മാലിന്യം മൂടി മുട്ടാർ പുഴ; രക്ഷിക്കാനുള്ള നടപടികൾ എന്താവും ?

muttar river woman missing while washing clothes

മുട്ടാർ പുഴയിലെ മലിനീകരണം മൂലം ആയിരക്കണക്കിനാളുകളാണ് ഇപ്പോൾ കഷ്ടപ്പെടുന്നത്. പ്രദേശങ്ങളിലെ പ്രധാന കുടിവെള്ള സ്രോതസ് കൂടിയാണ് മുട്ടാർ പുഴ. ആലുവ, ചൂർണിക്കര, കളമശേരി, കടുങ്ങല്ലൂർ, ആലങ്ങാട്, ചേരാനെല്ലൂർ, വരാപ്പുഴ, കൊച്ചി കോർപറേഷൻ എന്നിവിടങ്ങളിൽ ഇവിടെ നിന്നുള്ള വെള്ളം ഉപയോഗിക്കുന്നുണ്ട്. പുഴയിൽ ഇപ്പോൾ പോളയും പായലും പുല്ലും നിറഞ്ഞിരിക്കുകയാണ്. നീരൊഴുക്കു കുറഞ്ഞതിനാൽ ഉപ്പുവെള്ളത്തിന്റെ കയറ്റവും ശക്തമാണ്.

ഏലൂർ നഗരവാസികൾക്കും പരിസര ഗ്രാമപഞ്ചായത്തുകളിലെ ജനങ്ങൾക്കും ഭീഷണിയായിക്കൊണ്ടിരിക്കുന്ന മാലിന്യത്തിൽ നിന്ന് മുട്ടാർ പുഴയെ സംരക്ഷിക്കുന്നതിന് നടപടികൾ സ്വീകരിക്കാൻ ഇന്നലെ കളക്ടറേറ്റിൽ എഡിഎം സി. കെ. പ്രകാശിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി. യോഗ തീരുമാനമനുസരിച്ച് പുഴയിലെ ഉപ്പിന്റെ തോത് കുറയ്ക്കുന്നതിനും പോളയും പായലും ഒഴുകിപ്പോകുന്നതിനും ഭൂതത്താൻകെട്ട് ഡാമിൽ നിന്ന് പത്തുദിവസം കൂടുമ്പോൾ വെള്ളം തുറന്നുവിടാൻ ആവശ്യപ്പെടും.

muttar riverകളമശേരി എസ് സി എംസി മുതൽ മഞ്ഞുമ്മൽ പാലം വരെ ആറുകിലോമീറ്ററോളം നിറഞ്ഞുകിടക്കുന്ന പോളയും പായലും നീക്കുന്നതിന് അടിയന്തിര ഫണ്ട് കണ്ടെത്തും. കൂടാതെ ഇവിടെ ഇപ്പോൾ അടിത്തട്ടിൽ അടിഞ്ഞുകൂടിയിരിക്കുന്ന ചെളി നീക്കം ചെയ്ത് ആഴം കൂട്ടുന്നതിന് പ്രത്യേക പദ്ധതി തയാറാക്കുന്ന കാര്യം പരിഗണിക്കും. പുഴയിൽ നിന്ന് ഇപ്പോൾ വെള്ളം എടുക്കുന്ന വകയിൽ വിവിധ സഥാപനങ്ങൾ 25 ലകഷത്തോളം രൂപ പ്രതിമാസം സർക്കാരിലേക്ക് അടയ്ക്കുന്നുണ്ട്. ഇതിൽ ഒരു വിഹിതം തിരിച്ചുപിടിച്ച് മാലിന്യനിർമാർജനത്തിനായി പ്രത്യേക ഫണ്ട് രൂപീകരിക്കുന്നതിന് സർക്കാരിന് നിർദേശം സമർപ്പിക്കാനും യോഗം തീരുമാനിച്ചു.

കളമശേരി നഗരസഭ വക ഡമ്പിംഗ്‌യാർഡിൽ നിന്നുള്ള മാലിന്യം പുഴയിൽ ചേരുന്നതു തടയുന്നതിനു യാർഡിനു പിന്നിലുള്ള 30 സെന്റ് സ്ഥലം കൂടി വാങ്ങി ചുറ്റുമതിൽ കെട്ടാൻ തീരുമാനമായിട്ടുണ്ട്. അതിന്റെ നിർമാണം കഴിയുന്നതും വേഗം പൂർത്തിയാക്കും. നിയമവിരുദ്ധമായി പ്രവർത്തിച്ചുകൊണ്ട് മാലിന്യം പുഴയിലേക്കു തള്ളുന്ന സ്ഥാപനങ്ങൾക്ക് മലിനീകരണ നിയന്ത്രണ ബോർഡ് വഴി നോട്ടീസ് നൽകും. പുഴയിൽ ഇപ്പോൾ വ്യാപകമായി വാഹനങ്ങൾ കഴുകുന്നുണ്ട്. ഇതു തടയും. ഇതിനായി നിരീക്ഷണം ശക്തമാക്കാൻ പോലീസിന് നിർദേശം നൽകാനും യോഗം തീരുമാനിച്ചു. ഫാക്ടിന്റെ ഉപയോഗമില്ലാത്ത ഭൂമി മലിനീകരണ സംസ്‌കരണ ആവശ്യത്തിനായി ഉപയോഗിക്കുന്നതിനായി കൂടുതൽ ആലോചനകൾ നടത്തും.

NO COMMENTS

LEAVE A REPLY