Advertisement

അതിദേശീയത അപകടം; ബഹുസ്വരത നിലനിർത്തണം: തോമസ് ഐസക്ക്

January 26, 2017
Google News 0 minutes Read
thomas isac

അതിദേശീയത അപകടമാണെന്നും രാജ്യത്തിന്റെ ബഹുസ്വരത നിലനിർത്തണമെന്നും ധനമന്ത്രി ഡോ. ടി.എം തോമസ് ഐസക്ക്. കാക്കനാട് സിവിൽസ്‌റ്റേഷൻ പരേഡ് ഗ്രൗണ്ടിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ റിപ്പബ്ലിക് ദിന സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയി പ്രഖ്യാപിച്ചിട്ട് 67 വർഷം കഴിഞ്ഞു. മതനിരപേക്ഷത, ജനാധിപത്യം, സോഷ്യലിസം എന്നിവയാണ് ഭരണഘടനയുടെ മുഖ്യ തത്വങ്ങൾ. ഇവയാകട്ടെ, നൂറ്റുണ്ടു കാലത്തെ സ്വാതന്ത്ര്യസമരകാലത്ത് ഉരുത്തിരിഞ്ഞു വന്നവയാണ്. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ തന്നെ നമ്മുടെ ദേശീയതയെന്തെന്ന് നിർണയിക്കപ്പെട്ടിരുന്നു. ആ ദേശീയതയുടെ മർമ്മം ബഹുസ്വരതയാണ്.

വിവിധ ജാതികൾ, മതങ്ങൾ, ഭാഷകൾ, പ്രദേശങ്ങൾ എന്നിവയെ ഒരൊറ്റ ദേശീയബോധത്തിന്റെ ചരടിൽ കോർത്തിണക്കുകയാണ് ചെയ്തത്. ഈ ബഹുസ്വരത കാത്തു സൂക്ഷിക്കാനും മുന്നോട്ടുകൊണ്ടു പോകാനും നമുക്ക് ഉത്തരവാദിത്തമുണ്ട്. ഇവയിലേതെങ്കിലുമൊന്നിനെ തള്ളുന്നത് ദേശീയതയല്ല, അതിദേശീയതയാണ്്. അതിദേശീയത സ്വാതന്ത്ര്യത്തിന്റെ വാതായനങ്ങളെ അടച്ചു പൂട്ടലാണെന്നും ഫാസിസത്തിലേക്കുള്ള വഴിയാെണന്നും മന്ത്രി പറഞ്ഞു.

ഭാരതമെന്നുകേട്ടാലഭിമാന പൂരിതമാകണമെന്നും കേരളമെന്നു കേട്ടാൽ ഞരമ്പുകളിൽ ചോര തിളയ്ക്കണമെന്നും മഹാകവി വള്ളത്തോൾ പാടിയപ്പോൾ പറവൂരെന്നു കേട്ടാലെന്തു ചെയ്യണം എന്നാണ് കേസരി ബാലകൃഷ്ണപ്പിള്ള ചോദിച്ചത്. ഈ ചോദ്യം വളരെ പ്രസക്തമാണ്. ഇന്ത്യയുടെ ബഹുസ്വരത മതം, സംസ്ഥാനം തുടങ്ങിയവയിൽ ഒതുങ്ങുന്നില്ല. അത് താഴേത്തട്ടിലേക്ക് വ്യാപിച്ചിരിക്കുന്നു. ഓരോ പ്രദേശത്തെ ഭരണസംവിധാനവും ശാക്തീകരിക്കപ്പെടേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ജനകീയാസൂത്രണം കേരളത്തിൽ രണ്ടു പതിറ്റാണ്ടു മുമ്പ് പരീക്ഷിച്ചത്.

ആസൂത്രണത്തിലൂന്നിയുള്ള ഒന്നാംഘട്ടത്തിനു ശേഷം നിർവഹണത്തിലൂന്നിയുള്ള ജനകീയാസൂത്രണം രണ്ടാംഘട്ടം നടപ്പിലാക്കാൻ സർക്കാർ തുടക്കമിട്ടിട്ടുണ്ട്. പൊതുവിദ്യാലയങ്ങളും ആശുപത്രികളും മറ്റും മികവിന്റെ തലത്തിലേക്കുയർത്തുക, ജലസമ്പത്ത് സംരക്ഷിച്ച് വരൾച്ച തടയുക, കാർഷികസംസ്‌കാരം തിരിച്ചു പിടിക്കുക തുടങ്ങി ഒട്ടേറെ പ്രവർത്തനങ്ങളിൽ വൻ ജനകീയമുന്നേറ്റമാണ് നടക്കുന്നത്. വിദ്യാസമ്പന്നരായ യുവജനങ്ങൾക്ക് തൊഴിലവസരം നല്കുന്ന നവകേരളം വേണം. പുതിയ തൊഴിലവസരങ്ങളും പശ്ചാത്തലമേഖലയിൽ വൻ നിക്ഷേപവും ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുമെന്നും ഡോ. ടി.എം തോമസ് ഐസക്ക് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here