Advertisement

വിസ്മയച്ചരടിൽ ഇന്ദ്രജാലക്കെട്ടുമായി ആകാശത്തോളമുയർന്ന് ഭിന്നശേഷിയുള്ള കുട്ടികൾ

February 7, 2017
Google News 1 minute Read
magic

അമ്പരപ്പിക്കുന്ന വേഗതയിൽ വിസ്മയച്ചരടിൽ ഇന്ദ്രജാലക്കെട്ട് തീർത്ത് ഭിന്നശേഷിയുള്ള കുട്ടികൾ ഇന്ദ്രജാല ലോകത്തിന്റെ വിശാലതയിലേയ്ക്ക് നടന്നു കയറി. കയറിൻ തുമ്പത്ത് പിടിച്ച് ഇടംകൈ വലംകൈ മാറിമാറി ദ്രുത വേഗതയിൽ അഴിയാക്കുരുക്കിട്ടപ്പോൾ ഞെട്ടിയത് മന്ത്രി കെ.കെ ശൈലജ ടീച്ചറും തിങ്ങി നിറഞ്ഞ കാണികളും.

മാജിക് അക്കാദമിയും കേരള സോഷ്യൽ സെക്യൂരിറ്റി മിഷനും സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസും സംയുക്തമായി സഹകരിച്ചുകൊണ്ട് നടപ്പിലാക്കുന്ന സൗജന്യ ഇന്ദ്രജാല പരിശീലന പരിപാടി എം പവറിന്റെ ആദ്യക്ലാസിലാണ് ഭിന്നശേഷിയുള്ള കുട്ടികൾ നക്ഷത്ര ശോഭയോടെ തിളങ്ങിയത്. വൈകല്യങ്ങൾ മറന്ന് ആവേശത്തിന്റെ വിസ്മയത്തുമ്പത്തായിരുന്നു കുട്ടികൾ ഏവരും.

രാവിലെ 10.30ന് ആരംഭിച്ച് ക്ലാസ് ഒരു മണിവരെ നീണ്ടു. ക്ലാസിന് നേതൃത്വം നൽകിയ മാന്ത്രികൻ ഗോപിനാഥ് മുതുകാട് പറഞ്ഞു കൊടുത്തത് വളരെ പെട്ടെന്ന് തന്നെ കുട്ടികൾ ഹൃദിസ്ഥമാക്കി. കൈ വിരലുകളുടെ കൃത്യമായ ചലനവും പ്രയാസമേറിയ കൈമുറകളും ഒത്തുചേർന്നാൽ മാത്രം കയറിന്റെ മദ്ധ്യത്ത് അഴിയാക്കുരുക്ക് വീഴുന്ന ഇന്ദ്രജാലത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു വിദ്യയാണ് ആദ്യത്തെ ക്ലാസിനായി ഒരുക്കിയത്. സാധാരണക്കാർക്കുപോലും പഠിക്കാൻ പ്രയാസമേറിയ ഈ ജാലവിദ്യയാണ് ഭിന്നശേഷിക്കാരായ കുട്ടികൾ വളരെ വേഗം പഠിച്ചത്. തുടർന്ന് പന്ത് അപ്രത്യക്ഷമാക്കുന്ന ജാലവിദ്യയും പഠിപ്പിച്ചു. കൈവിരലുകൾക്കിടയിലൂടെ ഒഴുകി നടക്കുന്ന പന്ത് അന്തരീക്ഷത്തിലേയ്‌ക്കെറിഞ്ഞ് അ്രപത്യക്ഷമാക്കുന്ന ജാലവിദ്യ കുട്ടികൾ ആവേശത്തോടെയാണ് ചെയ്തത്. ക്ലാസ് സമയം കഴിഞ്ഞിട്ടും ഇനിയുമിനിയും പഠിക്കാൻ ആവേശം കൂട്ടുകയായിരുന്നു അവർ.

വിവിധ ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ, ബഡ്‌സ് സ്‌കൂളുകൾ, സ്‌പെഷ്യൽ സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട മുപ്പതോളം കുട്ടികളാണ് പരിശീലനക്കളരിയിൽ പങ്കെടുത്തത്. കുട്ടികൾക്കൊപ്പം മന്ത്രി ശൈലജ ടീച്ചറും ഇന്ദ്രജാല പരിശീലനത്തിനിരുന്നു.

ഭിന്നശേഷി ഒരു വൈകല്യമല്ലെന്നും ലോകം മുഴുവൻ ആദരിക്കുവാൻ പോരുന്ന വ്യക്തിത്വങ്ങൾക്കുടമകളാണ് ഭിന്നശേഷിയുള്ള കുട്ടികളെന്നും ഇന്ദ്രജാല പരിശീലന പരിപാടിയിൽ പങ്കെടുത്തുകൊണ്ട് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചർ അഭിപ്രായപ്പെട്ടു. ലോകത്തിന്റെ നെറുകയിൽ അഭിമാനത്തോടെ ശോഭിക്കുവാൻ ഈ കുട്ടികൾക്കാവുമെന്നും സാമൂഹ്യ നീതി വകുപ്പ് ഏറ്റെടുക്കുന്ന ഏറ്റവും അഭിമാനകരമായ ഒരു പദ്ധതിയാണിതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ.അശ്വതി, സോഷ്യൽ സെക്യൂരിറ്റി മിഷൻ സ്റ്റേറ്റ് പ്രേഗ്രാം മാനേജർ എസ്.സഹീറുദ്ദീൻ, മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട്, ഡയറക്ടർ ചന്ദ്രസേനൻ മിതൃമ്മല തുടങ്ങിയവർ പങ്കെടുത്തു.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. രാവിലെ 10.30ന് ആരംഭിക്കുന്ന ക്ലാസ് ഉച്ചയോടെ സമാപിക്കും. നാലുമാസം നീണ്ടു നിൽക്കുന്ന പരിശീലന കളരി ജൂൺ 6ന് അവസാനിക്കുകയും 7ന് സാമൂഹ്യ സാഹിത്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരുടെ സാന്നിദ്ധ്യത്തിൽ ഇന്ദ്രജാല അരങ്ങേറ്റവും നടക്കും. തുടർന്ന് കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുക എന്ന ഉദ്ദേശത്തോടെ ആരോഗ്യസാമൂഹ്യനീതി വകുപ്പ് പ്രഖ്യാപിച്ച ‘അനുയാത്ര’ യുടെ അംബാസിഡർമാരായി ഇവർ കേരളത്തിനകത്തും പുറത്തും ജാലവിദ്യകൾ അവതരിപ്പിക്കും.

ഇന്ദ്രജാലത്തിന് പുറമേ വിവിധ അനുബന്ധ കലകളുടെ പരിശീലനവും സംഘടിപ്പിക്കും. സംഗീതവും നൃത്തവും ഇന്ദ്രജാലവും ഇടകലർത്തിയുള്ള ഇന്ദ്രജാലദൃശ്യ വിരുന്നാണ് നാലുമാസങ്ങൾക്കുശേഷം അവതരിപ്പിക്കുന്നത്. എം പവർ പദ്ധതിയിലൂടെ ലോകത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാന്ത്രിക സംഘം എന്ന യാഥാർത്ഥ്യത്തിലേയ്ക്ക് നടന്നടുക്കുകയാണെന്ന് മാജിക് അക്കാദമി എക്‌സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here