ലക്ഷ്മി നായർ നടത്തിയ ജാതി അധിക്ഷേപത്തിൽ ഉടൻ നടപടി വേണം: കാനം

kanam

ലോ അക്കാദമി ലോ കോളേജ് പ്രിൻസിപ്പൽ ലക്ഷ്മി നായർ നടത്തിയ ജാതി അധിക്ഷേപത്തിൽ ഉടൻ നടപടി വേണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. പരാതിയിൽ ഇതുവരെയും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും വിഷയത്തിൽ ഇനിയും നടപടി എടുത്തില്ലെങ്കിൽ നിയമപരമായ വഴി നോക്കേണ്ടി വരുമെന്നും കാനം ഫേസ്ബുക്കിൽ കുറിച്ചു.

പോസ്റ്റിന്റെ പൂർണ്ണ രൂപം

ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് ചിലത് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു ..
ലോ അക്കാദമിയിൽ നടക്കുന്നത് വിദ്യാർത്ഥികളുടെ സമരം ആണ് . കോളേജിലെ പെൺകുട്ടികളുടെ കൂട്ടായ്മയും എ ഐ എസ് എഫ് , കെ എസ് യു , എം എസ് എഫ് വിദ്യാർത്ഥി സംഘടനകളും സംയുക്തം ആയാണ് ഈ സമരം ആരംഭിച്ചത് . ആ സമരം അവസാനിപ്പിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അവിടത്തെ വിദ്യാർത്ഥികൾ ആണ് . വിദ്യാർത്ഥികൾ നടത്തുന്ന ന്യായമായ ഈ സമരത്തിന് കമ്മ്യുണിസ്റ്റ് പാർട്ടിയുടെ പൂർണ്ണമായ പിന്തുണ ഉണ്ട് . 1968 ഇൽ ആണ് ലോ അക്കാദമിക്ക് ഭൂമി നൽകുന്നത് .അന്ന് ഇ എം എസ് മുഖ്യമന്ത്രിയും ,സി എച്ച് മുഹമ്മദ് കോയ വിദ്യാഭ്യാസ മന്ത്രിയും , കെ ആർ ഗൗരി ‘അമ്മ റവന്യു വകുപ്പ് മന്ത്രിയും എം എൻ ഗോവിന്ദൻ നായർ കൃഷി മന്ത്രിയും ആയിരുന്നു . പിന്നീട് സ്ഥലം പതിച്ചു നൽകുമ്പോൾ കെ കരുണാകരൻ ആയിരുന്നു മുഖ്യമന്ത്രി . പി ജെ ജോസഫ് റവന്യു മന്ത്രിയും . വർഗ്ഗ ബഹുജന സംഘടനകൾ അതാത് വർഗ നിലപാടുകൾ മുൻ നിർത്തി പരസ്പര ഐക്യത്തോടെ സമരം ചെയ്ത ചരിത്രം ഇപ്പോഴും എപ്പോഴും ഉണ്ട് . ആ രീതി തന്നെ ആണ് ലോ അക്കാദമി യിലും വിദ്യാർത്ഥികൾ തുടരുന്നത് . ബി ജെ പി ഈ സമരത്തിൽ ഒരു പ്രത്യേക ഘട്ടത്തിൽ മാത്രം സമരത്തിൽ വന്നവർ ആണ് . അവരോട് യാതൊരു സഹകരണവും സി പി ഐ ക്ക് ഇല്ല . സി പി ഐ നേതാക്കൾ സമരം ചെയ്യുന്ന ബി ജെ പി നേതാവിനെ കണ്ടതിനെ വിമർശിക്കുന്നവർ സി പി ഐ രാഷ്ട്രീയത്തെ പറ്റി അറിയാത്തവർ ആണ് .ബി ജെ പി ക്കാർ അഹങ്കരിച്ചിരുന്ന ഫോട്ടോഷോപ്പ് വൈദഗ്ധ്യം തങ്ങൾക്കും ലഭിച്ചു എന്ന് മേനി നടിക്കാം എന്നതിൽ കവിഞ്ഞു അത്തരം വിമർശനങ്ങളിൽ യാതൊരു കഴമ്പും ഇല്ല . രാഷ്ട്രീയ എതിരാളികളോട് സംസാരിക്കുന്നത് “പാതകം ” ആണെന്ന് കരുതുന്ന സെക്ടേറിയൻ മനസിന് ഉടമകളും അല്ല സി പി ഐ പ്രവർത്തകർ . ലോ അക്കാദമി യുടെ ഗവേണിങ് ബോഡിയിൽ ഉള്ള നാഗരാജ് നാരായണൻ വനം വകുപ്പിന്റെ സ്‌പെഷ്യൽ ഗവണ്മെന്റ് പ്ലീഡർ ആയത് സി പി ഐ നോമിനി ആയിട്ടല്ല .അദ്ദേഹം ഏത് അഭിഭാഷക സംഘടനയുടെ ആൾ ആണെന്ന് വിമർശിക്കുന്നവർ പരിശോധിച്ച് നോക്കുന്നത് നന്നായിരിക്കും . ലോ അക്കാദമി ഭൂമിയെ സംബന്ധിച്ച് ഭരണ പരിഷ്ക്കാര ചെയർമാനും മുതിർന്ന നേതാവും ആയ സഖാവ് വി എസ് അച്യുതാനന്ദന്റെ പരാതിയിന്മേൽ 24 മണിക്കൂർ തികയുന്നതിനു മുൻപ് തന്നെ അന്ന്വേഷണം ആരംഭിച്ചിട്ടുണ്ട് .അന്ന്വേഷണ റിപ്പോർട്ട് വന്നതിനു ശേഷം ആ കാര്യത്തിൽ ഉള്ള പാർട്ടി നിലപാട് പറയും . അക്കാദമി പ്രിൻസിപ്പാൾ ജാതി അധിക്ഷേപം നടത്തി എന്ന പരാതി കൊടുത്തിട്ടുള്ളത് എ ഐ എസ് എഫ് യൂണിറ്റ് സെക്രെട്ടറി വിവേക് വിജയഗിരിയും , എക്സിക്യു്ട്ടീവ് അംഗം സെൽവനും ആണ് .ഗുരുതരമായ ആരോപണം ആണത് . ആരോപണങ്ങളിൽ നടപടി ഇത് വരെ ഉണ്ടായിട്ടില്ല എന്നാണു അറിയുന്നത് . ഇനിയും നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കാൻ പാർട്ടി നിര്ബന്ധിതമാവും . വിദ്യാർത്ഥി സമരത്തിന് ഒരിക്കൽ കൂടി അഭിവാദ്യങ്ങൾ ………

 

NO COMMENTS

LEAVE A REPLY