കാട്ടുതീ ഭീഷണി; വയനാട് വന്യജീവി സങ്കേതം അടച്ചിടും

bandipur fire

ബന്ദിപ്പൂർ വനമേഖലയിൽ കാട്ടുതീ തുടരുന്ന പശ്ചാത്തലത്തിൽ നിശ്ചിതകാലത്തേക്ക് വയനാട് വന്യജീവി സങ്കേതം അടച്ചിടും. ഫെബ്രുവരി 22 മുതൽ മാർച്ച് 31 വരെയാണ് വന്യജീവി സങ്കേതം അടച്ചിടാൻ ചീഫ് വൈൽഡ് ലൈഫ് വാർഡ് ഉത്തരവിറക്കിയിരിക്കുന്നത്.

രണ്ട് ദിവസമായിട്ടും അണയാതെ നിൽക്കുന്ന കാട്ടുതീയുടെ തീവ്രതമൂലം കാട്ടിലെ തീറ്റയെല്ലാം കത്തി നശിച്ചതോടെ ബന്ദിപ്പൂരിൽനിന്ന് വന്യമൃഗങ്ങൾ വയനാട്ടിലേക്ക് വരാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി.

ഏകദേശം മൂവായിരം ഏക്കറോളം കാടാണ് ബന്ദിപ്പൂരിൽ ഇതുവരെ കത്തി നശിച്ചത്. കാടിറങ്ങുന്ന വന്യജീവികളുടെ സാന്നിധ്യത്തെ മുൻനിർത്തി വയനാട് വന്യജീവി സങ്കേതത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളായ മുത്തങ്ങയും തോൽപ്പെട്ടിയും താൽക്കാലികമായി അടയ്ക്കാനുള്ള നടപടികൾ ആരംഭിച്ചതായി വനപാലകർ അറിയിച്ചു. സൗത്ത് വയനാട് ഡിവിഷനു കീഴിലുള്ള ചെമ്പ്രമലയിലേക്കും മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്കുമുള്ള പ്രവേശനവും ഇതിനകം നിറുത്തിവെച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY