ജയദേവൻ എന്നെ ചിലത് ഓർമ്മിപ്പിച്ചുകൊണ്ടേയിരിക്കുന്നു

ആർ ശ്രീകണ്ഠൻ നായർ

എന്റെ പ്രിയങ്കരനായിരുന്ന സുഹൃത്തായിരുന്ന എന്‍ ജയദേവന്‍ അന്തരിച്ചിട്ട് ഒരു കൊല്ലം തികയുന്നു. ഈ ഒരു കൊല്ലത്തിനിടയില്‍ ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ജയദേവന്‍ എനിക്ക് ആരായിരുന്നു എന്ന്. കൊല്ലം ശ്രീനാരായണ കോളേജില്‍ അഞ്ച് കൊല്ലം ഞങ്ങള്‍ ഒരുമിച്ച് പഠിച്ചതാണ് ; ബിഎയ്ക്കും എംഎയ്ക്കും. ഒരേ മുറിയിലായിരുന്നു എംഎ പഠിക്കുമ്പോള്‍ താമസവും. ജയദേവനില്‍ നിന്നാണ് ഒരു പ്രത്യേക തരത്തിലെ ഒരു ഗുണം ഞാന്‍ സ്വായത്തമാക്കിയത്. വാത്സല്യം മനസില്‍ സൂക്ഷിക്കുമ്പോള്‍ തന്നെ അസന്തുഷ്ടി ഉണ്ടാക്കുന്ന കാര്യങ്ങള്‍ മുഖത്ത് നോക്കി പറയുക എന്നത് ജയദേവന്റെ ഒരു പ്രത്യേക ഗുണമായിരുന്നു. ചിലപ്പോഴൊക്കെ ചില പാതിരാ നേരങ്ങളിലൊക്കെ ഞങ്ങള്‍ സംസാരിച്ച് ഇടഞ്ഞിട്ടുണ്ട്. വഴക്കുണ്ടാക്കിയിട്ടുണ്ട്. തര്‍ക്കിച്ചിട്ടുണ്ട്. കാരണം മുഖത്ത് നോക്കി ജയദേവന്‍ കാര്യം പറയും. പിന്നെ ആലോചിച്ചപ്പോഴാണ് എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട കാര്യം എനിക്ക് മനസിലായത്. നമ്മളെ കാര്യങ്ങളറിഞ്ഞ് വിമര്‍ശിക്കുന്നവരാണ് ഏറ്റവും വാത്സല്യമുള്ള സുഹൃത്ത് എന്നത്. സ്തുതി പാടകര്‍ക്ക് ഇടയില്‍ ജീവിക്കുമ്പോള്‍ പലപ്പോഴും നമ്മള്‍ ഈ യാഥാര്‍ത്ഥ്യം മനസിലാക്കി എന്ന് വരില്ല.

പില്‍ക്കാലത്ത് മാധ്യമലോകത്ത് ചെന്ന് പെട്ടപ്പോള്‍ ജയദേവന്‍ എന്നില്‍ വളര്‍ത്തിയ ഈ ഗുണം നടപ്പാക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഓഫീസില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിക്കുമ്പോള്‍ എതിരെ നില്‍ക്കുന്ന ആളോട് മനസില്‍ ഒരു വാത്സല്യം സൂക്ഷിക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സംഭവങ്ങളുടേ പേരില്‍ പൊട്ടിത്തെറിക്കുമ്പോഴും ഉള്ളിലെ വാത്സല്യം ഞാന്‍ കെടാതെ സൂക്ഷിക്കും. ഇതൊക്കെ ജയദേവന്‍ എന്നില്‍ വരുത്തിയ സ്വാധീനമാണ്. സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായിരുന്നു ജയദേവന്‍. അന്ന് ജയദേവന്റെ പെട്ടിയും എടുത്ത് നടക്കുന്ന ആള്‍ എന്നായിരുന്നു എന്റെ മേല്‍വിലാസം. പലപ്പോഴും ജയദേവന്റെ പണം സൂക്ഷിപ്പുകാരന്‍ ഞാനായിരുന്നു. കൊല്ലത്ത് കേരള സര്‍വകലാശാല യുവജനോത്സവം നടക്കുമ്പോള്‍ ജയദേവന്‍ കാണിക്കുന്ന നേതൃത്വ പാടവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇതേ പോലൊരാളാകാന്‍ ജയദേവന് എങ്ങനെ കഴിയുന്നു… ?

എനിക്ക് ഒരു കാര്യം പെട്ടെന്ന് മനസിലായി. മണ്‍ട്രോത്തുരുത്തിലെ സാധാരണ തൊണ്ട് തല്ലി ജീവിക്കുന്ന ഒരു കുടുംബത്തിലെ അംഗമായിരുന്നു ജയദേവന്‍. പട്ടിണിയും ദാരിദ്രവും എന്തെന്ന് അറിഞ്ഞ ബാല്യവും കൗമാരം… തൊണ്ട് തല്ലിയില്ലെങ്കില്‍ അന്ന് അര്‍ദ്ധ പട്ടിണിയാകുമെന്ന അവസ്ഥയില്‍ നിന്ന് ജയദേവന്‍ കോളേജ് പ്രൊഫസറിന്റെയും സാക്ഷരതാ മിഷന്റെ ഡയറകടറിന്റേയും ഉയരങ്ങളിലേക്ക് ജയദേവന്‍ അടിവച്ച് കയറുമ്പോഴും ജയദേവനിലെ സാധാരണ മനുഷ്യന്‍ എപ്പോഴും മുന്നില്‍ തന്നെ ഉണ്ടായിരുന്നു.

DR JAYADEVAN

എന്റെ വീട്ടില്‍ എപ്പോഴും സ്വാതന്ത്ര്യം ഉണ്ടായിരുന്ന ആളായിരുന്നു ജയദേവന്‍. എനിക്ക് ഒരു സഹൃത്ത് എന്നതിനേക്കാളും ജയദേവന്‍ ആരൊക്കെയോ ആയിരുന്നു. ചിലപ്പോഴൊക്കെ ചില ആളുകള്‍ നഷ്ടപ്പെടുമ്പോഴാണ് അവരുടം പ്രസക്തി നമുക്ക് കൂടുതല്‍ മനസിലാകുക. ജയദേവന്‍ കടന്ന് പോയി കഴിഞ്ഞപ്പോള്‍ വല്ലപ്പോഴും സമയം തെറ്റിവരുന്ന ഒരു വിളി – അത് ജയദേവന്റെ ഒരു സ്വഭാവമായിരുന്നു – ആ വിളി എന്നന്നേക്കുമായി നിലച്ചു. എന്നപ്പോലെ ജയദേവനെ ഇഷ്ടപ്പെടുന്ന ഒരായിരം പേര്‍ക്ക് ഒരു പാട് കാര്യങ്ങള്‍ ജയദേവനെ കുറിച്ച് പറയാനുണ്ടാകും. നമ്മളെന്തൊക്കെ പറഞ്ഞാലും ജയദേവന്റെ അസാന്നിധ്യം മൂലം അനാഥമാക്കപ്പെട്ട ഒരു കുടുംബം കൊല്ലത്തുണ്ട്. എനിക്കുള്ളൊരു സന്തോഷം ജയദേവന്റെ കുടുംബം പ്രത്യേകിച്ച് രണ്ട് മക്കള്‍ നന്നായി പഠിക്കുന്നു. അവരൊക്കെ സമര്‍ത്ഥകളാണെന്ന് ആ പെണ്‍കുട്ടികള്‍ തെളിയിക്കുന്നു. ഒരു പക്ഷേ എവിടെയെങ്കിലും ഇരുന്ന് ജയദേവന്‍ ഇതൊക്കെ അറിയുന്നുണ്ടാകും.

ഈ സുഹൃത്തിന്റെ മരണം എന്നെ ഓര്‍മ്മപ്പെടുത്തുന്ന മറ്റൊരു കാര്യമുണ്ട്. ജീവിതത്തില്‍ നമുക്ക് വളരെ കുറച്ച് സമയമേ കിട്ടൂ അതിനിടയില്‍ ഈ നാട്ടില്‍ എന്തെങ്കിലും ഒക്കെ ചെയ്തിട്ട് പോകണം. പ്രത്യേകിച്ച് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ അടുത്ത് നില്‍ക്കുന്നവന് പാരയാകാതിരിക്കാനെങ്കിലും നിങ്ങള്‍ക്ക് കഴിയണം. അയല്‍വാസിയുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞില്ലെങ്കിലും അവരെ ദ്രോഹിക്കാതെ ഇരിക്കാന്‍ കഴിയണം… ഇതൊക്കെ ജയദേവന്റെ മരണം എന്നെ ഓര്‍മ്മിപ്പിക്കുന്നു. ജയദേവന്റെ ജീവിതവും സാന്നിധ്യവും എന്റെ ജീവിതത്തില്‍ ഒരു വെളിച്ചമായി തുടരുക തന്നെചെയ്യും.

R Sreekandan Nair Remembering Dr. N Jayadevan

NO COMMENTS

LEAVE A REPLY