Advertisement

നാരായണൻ നായരിൽ നിന്ന് സി പി ഐ കൈക്കൂലി വാങ്ങിയത് നീണ്ട അൻപത് വർഷം

February 3, 2017
Google News 2 minutes Read

ഒരു ബാച്ചിൽ 25 പേർക്ക് സി.പി.ഐ.അഡ്മിഷൻ; എ.ഐ.എസ്.എഫ്. നടത്തുന്നത് ഇരട്ടത്താപ്പ്
ലോ അക്കാദമി സമരത്തിൽ എ ഐ എസ് എഫിന്റേത് ഇരട്ടത്താപ്പ്. ലോ അക്കാദമി മാനേജ്‌മെന്റിന്റെ എല്ലാ ആനുകൂല്യങ്ങളും വാത്സല്യവും കഴിഞ്ഞ 50 വർഷമായി അനുഭവിച്ചു വരുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ പാർട്ടി സി പി ഐയും , കൂടുതൽ അഡ്മിഷൻ നേടുന്നത് എ ഐ എസ് എഫും ആണ്.

എം.എൻ. സ്മാരകത്തിൽ നിന്നും വരുന്ന പാർട്ടി ലിസ്റ്റ്

cpi law academy

സി പി ഐയുടെ ആസ്ഥാനമായ എം എൻ സ്മാരകത്തിൽ നിന്നും ഓരോ വർഷവും ഓരോ ബാച്ചിലേക്കും അഡ്മിഷൻ നൽകേണ്ട കുട്ടികളുടെ പേരുകൾ നൽകും. വെളിയം ഭാർഗവൻ പാർട്ടിയുടെ തലപ്പത്തിരുന്ന കാലയളവിൽ മാത്രമാണ് പാർട്ടി സെക്രട്ടറിക്ക് പകരം മുതിർന്ന നേതാവ് പി കെ വാസുദേവൻ നായരുടെ ഒപ്പിൽ പാർട്ടി ലെറ്റർ പാഡിൽ ആണ് ഈ പട്ടിക വന്നിരുന്നത്.

ത്രീ ടൈപ്പ്‌സ് ഓഫ് പട്ടിക

ലെറ്റർ പാഡിൽ എഴുതി നൽകുന്ന ലിസ്റ്റ് 3 തരത്തിലാണ്. ആദ്യ പട്ടികയിൽ 15 പേരുകൾ ഉണ്ടാകും. യൂണിവേഴ്‌സിറ്റി അനുശാസിക്കുന്ന ഏറ്റവും കുറഞ്ഞ മാർക്ക് നേടിയിട്ടുണ്ടെങ്കിൽ ഈ 15 പേർക്കും ഡോ. എൻ നാരായണൻ നായർ അഡ്മിഷൻ നൽകും. കാരണം പാർട്ടിയുടേയോ പാർട്ടിയുടെ ബഹുജന സംഘടനയുടെയോ സംസ്ഥാന -ജില്ലാ നേതാക്കളാകും ഇവരിൽ അധികവും.

രണ്ടാമത്തെ ലിസ്റ്റിൽ 10 പേരുണ്ടാകും. ഇവരെ എടുക്കണമെന്ന് നിർബന്ധമില്ല. വിവിധ മേഖലകളിൽ നിന്നും പാർട്ടിയിലെ പാമരന്മാർ അവരുടെ മക്കൾക്കായി പാർട്ടിയെ സമീപിക്കുമ്പോൾ നിവർത്തികേട്‌ കൊണ്ട് വഴിപാടു നടത്തുന്ന ലിസ്റ്റ് ആണിത്. അതെ സമയം ചില സാഹചര്യങ്ങൾ വിലയിരുത്തി ഇവരിൽ ചിലർക്കും നാരായണൻ നായർ അഡ്മിഷൻ നൽകും.

മൂന്നാമത്തെ പട്ടിക ഓരോ ബാച്ചിലും അഞ്ചു പേരെ നിർദേശിക്കും. ഇത് പക്ഷെ ലെറ്റർപാഡിൽ അല്ല. മിക്കവാറും ഒരു വെള്ള പേപ്പറിൽ നൽകുന്ന അഞ്ചു പേരുകളാണ് അത്. ഇതിന്റെ എണ്ണം പലപ്പോഴും ഫോണിൽ വിളിച്ചു ഉറപ്പിക്കുന്നതനുസരിച്ച് മാറുകയും ചെയ്യും. അവസാന അഞ്ചു പേര് സി പി ഐ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അന്നദാതാക്കൾക്കായി മാറ്റിവയ്ക്കും. ഈ കോൺവെന്റ് കുഞ്ഞുങ്ങൾക്ക് എ ഐ എസ് എഫ് എന്നതിന്റെ പൂർണ്ണ രൂപമോ സി പി ഐ എന്നൊരു രാഷ്ട്രീയ സംഘടനയെയോ അറിയുക പോലുമില്ല. കൃത്യമായ ഉപകാരസ്മരണയ്ക്കായി കാലാകാലങ്ങളായി ഈ അവസാന ലിസ്റ്റ് അവർ പ്രയോജനപ്പെടുത്തുന്നു.

ഇപ്പോഴത്തെ യൂത്ത് ഫെഡറേഷൻ നേതാക്കളിൽ ഏറെയും കടന്നുകൂടിയത് നാരായണ അനുഗ്രഹത്തിൽ

cpi story

ഡോ.എൻ.നാരായണൻ നായർ കനിഞ്ഞു അനുഗ്രഹിച്ച് അക്കാദമിയുടെ പടികടന്ന് പോയ സി പി ഐ കുഞ്ഞുങ്ങളിൽ സംസ്ഥാനത്തെ മന്ത്രിയും എം.എൽ.എ.മാരും വലിയ നേതാക്കളുടെ മക്കളും ഒക്കെയുണ്ട്. വിരലിൽ എണ്ണാവുന്ന ദിവസങ്ങളിൽ പോലും ഇക്കൂട്ടരിൽ പലരും ക്ലാസ്സിൽ പോലും കയറില്ല. പരീക്ഷയുടെ ഭാഗമായുള്ള മൂട് കോർട്ടും , അസൈന്മെന്റും ഇവർ തയ്യാറാക്കി നൽകിയിട്ടില്ല. എന്നിട്ടും കടമ്പ കടന്നവരുടെ കൂടി കമ്മിറ്റികളാണ് സമരത്തെ തുണയ്ക്കുന്നത്.

സി പി ഐ അഭിഭാഷകൻ ജയശങ്കർ പറയുന്നത് പി എസ് ശ്രീനിവാസൻ (അദ്ദേഹത്തോട് പറഞ്ഞതായി ) ചില സഹായങ്ങൾ നിഷേധിച്ചതോടെ നാരായണൻ നായർ സി പി ഐയുടെ ശത്രു ആയി എന്നാണ്. പക്ഷെ സി പി ഐ ലിസ്റ്റ് ഇക്കഴിഞ്ഞ അക്കാദമിക് വർഷവും എം എൻ സ്മാരകത്തിൽ നിന്നും നൽകിയിട്ടുണ്ട്. ജയശങ്കർ അടക്കം സി പി ഐ പ്രധാനികളിൽ പലരും പി. എസ്. റവന്യൂ മന്ത്രി ആയിരിക്കുമ്പോഴും മരിക്കുമ്പോഴും വള്ളിനിക്കറിട്ടു സ്‌കൂളിൽ പഠിക്കുന്നവരാണ്. ഇക്കൂട്ടർ അക്കാദമിയിൽ എൽ എൽ ബി പഠിച്ചതാകട്ടെ പി എസ് മരിച്ചു വർഷങ്ങൾക്ക് ശേഷം. സർക്കാർ കൂടുതൽ കർശനമായി മാനേജ്‌മെന്റ് സീറ്റുകളിൽ പിടിമുറുക്കും വരെ ലിസ്റ്റും സി പി ഐ അനുപാതവും മേൽ സൂചിപ്പിച്ചതോ അതിൽ കൂടുതലോ ആയി തന്നെ നാരായണൻ നായർ നൽകി വരുന്നുണ്ടായിരുന്നു. എണ്ണം കുറഞ്ഞെങ്കിലും ഇപ്പോഴും അത് തുടരുന്നു.

നിലവിലെ എ.ഐ.വൈ.എഫ്. ജില്ലാ- സംസ്ഥാന – ദേശീയ നേതാക്കളൊക്കെ പഠിച്ചു പാസ്സായി എന്നവകാശപ്പെടുന്ന പരീക്ഷകളുടെയൊക്കെ പേപ്പർ ഇപ്പോഴും യൂണിവേഴ്‌സിറ്റിയിൽ കാണും. അതൊക്കെ ഒന്നെടുത്ത് നോക്കിയാൽ ഇതൊക്കെ ഏതു രാജ്യത്തെ നിയമം എന്നോർത്ത് നമ്മൾ മൂക്കത്തു വിരൽ വയ്ക്കും. ഇവരുടെ അസ്സൈന്മെന്റ് , മുട്ട് മെമ്മോറിയൽ തുടങ്ങി ഒരൊറ്റ സാധനവും അക്കാദമി അലമാരകളിൽ തിരഞ്ഞാലും കിട്ടില്ല. ഭൂമി തിരിച്ചു പിടിച്ചാൽ മാത്രം പോരാ , നാരായണൻ നായർ ഇവർക്കായി വഴിവിട്ടു ചെയ്ത ഈ ഉപകാരത്തിന്റെ കഥകൾ കൂടി എടുത്തു വെളിയിലിടണം. എ ഐ വൈ എഫ് നേതാക്കൾ ഇനി ചാനൽ ചർച്ചകളിൽ പോയിരുന്നു നാരായണൻ നായരുടെ കൊള്ളരുതായ്മകൾ വിളിച്ചു പറയുമ്പോൾ മുൻഗാമികളൊക്കെ നേടിയ സർട്ടിഫിക്കറ്റുകളൊക്കെ എടുത്തു കൊണ്ട് പോകണം. അവിടെ അത് കീറിയെറിയണം. എന്നിട്ടു അവർ അനുഭവിക്കുന്ന സ്ഥാനങ്ങൾ ത്യജിക്കാൻ ചാനൽ കോളാമ്പിയിൽ കൂടി ആവശ്യപ്പെടണം.

പ്രമുഖ പ്രശസ്തർ- എ ഐ എസ് എഫ് വേർഷൻ

വി എസ് സുനിൽകുമാർ -മന്ത്രി
കെ രാജൻ- എം എൽ എ
വി ആർ സുനിൽകുമാർ – എം എൽ എ
ബിജി മോൾ – എം എൽ എ
എൻ.രാജൻ – എക്സ് എം എൽ എ
പി എസ് സുപാൽ – എക്സ് എം എൽ എ

എ ഐ വൈ എഫ്/ സി പി ഐ നേതാക്കൾ

സന്തോഷ് കുമാർ -കണ്ണൂർ
വേണുഗോപാൽ – കൊല്ലം
സാം കെ ഡാനിയൽ
മനോജ് ചരളേൽ
കെ പി ജയചന്ദ്രൻ
ശശി -കൊല്ലം
രാധാകൃഷ്ണൻ പെരുമ്പള
സന്തോഷ് കേശവ്
ചിത്ര ഭാനു
കല്ലമ്പലം രാജീവ്
റാസി

പ്രമുഖ മക്കൾ

പന്ന്യൻരവീന്ദ്രന്റെ മകൻ
എസ് കുമാറിന്റെ മകൾ
പി കെ വി യുടെ മകൻ
പി കെ വി യുടെ അനന്തരവൾ
മീനാക്ഷി തമ്പാന്റെ മകൻ
ഇ ചന്ദ്രശേഖരൻ നായരുടെ അനിയൻ
ബി എം ഷെരീഫിന്റെ മകൾ
വി തങ്കയ്യയുടെ മകൾ
സി ഉണ്ണിരാജയുടെ സഹോദരന്റെ മകൻ
കാനം രാജേന്ദ്രന്റെ നിരവധി ബന്ധുക്കൾ
പന്ന്യൻരവീന്ദ്രന്റെ നിരവധി ബന്ധുക്കൾ

( ലിസ്റ്റ് ഒരിക്കലും അവസാനിക്കില്ല.)

ഇവരിൽ ചിലർ പഠിക്കാൻ സമർത്ഥർ ആണ്. ചിലർ കേരളത്തിലെ ഒന്നാം നിര അഭിഭാഷകരുമാണ്. അതെ സമയം തെരഞ്ഞെടുപ്പിൽ ചുവരെഴുത്തിനു ‘അഡ്വക്കേറ്റ്’ എന്ന് പ്രയോഗിക്കാൻ വേണ്ടി മാത്രം എൽ എൽ ബി എടുത്തവരാണ് വഴിവിട്ടു സഹായങ്ങൾ തേടിയത്. ഒരേ കാലഘട്ടത്തിൽ ( 1990 – 2000 ) എ ഐ എസ് എഫിന്റെ സംസ്ഥാന സമിതിയിലുള്ള 15 – 20 പേരൊക്കെ ഈ ക്യാമ്പസ്സിൽ ഉണ്ടായിരുന്നു. ഇവരാരും കൃത്യമായ ഹാജർ പോയിട്ട് കോളേജ് കണ്ടിട്ട് പോലുമില്ല. എം എൻ ഗോവിന്ദൻ നായർ ഭൂമി ലഭിക്കാൻ സഹായിച്ചതിന്റെ കൈക്കൂലി ആയി; അവകാശമായി തന്നെയാണ് സി പി ഐ ഈ സൗകര്യം അനുഭവിച്ചത്‌. എണ്ണം കുറഞ്ഞെങ്കിലും ഇപ്പോഴും അനുഭവിക്കുന്നത്. കേരളത്തിൽ ഒരിടത്തും ഇല്ലാത്ത ശക്തി എ ഐ എസ് എഫ് നു ഈ കാമ്പസ്സിൽ ഉണ്ടാകുന്നതെങ്ങനെയെന്ന് ചിന്തിച്ചാൽ മതി.

ചുരുക്കത്തിൽ സി പി ഐ നടത്താതെ നടത്തി വന്ന കോളേജ് ആണ് ലോ അക്കാദമി. ഇപ്പോൾ സർക്കാർ നിയന്ത്രണങ്ങൾ വന്നതോടെ പഴയതു പോലെ അഡ്മിഷനുകൾ നൽകാൻ നാരായണൻ നായർക്ക് കഴിയുന്നില്ല. അതോടെ നിയമപഠന മോഹം ഉപേക്ഷിക്കേണ്ടി വന്ന പുതിയസി പി ഐ / എ ഐ എസ് എഫ് / എ ഐ വൈ എഫ് നേതാക്കളാണ് ഇപ്പോൾ സമരം നടത്തുന്നത് എന്നത് ചരിത്രത്തെയും അവരുടെ മുൻഗാമികൾ ചെയ്ത കളങ്കത്തെയും മനഃപൂർവ്വം മറന്നുള്ളതാണ്‌. ഈ വിരോധാഭാസം എ ഐ എസ് എഫിന്റെ ഇരട്ടത്താപ്പാവുന്നതും അങ്ങനെയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here