മെയ് 31 വരെ മാത്രം ബിരുദത്തിന് ഭാവി കല്‍പ്പിച്ച് കിട്ടിയ 116കുട്ടികള്‍

മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതതയില്‍ കോട്ടയം ളാക്കോട്ടൂര്‍ എന്‍എസ്എസ് കോളേജില്‍ പഠിക്കാനെത്തി ഭാവി നഷ്ടമായത് 116വിദ്യാര്‍ത്ഥികള്‍ക്കാണ്. കെട്ടിടം പണിത് കോളേജിന് ആവശ്യമായ അനുബന്ധ സൗകര്യമൊരുക്കാതെ ലാഭം മാത്രം നോക്കി മാനേജ്മെന്റ് നടത്തിയ വിദ്യാഭ്യാസ കച്ചവടത്തില്‍ തകര്‍ന്നത് ഒരു നല്ല ഭാവി പ്രതീക്ഷിച്ച് പഠിക്കാന്‍ ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കാണ്.

16729917_1566985679997250_513329372_n

2014സെപ്തംബര്‍ മൂന്നിന് എന്‍എസ്എസ് കരയോഗത്തിന്റെ കീഴില്‍ പ്രവര്‍ത്തമാരംഭിച്ച കോളേജാണിത്. മൂന്ന് ബാച്ചുകളിലായി 116 വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠിക്കുന്നത്. കോളേജ് ആരംഭിച്ചപ്പോള്‍ ക്ലാസ് നടന്ന ഷെഡില്‍ തന്നെയാണ് മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറത്തും ക്ലാസുകള്‍ നടന്നു വന്നത്. കെട്ടിടം പണിയുന്നതിനായി പലവട്ടം സര്‍വകലാശാല നീട്ടി നല്‍കിയ തീയ്യതി മെയ് മുപ്പതിന് അവസാനിക്കുകയാണ്. ഇനി കെട്ടിടം പണിയാനോ കോളേജ് മുന്നോട്ട് കൊണ്ട് പോകാനോ മാനേജ്മെന്റ് താത്പര്യമില്ലെന്ന് അറിയിച്ച് കഴിഞ്ഞു.അഡ്മിഷന്‍ സമയത്ത് 12മാസത്തിനുള്ളില്‍ കെട്ടിടം പണിയുമെന്നാണ് അധികൃതര്‍ വിദ്യാര്‍ത്ഥികളേയും രക്ഷകാര്‍ത്താക്കളേയും അറിയിച്ചിരുന്നത്. കരയോഗത്തിന്റെ കെട്ടിടത്തിലും താത്കാലികമായി നിര്‍മ്മിച്ച രണ്ട് ഷീറ്റിട്ട ഷെഡുകളിലുമാണ് ഇപ്പോഴും  ക്ലാസുകള്‍ നടന്നു വരുന്നത്.

Read More: കോളേജ് പൂട്ടാന്‍ നോട്ടീസ്, 110 ബിരുദ വിദ്യാര്‍ത്ഥികളുടെ ഭാവി തുലാസില്‍

ബി കോമിന്റെ മൂന്ന് ബാച്ചുകളാണ് ഇവിടെ പഠിക്കുന്നത്. വരുന്ന മാര്‍ച്ച് മാസത്തില്‍ ഈ മൂന്ന് വര്‍ഷക്കാരുടേയും യൂണിവേഴ്സിറ്റി പരീക്ഷ നടക്കുകയാണ്. ഇതില്‍ മൂന്നാം വര്‍ഷക്കാരുടേത് അവസാനഘട്ട പരീക്ഷയാണ്. മാര്‍ച്ചില്‍ തന്നെ പരീക്ഷ നടന്നാല്‍ മൂന്നാം വര്‍ഷക്കാര്‍ക്ക് ബിരുദത്തോടെ തന്നെ ഇവിടെ നിന്ന് പഠിച്ചിറങ്ങാം. എന്നാല്‍ സര്‍വകലാശാല പരീക്ഷ മാറ്റിവച്ച് അത് മെയ് മാസത്തിന് അപ്പുറം കടന്നാല്‍ ഇവരുടെ സ്ഥിതിയും അവതാളത്തിലാകും. ബാക്കി ബാച്ചുകാര്‍ക്ക് കോളേജിനോപ്പം തന്നെ മെയ് 31വരെമാത്രമാണ് ഭാവിയുള്ളത്.

ബാക്കിയുള്ള രണ്ട് ബാച്ചുകള്‍ക്കും പരീക്ഷ നടത്തുമെന്നും പരീക്ഷാ സെന്റര്‍ ഇവിടെ അനുവദിക്കുമെന്നുമാണ് മാനേജ്മെന്റ് നടത്തുന്ന വാദം. എന്നാല്‍ അഫിലിയേഷന്‍ ഇല്ലാത്ത കോളേജില്‍ പരീക്ഷാ സെന്റര്‍ അനുവദിക്കില്ലെന്ന് സര്‍വകലാശാല വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മെയ് 31ന് ശേഷം കോളേജിന് അഫിലീയേഷന്‍ ലഭിക്കില്ലെന്നകാര്യത്തില്‍ ഉറപ്പായിട്ടുണ്ട്.

16730039_1566985823330569_812336110_n

കഴിഞ്ഞ അധ്യയന വര്‍ഷം കെട്ടിടം ഇല്ലെന്ന കാരണത്താല്‍ കോളേജിലെ ഡിഗ്രി അഡ്മിഷന്‍ യൂണിവേഴ്സിറ്റി ഇടപെട്ട് നിറുത്തി വച്ചിരുന്നു. എന്നാല്‍ 2017മെയ് 31നുള്ളില്‍ കെട്ടിടം പണി തീര്‍ക്കാമെന്ന അഫിഡവിറ്റ് പ്രകാരം പുതിയ അഡ്മിഷനുള്ള അനുവാദവും കോളേജ് വാങ്ങി.

ഒന്നാം വര്‍ഷത്തിലെ 23വിദ്യാര്‍ത്ഥികള്‍ ടിസിയ്ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. അടുത്ത അധ്യയന വര്‍ഷത്തില്‍ അടുത്ത കോളേജില്‍ ചേരാനാണ് ഇവരുടെ തീരുമാനം. ഒരു വര്‍ഷമാണ് ഇവര്‍ക്ക് നഷ്ടമാകുന്നത്. 30,000രൂപ ഡൊണേഷന്‍ വാങ്ങിയാണ് ഓരോ കുട്ടിയും ഇവിടെ അഡ്മിഷന്‍ എടുത്തിരിക്കുന്നത്. അതിന് ശേഷം മൂന്ന് മാനേജ്മെന്റുകളാണ് ഇവിടെ മാറി വന്നു. അത് കൊണ്ട് തന്നെ ഡൊണേഷനായി നല്‍കിയ പണം തിരിച്ച് തരാനാകില്ലെന്നാണ് നിലവിലെ മാനേജ്മെന്റ് വിദ്യാര്‍ത്ഥികളെ അറിയിച്ചിരിക്കുന്നത്. 13,000 രൂപയാണ് സെമസ്റ്റര്‍ ഫീസായി കോളേജ് വാങ്ങിയത്.

16736566_1566985793330572_1321293464_n

ഇനി യൂണിവേഴ്സിറ്റി മറ്റൊരു കോളേജില്‍ ഇവര്‍ക്ക് കോഴ്സ് പൂര്‍ത്തിയാകുന്നത് വരെ പരീക്ഷ എഴുതാന്‍ സമ്മതിച്ചാല്‍ പോലും വിദ്യാര്‍ത്ഥികളുടെ ഇന്റേണല്‍ പരീക്ഷയും പ്രോജക്റ്റും ഇവര്‍ സമര്‍പ്പിക്കേണ്ടി വരിക ആ കോളേജിലാവും. നിലവില്‍ അവിടുത്തെ വിദ്യാര്‍ത്ഥികളല്ലാത്ത ഇവര്‍ ഇത് അവിടെ സമര്‍പ്പിക്കുന്നത് സംബന്ധിച്ച വ്യക്തത സര്‍വകലാശാലയില്‍ നിന്ന് ലഭിച്ചിട്ടില്ല. കോളേജ് മാനേജ്മെന്റും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. വിദ്യാഭ്യാസം കച്ചവട ചരക്കാക്കി മാറ്റുന്ന കോളേജില്‍ പഠിക്കാന്‍ വിധിക്കപ്പെട്ട വിദ്യാര്‍ത്ഥി സമൂഹം ഇന് എന്ത് ചെയ്യണമെന്ന് ആരാണ് മറുപടി നല്‍കുക. ലോ കോളേജ് വിഷയത്തിനിടെ ചില മാധ്യമങ്ങളില്‍ ഈ വാര്‍ത്ത പ്രത്യക്ഷപ്പെട്ടെങ്കിലും ആരും ശ്രദ്ധിച്ചില്ല. പ്രതിഷേധ സ്വരം ഉയര്‍ത്തിയ ഈ കോളേജിലെ വിദ്യാര്‍ത്ഥികള്‍ തന്നെ ഇപ്പോള്‍ ഈ അനിശ്ചിതത്വത്തിന്റെ മുന്നില്‍ പകച്ച് നില്‍ക്കുകയാണ്.