Advertisement

എറണാകുളത്ത് കയ്യേറിയ പുറമ്പോക്ക് ഭൂമി തിരിച്ചെടുക്കാൻ പദ്ധതി

January 29, 2017
Google News 0 minutes Read
CHILAVANNOOR

കയ്യേറിയ പുറമ്പോക്കു ഭൂമിയും ജലസ്രോതസ്സുകളും തിരിച്ചെടുക്കുമെന്ന് ജില്ലാ വികസനസമിതി. വിവിധ മേഖലകളില്‍ ഇത്തരം കയ്യേറ്റങ്ങള്‍ പരിശോധിച്ച് കണ്ടെത്തി കര്‍ശനനടപടികള്‍ സ്വീകരിക്കാന്‍ തഹസീല്‍ദാര്‍മാരെയും വില്ലേജ് ഓഫീസര്‍മാരെയും യോഗം ചുമതലപ്പെടുത്തി. ജില്ലാ കളക്ടര്‍ കെ. മുഹമ്മദ് വൈ.സഫീറുള്ളയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന ജില്ലാ  വികസന സമിതി യോഗത്തില്‍ പി.ടി തോമസ് എംഎല്‍എയാണ് ഇടപ്പള്ളിത്തോട്, ചിലവന്നൂര്‍ കനാല്‍ എന്നിവിടങ്ങളിലെ കയ്യേറ്റം സംബന്ധിച്ച വിഷയം ഉന്നയിച്ചത്. തോടുകള്‍, പുഴകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ സംരക്ഷിക്കാന്‍ ജനപ്രതിനിധികളെ ഉള്‍പ്പെടുത്തി സംരക്ഷണസമിതിയുണ്ടാക്കും.

ജലസ്രോതസ്സുകള്‍ മലിനമാക്കുന്നത് തടയാന്‍ കര്‍ശനനടപടികള്‍ സ്വീകരിക്കും. കുടിവെള്ളത്തിനായി ജില്ലയിലെ ജനങ്ങള്‍ പ്രധാനമായും  ആശ്രയിക്കുന്ന പെരിയാറും മൂവാറ്റുപുഴയാറും ജൈവ വൈവിധ്യമേഖലയായി പ്രഖ്യാപിക്കാന്‍ ജില്ലാ വികസനസമിതി ശുപാര്‍ശ ചെയ്തു. ഇങ്ങനെ പ്രഖ്യാപിക്കുന്നതിലൂടെ പുഴകള്‍ക്കാവശ്യമായ സംരക്ഷണം ലഭിക്കും.

പ്‌ളാസ്റ്റിക്, അറവുമാലിന്യം, കക്കൂസ് മാലിന്യം തുടങ്ങിയവ കെട്ടിക്കിടക്കുന്ന മൂവാറ്റുപുഴയാറില്‍ ജില്ലയിലെ നാലു പ്രധാന പദ്ധതികളാണുള്ളത്. പത്ത്‌ലക്ഷത്തിലധികം  ആളുകള്‍ക്ക് കുടിവെള്ളം നല്കുന്ന ഈ പുഴ മാലിന്യമുക്തമാക്കാന്‍ സ്ഥിരം സംവിധാനമേര്‍പ്പെടുത്തണമെന്ന് പിറവം നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജില്‍സ് പെരിയപ്പുറം പറഞ്ഞു. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയാറില്‍ നിന്നും ഒന്നരടണ്‍ പ്‌ളാസ്റ്റിക് മാലിന്യം ശേഖരിച്ചിട്ടുണ്ട്. ഈ പ്‌ളാസ്റ്റിക് മാലിന്യം ശുചിത്വമിഷന്റെ നേതൃത്വത്തില്‍ ഒഴിവാക്കാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്കി.

ജലസ്രോതസ്സുകള്‍ മലിനപ്പെടുന്നതു തടയാന്‍ പോലീസും മലിനീകരണനിയന്ത്രണ ബോര്‍ഡും തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുടെ  ആരോഗ്യവിഭാഗവും കാര്യക്ഷമമായി ഇടപെടണമെന്ന് പിടി തോമസ് എംഎല്‍എ പറഞ്ഞു. മലിനമാക്കുന്നവര്‍ക്കെതിരെ നടപടി കൈക്കൊണ്ടില്ലെങ്കില്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയുണ്ട്. എംഎല്‍എമാരായ എല്‍ദോ എബ്രഹാം, അനൂപ് ജേക്കബ്, റോജി എം ജോണ്‍, ജോണ്‍ ഫെര്‍ണാണ്ടസ് എന്നിവരും ജലസ്രോതസ്സുകള്‍  മലിനമാക്കുന്നതിരെ കര്‍ശന നടപടി വേണമെന്നാവശ്യപ്പെട്ടു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here