കട്ടപ്പനയിലെ ഹൃത്വിക് റോഷൻ ഒടുവിൽ ഒറിജിനൽ ഹൃത്വിക് റോഷനെ കണ്ടു ! ശേഷം സംഭവിച്ചത് പൊട്ടിച്ചിരിപ്പിക്കുന്ന മറ്റൊരു കഥ

- ബിന്ദിയ മുഹമ്മദ്

vishnu unnikrishnan meets hrithik roshan finally at lulu

ലോകമെമ്പാടുമുള്ള യുവാക്കൾ ഫെബ്രുവരി 14 ആകാൻ അക്ഷമയോടെ കാത്തിരിക്കുമ്പോൾ നമ്മുടെ കൊച്ചിക്കാരൻ വിഷ്ണു ഉണ്ണികൃഷ്ണൻ മാത്രം കാത്തിരുന്നത് ഫെബ്രുവരി 2 ന് വേണ്ടിയാണ്. കാരണം അന്നാണല്ലോ തന്റെ ഏറെ നാളത്തെ ആഗ്രഹം സഫലമാകാൻ പോകുന്നത്.

പറയുന്നത് നമ്മുടെ കട്ടപ്പനയിലെ ഹൃത്വിക് റോഷനെ കുറിച്ചാണ്. ബോളിവുഡ് താരം
ഹൃത്വിക് റോഷനെ കാണണം എന്നത് വിഷ്ണുവിന്റെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു. ഏറെ പ്രതീക്ഷകളോടെയാണ് വിഷ്ണു ഒറിജിനൽ ഹൃത്വിക് റോഷനെ കാണാൻ പോയത്. കാബിൽ താരം കൊച്ചിയിൽ എത്തുന്നു എന്ന വിവരം അറിഞ്ഞപ്പോൾ മുതൽ വിഷ്ണു അക്ഷമനായാണ് ഈ ദിവസത്തിന് വേണ്ടി കാത്തിരുന്നത്.

ഒടുവിൽ ആ ദിനം വന്നെത്തി. ഫെബ്രുവരി 2. പതിവിലും നേരത്തെ തന്നെ വിഷ്ണു ഉറക്കമുണർന്നു. ഹൃത്വിക് റോഷനുമായി സംസാരിക്കാൻ തലേദിവസം തന്നെ വിഷ്ണു അൽപ്പം ഹിന്ദിയൊക്കെ പഠിച്ച് വച്ചിരുന്നു. ഏറ്റവും നല്ല ഷർട്ട് നോക്കി തന്നെ വിഷ്ണു ധരിച്ചു. പൗഡർ, പെർഫ്യൂം തുടങ്ങി അവസാനവട്ട മിനുക്ക് പണികളും കഴിഞ്ഞ് കണ്ണാടിയിൽ നോക്കിയ വിഷ്ണുവിന്റെ മുഖത്ത് തികഞ്ഞ ആത്മാവിശ്വാസം. എന്നിരുന്നാലും ഹൃത്വികിനെ കാണുന്നതിന്റെ ആകാംക്ഷയും ആശങ്കയുമെല്ലാം ഉള്ളിൽ ഉണ്ടായിരുന്നു.

പിന്നെ വണ്ടി നേരെ ഇടപ്പള്ളി ലുലുമാളിലേക്ക്. ലുലുവിലെ റാഡോ വാച്ചിന്റെ ഉദ്ഘാടനത്തിനായി എത്തിയതാണ് ഹൃത്വിക്കും സംഘവും. നോക്കിയപ്പോൾ ലുലുവിൽ ഭയങ്കര തിരക്ക്. ജനസാഗരം മൂലം റാഡോയുടെ ഷോറൂമിനടുത്തേക്ക് അടുക്കാൻ പോലുമാകുന്നില്ല വിഷ്ണുവിന്. ഹൃത്വിക്കുമായി ഇത്തവണ സംസാരിക്കാനാവില്ലെന്ന് വിഷ്ണുവിന് മനസ്സിലായി. ഒടുക്കം തിക്കി തിരക്കി അൽപ്പം അകലെ നിന്ന് വിഷ്ണു ഹൃത്വിക്കിനെ കണ്ടു.

ട്വിസ്റ്റ്….

തന്റെ പ്രിയതാരവുമായി അടുത്ത തവണ സംസാരിക്കാം എന്ന പ്രതീക്ഷയിൽ തിരിഞ്ഞ് നടന്നപ്പോഴാണ് വിഷ്ണുവിനെ തിരിച്ചറിഞ്ഞ ആൾക്കൂട്ടം ഹൃത്വിക് റോഷനെ വിട്ട് കട്ടപ്പനയിലെ ഹൃത്വിക് റോഷന് ചുറ്റും കൂടിയത്. വിഷ്ണുവിനെ പോലെ ഹൃത്വിക്കിനോടൊപ്പം സെൽഫി എടുക്കാൻ സാധിക്കത്തവർ കട്ടപ്പനയിലെ ഹൃത്വിക് റോഷനോടൊപ്പം സെൽഫി എടുക്കാൻ മത്സരിച്ചു ! ഒടുവിൽ തന്റെ ആരാധകരോട് നന്ദി പറഞ്ഞ് വിഷ്ണു വീട്ടിലേക്ക് മടങ്ങി.

കഥ പറയുമ്പോൾ വിഷ്ണു ചിരിക്കുകയായിരുന്നു. ഹൃത്വിക്കിനോട് സംസാരിക്കാൻ കഴിയാത്തതിന്റെ നിരാശയൊന്നും വിഷ്ണുവിന് ഇല്ല. തന്റെ മോഹം ഒരിക്കൽ പൂവണിയുമെന്ന വിശ്വാസത്തിലാണ് വിഷ്ണു…

vishnu unnikrishnan meets hrithik roshan finally at lulu

NO COMMENTS

LEAVE A REPLY