Advertisement

അഴിമതി അർബുദം പോലെ വെല്ലുവിളി; മുഖ്യമന്ത്രി

January 20, 2017
Google News 0 minutes Read
pinarayi vijayan

നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു അഴിമതിയും തീരുമാനങ്ങൾ എടുക്കുന്നതിലും നടപ്പാക്കലിലും ഉണ്ടാകുന്ന കാലതാമസവുമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നാൾക്കുനാൾ അഴിമതി രാജ്യത്ത് അർബുദം പോലെ വ്യാപിക്കുന്നത് നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. ആധുനികഭരണസംവിധാനം അഴിമതിയ്ക്കവസരം ഉണ്ടാക്കുകയും അതുവഴി പല വികസനപദ്ധതികളും ജനോപകാരപ്രദമല്ലാതാക്കി തീർക്കുകയും ചെയ്യുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുക എന്നുളളതാണ് ഈ സർക്കാരിന്റെ നയം. അതിന്റെ ഭാഗമായാണ് ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സർക്കാർ നടപടി സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്‌കൂൾ പാഠ്യപദ്ധതിയിൽതന്നെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങൾ ഉൾപ്പെടുത്തുവാൻ നടപടികൾ സ്വീകരിക്കും. വിവരാവകാശ നിയമം കൂടുതൽ പേരിൽ എത്തിക്കുവാൻ കൂടുതൽ ഊർജിതമായ ശ്രമങ്ങൾ നടത്തുമെന്നും അദ്ദേഹം മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം

നമ്മുടെ സംസ്ഥാനത്തിന്റെ ഏറ്റവും വലിയ ശത്രു അഴിമതിയും തീരുമാനങ്ങള്‍ എടുക്കുന്നതിലും നടപ്പാക്കലിലും ഉണ്ടാകുന്ന കാലതാമസവുമാണ്. നാള്‍ക്കുനാള്‍ അഴിമതി രാജ്യത്ത് അര്‍ബുദം പോലെ വ്യാപിക്കുന്നത് നമ്മുടെ ഭരണവ്യവസ്ഥയ്ക്ക് വലിയ വെല്ലുവിളിയാണ്. ആധുനികഭരണസംവിധാനം അഴിമതിയ്ക്കവസരം ഉണ്ടാക്കുകയും അതുവഴി പല വികസനപദ്ധതികളും ജനോപകാരപ്രദമല്ലാതാക്കി തീര്‍ക്കുകയും ചെയ്യുന്നുവെന്നത് പൊതുവേ എല്ലാവര്‍ക്കുമറിയാവുന്ന ഒരു കാര്യമാണ്.

അഴിമതിരഹിതവും സുതാര്യവുമായ ഭരണം നടപ്പിലാക്കുക എന്നുളളതാണ് ഈ സര്‍ക്കാരിന്റെ നയം. അതിന്റെ ഭാഗമായാണ് ഭരണരംഗം ശുദ്ധീകരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നത്. ഈ പശ്ചാത്തലത്തില്‍ അഴിമതിരഹിതമായ ഭരണസംവിധാനം നിലനിര്‍ത്തുന്നതിന് ഈ നിയമത്തിന് കാര്യമായ തോതില്‍ സഹായിക്കാനാവും. സുതാര്യവും അഴിമതിരഹിതവുമായി കാര്യങ്ങള്‍ നടക്കണം. രേഖകള്‍ ഇരുമ്പുമറയ്ക്കപ്പുറത്താവേണ്ട കാര്യമില്ല. പൊതുജീവിതത്തിലെ ശുദ്ധി നിലനിര്‍ത്താനുള്ള സുതാര്യതയാണ് വിവരാവകാശ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്.

സംസ്ഥാന വിവരാവകാശ കമ്മീഷനില്‍ ഇപ്പോള്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ മാത്രമേയുള്ളു എന്നുള്ളത് യാഥാര്‍ത്ഥ്യമാണ്. 5 കമ്മീഷണര്‍മാരുടെ കുറവ് ഹൈക്കോടതി ഇടപെടലുകളുമായി ബന്ധപ്പെട്ടതുകൊണ്ടാണ് വൈകുന്നത്. അത് എത്രയുംവേഗം പരിഹരിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കും. ചീഫ് ഇന്‍ഫര്‍മേഷന്‍ കമ്മീഷണര്‍ നടത്തുന്ന പ്രവര്‍ത്തനം അഭിനന്ദനാര്‍ഹമാണ്. വിവരാവകാശ കമ്മീഷന്റെ ആസ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് അനുകൂലമായ സമീപനമാണുള്ളത്.

വിവരാവകാശ നിയമം കൂടുതല്‍ ഫലപ്രദമായി നടപ്പാക്കുന്നതിന് വിവരാവകാശ കമ്മീഷനെയും വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന രീതിയിലുള്ളൊരു സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നത് സംബന്ധിച്ച് കമ്മീഷന്‍ ചെയര്‍മാന്‍ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. അക്കാര്യത്തില്‍ വിശദമായ ഒരു രൂപരേഖ നല്‍കുന്ന മുറയ്ക്ക് സര്‍ക്കാര്‍ അക്കാര്യം പരിശോധിക്കും. അതുവഴി വിവരാവകാശ നിയമം കൂടുതല്‍ പേരിലെത്തിക്കാന്‍ നമുക്ക് കഴിയും. ഈ സംവിധാനം നമുക്ക് ശക്തമാക്കിയേ പറ്റൂ.

സ്കൂള്‍ പാഠ്യപദ്ധതിയില്‍തന്നെ വിവരാവകാശ നിയമത്തെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഉള്‍പ്പെടുത്തുവാന്‍ നടപടികള്‍ സ്വീകരിക്കും. വിവരാവകാശ നിയമം കൂടുതല്‍ പേരില്‍ എത്തിക്കുവാന്‍ കൂടുതല്‍ ഊര്‍ജിതമായ ശ്രമങ്ങള്‍ നടത്തും.

ഒരു ഭരണകൂടം നിലനില്‍ക്കുന്നതും പ്രവര്‍ത്തിക്കുന്നതും ജനങ്ങളുടെ നികുതിപ്പണം കൊണ്ടാണ്. അതുകൊണ്ടുതന്നെ, ജനങ്ങള്‍ നല്‍കിയ നികുതിപ്പണത്തിന്റെ വിനിയോഗത്തെ സംബന്ധിച്ച് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ട്. ഇന്നലെകളില്‍ അതീവരഹസ്യമായി ചെയ്തിരുന്ന പല കാര്യങ്ങളും വെളിച്ചത്ത് കൊണ്ടുവരാനും അതുവഴി അഴിമതിക്കാരെ പൊതുജനമധ്യത്തില്‍ തുറന്നുകാട്ടാനും കുറ്റക്കാര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുവാനും ഈ നിയമത്തിലൂടെ ജനങ്ങള്‍ക്ക് കഴിഞ്ഞു. വിവരാവകാശ നിയമത്തിന്റെ പ്രസക്തി, അതുകൊണ്ടുതന്നെ, ശക്തമായി നിലനിര്‍ത്തുവുള്ള ശ്രമങ്ങള്‍ ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here