ഭാവനാ വിലാസങ്ങൾ

ലീൻ ബി ജെസ്മസ്‌

espinoge

കൊച്ചിയിൽ നടിയ്ക്ക് നേരെയുണ്ടായ അക്രമത്തെ തുടർന്ന് മലയാള മാധ്യമ രംഗത്ത് ഭാവനാ സമ്പന്നരുടെ മയിലാട്ടത്തിന് വീണ്ടും തുടക്കമായി. മാനത്ത് ഒരു അപവാദ കഥ തെളിഞ്ഞാലുടൻ പീലി നീർത്തിയാടുന്ന ഈ മയിൽക്കൂട്ടം വംശച്യുതിയില്ലാതെ വളർന്നുകൊണ്ടിരിക്കുന്നു. മാധ്യമ പ്രവർത്തനത്തിന്റെ അടിസ്ഥാനപരമായ മൂല്യങ്ങളെയെല്ലാം പിഴുതെറിഞ്ഞ്, സ്വയം നിർമ്മിച്ചാസ്വദിച്ച് മാധ്യമങ്ങളിലൂടെ വിസർജ്ജിക്കുന്ന ഇത്തരം കഥകൾക്ക് ഏതറ്റം വരെയും പോകുവാനാകും.

തെളിവുകളുടെ ആവശ്യമില്ല, വസ്തുതകൾ ചൂണ്ടിക്കാട്ടേണ്ടതില്ല, പേരുകൾ പറയേണ്ടതുമില്ല. മലയാളത്തിൽ വേരോടിയ പൈങ്കിളി സംസ്‌കാരത്തിന്റെ രചനാശൈലിയെയോ, അഥവാ അതിനപ്പുറം കിടപ്പുമുറിയിൽ ഒളിച്ചുവായിച്ച അശ്ലീല പുസ്തകത്തിൽനിന്നാർജ്ജിച്ച വർണ്ണനാ ചാതുര്യമോ മാത്രം സ്വന്തമായുണ്ടായാൽ മതി. കുറ്റാരോപണവും, വിചാരണയും നടത്തി വിധിവാചകംവരെ കൽപ്പിക്കുന്നവർ മുൻകാലങ്ങളിൽ തെളിവുകളില്ലാതെ തേജോവധം ചെയ്ത് ചവിട്ടിയെറിഞ്ഞ ജീവിതങ്ങളെ കുറിച്ചുള്ള ചരിത്രത്തെ ഒരൊറ്റ രാത്രികൊണ്ട് മറന്നുകളയുകയും ചെയ്യും.

ഒരു കാൽ നൂറ്റാണ്ട് മുമ്പ് ചാരക്കേസിന്റെ കഥയും, തിരക്കഥയും , ക്ലൈമാക്‌സും വരെ രചിച്ച മാധ്യമ കേസരികൾ (സാക്ഷാൽ കേസരിയോട് ക്ഷമാപണം) എഴുതിപ്പിടിപ്പിച്ച ‘കുളിർ’ വാർത്തകളിൽപ്പെട്ടുപോയ ജീവിച്ചിരിക്കുന്നവരും മരിച്ചു പോയവരുമായവരോട് ആരാണ് മാപ്പ് യാചിച്ചിട്ടുള്ളത് ? അനന്തപുരിയിലെ മാധ്യമാധികാരത്തിന്റെ അന്തഃപുരങ്ങളിലിരുന്ന് മാലി സുന്ദരിയുടെ കിടപ്പറ വിശേഷങ്ങളിലേക്ക് പേരുകൾ എഴുതിച്ചേർത്തവരുടെ ഗൂഢലക്ഷ്യങ്ങളെ കാലം തിരിച്ചറിയുമ്പോഴെക്കും ഏറെ വൈകിപ്പോയിരുന്നില്ലെ…?

ISROനാണംകെട്ട മാധ്യമപ്രവർത്തനത്തിന്റെ തേരാളികൾ ലജ്ജയേതുമില്ലാതെ കഥയെഴുത്ത് തുടർന്നു. പോൾമുത്തൂറ്റിന്റെ കൊലപാതക കഥയുടെ കാലമെത്തിയപ്പോഴെക്കും, കത്തിയെടുത്ത് ഉറഞ്ഞു തുള്ളാൻ മുഴുവൻ സമയ വാർത്താചാനലുകൾ കൂടി രംഗത്തുണ്ടായിരുന്നു. അസത്യങ്ങളും,അർധസത്യങ്ങളും ചേർത്തുവെച്ച ലൈവ് സംപ്രേഷണങ്ങളിലൂടെ സംഭ്രമജനകമായ ദിനരാത്രങ്ങൾ സൃഷ്ടിച്ചവർ ഒടുവിൽ സത്യം പുറത്തു വന്നപ്പോൾ പിഴ ഏറ്റുപറഞ്ഞില്ലെന്നത് പോകട്ടെ, വീണ്ടും ഇത്തരം അബദ്ധങ്ങളിൽ ചെന്നു ചാടില്ലെന്ന മുൻകരുതൽ എടുക്കുവാൻപോലും തയ്യാറായില്ല. അന്തിചർച്ചക്കുള്ള അരി അടുപ്പത്തിടുവാൻ പകൽ മുഴുവൻ ലൈവ് കഥകൾ മെനയുന്ന ജോലി ഉളുപ്പേതുമില്ലാതെ വാർത്താ ലേഖകന്മാർ തുടർന്ന് പോകുന്നു.

ഓൺലൈൻ മാധ്യമങ്ങളുടെ മഴക്കാലമാണ് പിന്നീടെത്തിയത്. തകരകൾ പറമ്പ് നിറഞ്ഞു. ഇക്കിളിയിൽ പൊതിഞ്ഞ ഇല്ലാക്കഥകൾ കൊണ്ട് ഹിറ്റുകൾ സൃഷ്ടിക്കാമെന്ന് തെളിയിച്ച ഓൺലൈൻ തലതൊട്ടപ്പന്മാർ വഴികാട്ടികളായി. കലാഭവൻ മണിയുടെ ദുരൂഹമരണവും,ജിഷാ വധവുമൊക്കെ കഥയെഴുത്തിന്റെ അജീർണ്ണം ബാധിച്ചവരുടെ ആക്രാന്തത്തിൽ ഓൺലൈനിൽ ദുർഗന്ധം പരത്തി. പിതൃശൂന്യ വാർത്തകൾ എന്ന് വിശേഷിപ്പിക്കപ്പെട്ടു വരുന്ന ഇത്തരം കഥകൾ ഓൺലൈനിൽ നിന്ന് വാർത്താ ചാനലുകളിലേക്കും, തൊട്ടടുത്ത നാൾ ‘പ്രമുഖ’ പത്രങ്ങളിലേക്കും പറിച്ചുനടപ്പെട്ടു.

തെളിവുണ്ടോ…? എന്ന ചോദ്യത്തിന്റെ കുത്തക നമ്മുടെ മാധ്യമങ്ങൾക്കല്ലാത്തതിനാൽ എന്തുതരം റിപ്പോർട്ടുകളും മൊത്തമായും അവരേറ്റെടുത്തു. ഒന്നോ രണ്ടോ മിനുട്ട് മാത്രം നീളുന്ന വാർത്തയുടെ രസച്ചരടിൽ കുരുങ്ങിക്കിടക്കുന്ന ഒരു വലിയ അനുവാചക ലോകവും ഇതിനൊപ്പം വളർന്നു കഴിഞ്ഞു. നടിയ്ക്കു നേരെയുണ്ടായ അതിക്രമത്തിൽ എന്ത് തരംതാണ വാർത്താശൈലിയാണ് നമ്മുടെ വലിപ്പചെറുപ്പമി ല്ലാത്ത മാധ്യമങ്ങൾ പിന്തുടരുന്നതെന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

മൂടികിടക്കുന്നതോ, മൂടിവച്ചതോ ആയ സത്യങ്ങളെ കണ്ടെത്തുവാൻ തങ്ങൾക്കുള്ള ബാധ്യതയെ തട്ടിൻപുറത്ത് കയറ്റിയശേഷം, പൊടിപ്പും തൊങ്ങലും വെച്ച വ്യക്തിഹത്യയുടെ അതിര് ലംഘിക്കുന്ന റിപ്പോർട്ടുകളുടെ പ്രളയം സൃഷ്ടിക്കുകയാണ് മാധ്യമപ്പട. ഞാനാണ് ഭാവിയും,ഭൂതവും,വർത്തമാനവുമെന്ന അഹംബോധം മുഖമുദ്രയാക്കിയ അന്തിചർച്ചകളിലെ നായകന്മാരരുൾപ്പെടുന്ന മാഫിയാസംഘ ത്തിന്റെ പിടിയിലാണ് ഇന്ന് മാധ്യമരംഗം. ഇവരൊഴുക്കി വിടുന്ന മാലിന്യത്തിന്റെ ചാലുകളിൽ നീന്തിതുടിക്കുകയാണ് അന്വേഷണാത്മക പത്രപ്രവർത്തനമെന്ന ശ്രേഷ്ഠ സങ്കൽപ്പമിന്ന്.

NO COMMENTS

LEAVE A REPLY