സ്റ്റേജ് ആര്‍ട്ടിസ്റ്റില്‍ നിന്ന് മേയ്ക്ക് അപ് ആര്‍ട്ടിസ്റ്റിലേക്ക്, വിനീതിന്റെ വിജയത്തിന് പിന്നില്‍ ആ വാലന്റൈന്‍!!

പതിനൊന്ന് വര്‍ഷമായി വിനീതിനൊപ്പമുണ്ട് ആ കൂട്ടുകാരന്‍. മാനസികവും, സാമ്പത്തികമായും തളര്‍ന്ന കാലത്ത് നിന്ന് ഒരു ഫീനിക്സ് പക്ഷിയെ പോലെ ഉയരാന്‍ വിനീതിനെ സഹായിച്ച ആ പ്രണയത്തെ കുറിച്ച്, 11വര്‍ഷത്തെ ആ പരിധികളില്ലാത്ത സ്നേഹത്തെ കുറിച്ച് വിനീത്.....                                                                                                             - വീണ.പി

വിനീതിന്റെ പ്രണയം ഓർക്കുട്ടിലൂടെ ലഭിച്ച ആ കൂട്ടിനോടാണ്. കഴിഞ്ഞ 11 വാലന്റൻസ് ഡേയും വിനീത് ആഘോഷിച്ചത് ആ കൂട്ടിനൊപ്പമാണ്. വിഷമങ്ങളിലും കഷ്ടതകളിലും ഒപ്പം തണലായി നിന്ന ആ ഊഷ്മള ബന്ധത്തിന് എന്ത് പേർ നൽകി വിളിക്കണമെന്ന് ഇന്നും വിനീതിന് അറിയില്ല, അറിയുന്നത് ഒന്ന് മാത്രം ആ സ്നേഹത്തിന്റെ തണലാണ് വിനീതിനെ ഇന്ന് അറിപ്പെടുന്ന ഒരു മേയ്ക്ക് അപ് ആർട്ടിസ്റ്റായി വളർത്തിയത്.

vineeth

ഇന്ന് ലോകം വാലന്റൈൻസ് ഡേ ആഘോഷമാക്കുമ്പോള്‍ കൊച്ചിയില്‍ വിനീതും പങ്കാളിയും ഈ വർഷവും വാലന്റൈൻസ് ഡേ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. ഇവരുടെ ആഘോഷത്തിന് ഒരു വലിയ പ്രത്യേകതയുണ്ട്. മനസിന് ഇഷ്ടപ്പെടാതെ അണിഞ്ഞിരുന്ന വേഷം പോലെ പുരുഷ ജീവിതം അഴിച്ച് വച്ച് സ്ത്രീയായി ജീവിക്കാൻ തീരുമാനിച്ചതാണ് വീനീത്.

അങ്ങനൊരാളെ ഒപ്പം കൂട്ടിയ വിനീതിന്റെ ആ കൂട്ടകാരന് സ്നേഹത്തിന്റെയും പ്രണയത്തിന്റേയും കാഴ്ചപാട് എന്തായാലും നമ്മൾ കാണുന്ന ഒന്നല്ല, വിനീതിന്റെ കുറവുകളെ സ്വന്തം കുറവുകളായും നന്മകളെ സ്വന്തം നൻമകളായും കണ്ട് അവരൊന്നിച്ച് ജീവിച്ച നാളുകൾക്ക് പതിനൊന്ന് വർഷത്തെ കരുത്തുണ്ട്, ആ കരുത്ത് തന്നെയാണ് ഇന്നും ഇവരുടെ പ്രണയത്തിന്.
16195854_1040528786052682_6309870463335921046_n
വാലന്റൈൻസ് ഡേയിൽ എല്ലാ പ്രണയിതാക്കളേയും പോലെ തന്റെ ജീവിതം പങ്കിട്ട ആ കൂട്ടിനും വിനീത് ഒരു സമ്മാനം കരുതിയിട്ടുണ്ട്. ഒരു സമ്മാനത്തിനും പകരം വയ്ക്കാനാകാത്ത അപൂർവ്വ സ്നേഹത്തെ കുറിച്ച് വിനീത് തന്നെ പറയുന്നു.

ഫെയ്സ്ബുക്കും വാട്സ് ആപ്പും പ്രചാരമല്ലാത്ത കാലത്ത് ഓർക്കുട്ടാണ് ആ കൂട്ടിന് തുടക്കമിട്ടത്. അന്ന് ഇന്നത്തെ പോലെ സെലിബ്രിറ്റി മേയ്ക്ക് അപ് ആർട്ടിസ്റ്റ് എന്ന ടാഗ് ലൈൻ വിനീതിനൊപ്പം കൂടിയിട്ടില്ല. ചാനലുകളിലെ കോമഡി പരിപാടികളിലും സ്കിറ്റുകളിലും സ്ത്രീ വേഷത്തിൽ തിളങ്ങിയ കാലഘട്ടമായിരുന്നു അത്. ഏതോ ഷോയില്‍ കണ്ട വിനീതിനെ ആള്‍  ഇങ്ങോട്ട് വിളിക്കുകയായിരുന്നു. ഭക്ഷണത്തിനും വസ്ത്രത്തിനും വരെ പണം തികയാതെ കഷ്ടപ്പെട്ട കാലമായിരുന്നു അതെന്ന് വിനീത് പറയുന്നു.

അന്നും സ്റ്റേജിൽ കയറാൻ സ്വന്തമായി തന്നെ മേയ്ക്ക് അപ് ചെയ്യുന്നതായിരുന്നു വിനീതിനിഷ്ടം. അന്നത്തെ കഷ്ടപ്പാടൊന്നും ടെലിവിഷന് മുന്നിലും പിന്നിലും ആരും അറിഞ്ഞില്ല. തനിക്ക് കിട്ടുന്ന റോളുകൾ ഭംഗിയാക്കുകയായിരുന്നു വിനീതിന്റെ ലക്ഷ്യം. ആ നിമിഷത്തിലെപ്പോഴോ ആണ് മേയ്ക്ക് അപ് പ്രൊഫഷനാക്കാം എന്ന തീരുമാനം വന്നത്. ട്രാൻസ്ജെന്ററായ ഒരാൾക്ക് അയാളുടെ വ്യക്തിത്വം മറച്ച് വച്ച് ജീവിച്ചാൽ ജീവിതത്തത്തിന്റെ ഒരു പോയന്റിൽ വച്ച് പ്രൊഫഷനിൽ ലിമിറ്റേഷനും ജീവിതത്തിൽ മടുപ്പും കീഴടക്കുമെന്നാണ് വിനീതിന്റെ പ്രത്യയശാസ്ത്രം. ഇക്കാരണം കൊണ്ട് പെണ്ണായി തന്നെ ജീവിക്കാൻ ‘ഒരുമ്പെട്ട്’ ഇറങ്ങുകയായിരുന്നു. എല്ലാത്തിനും താങ്ങായി ആ കൂട്ടുകാരൻ നിന്നു.

15170910_992864957485732_1698616519452429041_n
കൂട്ടുകാരൻ പകര്‍ന്ന് നല്‍കിയ ആത്മവിശ്വാസം കൊണ്ട് ബാംഗ്ലൂരിലേക്ക് വണ്ടി കയറി,
പഠനം പൂർത്തിയാക്കിയ ശേഷം മുബൈയിലേക്കും. ആ യാത്രകളും പഠനം നൽകിയ ആത്മവിശ്വാസവുമായി വിനീത് തിരിച്ചെത്തിയത് ഇന്ന് ഈ കാണുന്ന ഉയർച്ചയിലേക്കാണ്. നാല് വർഷമായി ഈ രംഗത്ത് വിനീത് ഉണ്ട്. വിനീത് ഒരുക്കിയ നടിമാരേയും മണവാട്ടികളേയും സൗന്ദര്യാരാധകർ എന്നും അത്ഭുതത്തോടെ നോക്കുന്നു. -അതിനിടെ ഏഴ് എട്ട് മാസം ഫോണിലും ഓര്‍ക്കുട്ടിലും കണ്ട കൂട്ടുകാരനെ നേരിട്ട് കണ്ടു. സൗഹൃദം ദൃഢമായപ്പോള്‍ ഒന്നിച്ച് കഴിയാമെന്ന് അദ്ദേഹം തന്നെയാണ് ആദ്യം പറഞ്ഞതെന്ന് വിനീത് പറയുന്നു-

a6f61ad0-7915-4987-bc1a-587c98abd486

വീട്ടുകാരും നാട്ടുകാരും കൂട്ടുകാരും മനസിലാക്കാത്ത വിനീതിനെ പൂർണ്ണ മനസ്സോടെ അംഗീകരിക്കാനും സ്വീകരിക്കാനും ആ കൂട്ടകാരൻഉണ്ടായി. വ്യക്തിത്വവും, നിരാശയും ഒറ്റപ്പെടലും വേട്ടയാടിയ ജീവിതത്തിലേക്ക് ഏതോ ഒരു നിമിഷം വന്ന് കയറിയതാണ് അദ്ദേഹം എന്ന് വിനീത് പറയും. ആ ബഹുമാനം എന്നും ജീവിതത്തിൽ വിനീതും അങ്ങോട്ട് കൊടുക്കുന്നു. അതിന്റ ഇരട്ടിയോളം തിരിച്ചും. തന്നെ പോലുള്ളവർക്ക് പലപ്പോഴും കിട്ടാതെ പോകുന്നത് ഇത്തരം സ്നേഹവും കരുതലുമാണെന്ന് വിനീത് പറയുന്നു.

അതിനിടെ ഒരു വിശേഷവും വിനീത് പങ്കുവച്ചു. ഒരു പുതിയ സിനിമയിൽ ഒരു പ്രധാന റോൾ അഭിനയിക്കാനുളള തയ്യറെടുപ്പിലാണ് വിനീത്. മാർച്ച് മധ്യത്തോടെ ഇതിന്റെ ഷൂട്ടിംഗ് ആരംഭിക്കും. മേയ്ക്ക് അപ്പിനായി വധുക്കളുടെ വീടുകളിലേക്കുള്ള യാത്രയ്ക്കിടെ കൊച്ചിയിലെ വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ ഇന്ന് വിനീതിന് ഒരു ആശ്വാസമുണ്ട്. ഏതൊരാളെപ്പോലെയും ജോലിയിലെ പൂര്‍ണ്ണതയ്ക്കൊപ്പം വീട്ടില്‍ താങ്ങായി തനിക്ക് ഒരു കൂട്ടുണ്ട്. തന്നെക്കാള്‍ തന്നെ മനസിലാക്കിയ ആ പങ്കാളി!!

16426247_1050943428344551_2646504575328809646_n

കുറച്ച് സമയത്തെ നിശബ്ദതയ്ക്ക് ശേഷം ആ കണ്ണിൽ വീണ്ടും പ്രണയം നിറയുന്നു. സർപ്രൈസായി നൽകാൻ വച്ചിരിക്കുന്ന ഗിഫ്റ്റിൽ നോക്കി വിനീത് ഒരു സത്യം പറഞ്ഞു, ഒരു പക്ഷേ ജീവിതത്തേയും പങ്കാളിയേയും അത്രമേൽ തീവ്രതയോടെ പ്രണയിക്കുന്ന ഒരാൾക്ക് മാത്രം പറയാനാകുന്ന സത്യം, ഈ പതിനൊന്ന് വർഷങ്ങൾ പതിനൊന്ന് ദിവസങ്ങൾ പോലെയാണ് കടന്നു പോയതെന്ന്!! അല്ലെങ്കിലും സ്നേഹം, അത് പരിശുദ്ധവും ആത്മാർത്ഥവുമാകുമ്പോൾ കാലം കടന്നു പോകുന്നത് ആരറിയാനാണ്. അവിടെ സ്നേഹം മാത്രമല്ലേ ഉള്ളൂ

NO COMMENTS

LEAVE A REPLY