ഷമമാകുമ്പോൾ വൈദ്യുതി ഇനത്തിൽ സർവകലാശാലയ്ക്ക് 1.5 ലക്ഷം രൂപ മുതൽ 2 ലക്ഷം രൂപ വരെ പ്രതിമാസം ലാഭം ഉണ്ടാകുന്നു.

യു.ജി.സി. ധനസഹായത്തോടെ സർവകലാശാലയുടെ മുഖ്യകേന്ദ്രത്തിൽ സ്ഥാപിക്കുന്ന മറ്റ് രണ്ട് പദ്ധതികളാണ് ലാങ്‌ഗ്വേജ് ബ്ലോക്കും അഡ്മിനിസ്‌ട്രേറ്റീവ് സ്റ്റാഫ് ക്വാർട്ടേഴ്‌സും 29,500 ചതുരശ്ര അടി വിസ്തീർണ്ണത്തിൽ നിർമ്മിക്കുന്ന ലാങ്‌ഗ്വേജ് ബ്ലോക്കിന്റെ എസ്റ്റിമേറ്റ് തുക 5.775 കോടി രൂപയാണ്. മൂന്ന് നിലകളിലായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന ഈ മന്ദിരത്തിന്റെ താഴത്തെ നിലയിൽ ഇംഗ്ലീഷ്
വിഭാഗവും 110 പേർക്ക് ഇരിക്കാവുന്ന ഒരു സെമിനാർ ഹാളും ഉൾപ്പെടുത്തിയിരിക്കുന്നു. മറ്റു രണ്ടു നിലകളിൽ മലയാളം, ഹിന്ദി വിഭാഗങ്ങൾ പ്രവർത്തിക്കും. ഭാഷാ വിഭാഗത്തിന് മാത്രമായി നിർമ്മിക്കുന്ന ഈ മന്ദിരത്തിൽ ഓരോ ഭാഷാ വിഭാഗത്തിനും വകുപ്പു മേധാവി മറ്റ് അധ്യാപകർ എന്നിവർക്കായി പ്രത്യേക മുറികളും ലാങ്‌ഗ്വേജ് ലാബ്, നാല് ക്ലാസ്സ് മുറികൾ, ഗവേഷകർക്കുള്ള മുറികൾ, ശുചി മുറികൾ എന്നിവയുമാണ് വിഭാവനം ചെയ്തിരിക്കുന്നത്.

sree sankaracharya (2)യു.ജി.സി. ധനസഹായത്താടെ സർവകലാശാലയിൽ നടപ്പിലാക്കുന്ന മറ്റൊരു പദ്ധതിയാണ് അനധ്യാപക ജീവക്കാർക്കു വേണ്ടിയുള്ള ക്വാർട്ടേഴ്‌സ് നിർമ്മാണം. വിദൂര സ്ഥലങ്ങളിൽ നിന്നെത്തുന്ന അനധ്യാപക ജീവനക്കാർ ഭീമമായ വാടക നൽകി കാമ്പസിന് പുറത്ത് താമസിക്കുന്ന ദുരവസ്ഥക്ക് ശാശ്വത പരിഹാരമായി നിർമ്മിക്കുന്ന ഈ പദ്ധതിക്ക് 8.14 കോടി രൂപ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നു. ഏഴ് നിലകളിലായി നിർമ്മിക്കുവാൻ ഉദ്ദേശിക്കുന്ന ഈ പാർപ്പിട സമുച്ചയത്തിൽ 20 ക്വാർട്ടേഴ്‌സുകളാണ് രൂപകല്പന ചെയ്തിരിക്കുന്നതെന്ന് വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ പറഞ്ഞു.

റോജി എം. ജോൺ എം.എൽ.എ. അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഇന്നസെന്റ് എം.പി. മുഖ്യാതിഥിയായിരിക്കും. വൈസ് ചാൻസലർ ഡോ. എം. സി. ദിലീപ്കുമാർ ആമുഖപ്രഭാഷണം നിർവ്വഹിക്കും. ടി. വി. രാജേഷ് എം.എൽ.എ. മുഖ്യപ്രഭാഷണം നിർവ്വഹിക്കും. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉപഹാരങ്ങൾ വിതരണം ചെയ്യും.

NO COMMENTS

LEAVE A REPLY