Advertisement

മരണം മുന്‍കൂട്ടി കണ്ട, ഇന്ദിരയുടെ ആ പ്രസംഗം

January 19, 2017
Google News 0 minutes Read
Indira gandhi

ഇന്ത്യാമഹാരാജ്യത്തിന് ആദ്യ വനിതാ പ്രധാനമന്ത്രിയെ ലഭിച്ചത് 51 വർഷങ്ങൾക്ക് മുമ്പാണ്. നെഹ്‌റു കുടുംബത്തിലെ രണ്ടാമത്തെ പ്രധാനമന്ത്രി. ജവഹർലാൽ നെഹ്‌റുവിന്റെ പ്രിയ പുത്രി ഇന്ദിരാ പ്രിയദർശിനി എന്ന ഇന്ദിരാഗാന്ധി പ്രധാനമന്ത്രി പദം ഏറ്റെടുത്തത് 51 വർഷങ്ങൾക്ക് മുമ്പ് 1966 ജനുവരി 19ന്. 51 വർഷങ്ങൾക്കിപ്പുറവും മറ്റൊരു വനിതാ സാന്നിദ്ധ്യവും പ്രധാനമന്ത്രി പദത്തിലെത്തിയില്ല.

ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തെ തുടർന്നാണ് ഇന്ദിര പ്രധാനമന്ത്രിയാകുന്നത്. ജവഹർ ലാൽ നെഹ്‌റുവിന് ശേഷം ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്നതും ഇന്ദിരയാണ്.

Indira gandhi (2)1966 ജനുവരിയിൽ പ്രധാനമന്ത്രിയായ ഇന്ദിരാഗാന്ധി 1971 ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിലും വൻ വിജയം നേടി. ബാങ്കുകളുടെ ദേശസാൽക്കരണമടക്കം ഇന്ദിരയെ ജനങ്ങൾക്കിടയിൽ പ്രിയങ്കരിയാക്കി. എന്നാൽ 1974 ന്റെ തുടക്കത്തിൽ കാര്യങ്ങൾ മാറിത്തുടങ്ങി. കാലാവസ്ഥാ വ്യതിയാനവും തൊഴിലില്ലായ്മയും കർഷകരുടേയും വിദ്യാർത്ഥികളുടേയും പ്രതിഷേധങ്ങൾ ശക്തമാക്കി. വ്യാവസായിക ഉത്പാദനം കുറഞ്ഞു.

ബംഗ്ലാദേശ് യുദ്ധ വിജയത്തിന് ശേഷം ഇന്ദിരാഗാന്ധി മന്ത്രിസഭ അഴിമതിയുടെ കൂത്തരങ്ങാകുകയായിരുന്നു. ജയപ്രകാശ് നാരായണനും കോൺഗ്രസിൽനിന്ന് പടിയിറങ്ങിയ മൊറാർജി ദേശായിയും പ്രധാനമന്ത്രിക്കെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു.

എന്നാൽ ഇന്ത്യയുടെ ഉരുക്ക് വനിത, രാജ്യത്തെ ജനാധിപത്യത്തിന്റെ ചരിത്രത്താളുകളിൽ പൊടിഞ്ഞ ചോരക്കറയ്ക്ക് കൂടി ഉത്തരം പറയേണ്ടി വന്നു. ആൺകുട്ടി എന്ന് ലോകം വിശേഷിപ്പിച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പിടിവാശിയിൽ രാജ്യം അടിയന്തിരാവസ്ഥയിലേക്ക് കൂപ്പുകുത്തി. ചോരയുടേയും നിലവിളികളുടേയും നിറഞ്ഞ ജയിലുകളുടേയും കാലമായി 70 കൾ ബ്രിട്ടീഷ് ഭരണത്തെ ഓർമ്മിപ്പിച്ചു.

Indira gandhiഅതിനിടയിൽ 1971 നടന്ന റായ്ബറേലിയിലെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് ജയത്തിനെതിരെ എതിർ സ്ഥാനാർത്ഥി രാജ് നാരായണൻ നൽകിയ കേസിൽ 1975 ജൂൺ 12ന് അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദ് ചെയ്ത് കൊണ്ട് വിധി പുറപ്പെടുവിച്ചു. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തു എന്നതായിരുന്നു കുറ്റം. റദ്ദ് ചെയ്യുക മാത്രമല്ല അടുത്ത പത്ത് കൊല്ലത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതും വിലക്കി.

പത്രമാധ്യമങ്ങളും കോടതികളും വരെ അടിയന്തിരാവസ്ഥയിൽ തടവിലായി. സ്വതന്ത്ര ഇന്ത്യയിലെ ജയിലിടക്കപ്പെട്ട  ആദ്യത്തെ മാധ്യപ്രവർത്തകൻ കുൽദീപ് നയ്യാർ തന്റെ ആത്മകഥയിൽ അടിയന്തിരാവസ്ഥയുടെ കറുത്ത അധ്യായത്തെ വരച്ചിടുന്നുണ്ട്. ഇന്ദിരയുടെ സുഹൃത്തായിട്ടുപോലും നയ്യാർ ജയിലിലടക്കപ്പെടുകയായിരുന്നു.

1984 ഒക്ടോബർ 31 ന് പ്രധാനമന്ത്രിയായിരിക്കെ തന്റെ സുരക്ഷാ ഉദ്യോഗസ്ഥരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. മരിക്കുന്നതിന് തലേന്ന് ഒഡീഷയിലെത്തി ഇന്ദിര നടത്തിയ പ്രസംഗം തന്റെ മരണം മുന്നിൽ കണ്ട് തന്നെയായിരുന്നു എന്ന് സംശയിക്കുന്ന തരത്തിലായിരുന്നു.

Indira death” ഇന്ന് ഞാൻ ജീവനോടെയുണ്ട്. നാളെ അങ്ങനെ ആയിരിക്കണമെന്നില്ല. എന്റെ അവസാന ശ്വാസം വരെയും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കും. എന്റെ അവസാന തുള്ളി രക്തവും രാജ്യത്തെ ശക്തിപ്പെടുത്താൻ ഉപയോഗിക്കുമെന്ന് ഞാൻ ഉറപ്പ് നൽകുന്നു. രാജ്യ സേവനത്തിന്റെ പേരിൽ ജീവൻ വെടിയേണ്ടി വന്നാലും ഞാൻ അഭിമാനിക്കും. എന്റെ ഓരോ തുള്ളി രക്തവും രാജ്യത്തിന്റെ ശാക്തീകരണത്തിന് വേണ്ടി മാത്രമായിരിക്കും…” ഇന്ദിര ഗാന്ധി, മരിക്കുന്നതിന് തലേന്ന് ഒഡീഷയിൽ നടത്തിയ പ്രസംഗത്തിൽനിന്ന്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here