മിസ്റ്റര്‍ അനന്തലാല്‍ നിങ്ങള്‍ ഈ നാടിന്റെ അഭിമാനമാണ് !

- ആർ ശ്രീകണ്ഠൻ നായർ

പള്‍സര്‍ സുനിയെ അറസ്റ്റ് ചെയ്ത മിസ്റ്റര്‍ അനന്തലാല്‍ നിങ്ങള്‍ ഈ നാടിന്റെ അഭിമാനമാണ് !
മലയാളികളെ മുഴുവന്‍ ഉത്കണ്ഠയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പള്‍സര്‍ സുനി കോടതിയില്‍ കീഴടങ്ങാന്‍ നടത്തിയ അവസാന ശ്രമവും തകര്‍ത്ത് സുനിയെ അറസ്റ്റ് ചെയ്യാന്‍ ധൈര്യം കാണിച്ച സെന്‍ട്രല്‍ സിഐ അനന്തലാലും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഈ നാടിന്റെ അഭിമാനം കാത്തു.

ഇവിടെ ഒരു സംഘം അഭിഭാഷകര്‍ പോലീസിന്റെ നീക്കം ചെറുത്ത് പ്രതികളെ സഹായിക്കാന്‍ ശ്രമം നടത്തി എന്നത് ഈ നാടിനെ അക്ഷരാർത്ഥത്തിൽ നടുക്കി. ഏത് വിധേയനേയും പള്‍സര്‍ സുനിയെ കോടതിയിലെത്തിച്ച്, കോടതി വഴി റിമാന്റ് ചെയ്യിച്ച്, ജയിലിൽ വച്ച് എല്ലാ നിയമവശങ്ങളും പഠിപ്പിച്ച് കൊടുത്ത് പള്‍സര്‍ സുനിയെ പ്രതിക്കൂട്ടില്‍ നിന്ന് പുറത്തിറക്കാനുള്ള അഭിഭാഷകരുടെ ശ്രമമാണ് പരാജയപ്പെട്ടത്. കോടതിമുറിയില്‍ അതിക്രമിച്ച് കടക്കാനും കോടതി മുറിയിലേക്ക് ഓടിക്കയറാനും പള്‍സര്‍ സുനിയ്ക്ക് എല്ലാ സഹായങ്ങളും ചെയ്ത് നല്‍കിയത് ഒരു സംഘം അഭിഭാഷകരാണ് എന്നറിയുമ്പോള്‍ മലയാളികള്‍ അമ്പരന്ന് പോകുന്നു. ഇവിടെ ന്യായമായും ഒരു ചോദ്യമുണ്ട് നിയമവ്യവസ്ഥയുടെ മുന്നിലേക്ക് ഒരു പ്രതിയെ കൊണ്ട് വരാന്‍ അന്വേഷണ സംഘം ശ്രമിക്കുമ്പോള്‍ അവരെ തടയാനും അവര്‍ക്കെതിരെ ഗൂഢാലോചന നടത്താനും ഏത് നിയമമാണ് ഈ അഭിഭാഷക സംഘത്തിന് പിന്‍ബലമാകുന്നത്? അനുവദിച്ചു കിട്ടുന്ന ആനുകൂല്യങ്ങൾ ഇത്തരത്തിൽ സാമൂഹ്യധർമ്മങ്ങൾ കാറ്റിൽ പറത്താനായി ദുർവ്യാഖ്യാനം ചെയ്യുന്ന അഭിഭാഷകരെ അതിന്റെ നിയമങ്ങൾ ഉപയോഗിച്ച് താക്കീതു ചെയ്തില്ലെങ്കിൽ അത് അത്യധികം ആപൽക്കരം തന്നെ എന്നതിൽ സംശയം ഇല്ല.

എല്ലാ സ്ഥലത്തും ക്രിമിനല്‍ സംസ്കാരം വര്‍ദ്ധിച്ച് വരുന്ന ഇക്കാലത്ത് ഇതിലൊന്നും അതിശയോക്തി ഇല്ല. എങ്കില്‍ പോലും നാഷണല്‍ ഹൈവേയില്‍ ഒരു യുവനടിയുടെ മാനം കവര്‍ന്ന ഒരു നീചനായ പ്രതിയെ പിടികൂടാന്‍ പോലീസ് അതിന്റെ എല്ലാ ശക്തിയും ഉപയോഗപ്പെടുത്തുമ്പോള്‍ അതിനെതിരെ നീങ്ങുന്നത് ആരായാലും അവര്‍ സ്വന്തം ആളുകളുടെ സ്ഥാനത്തേക്ക് ഈ യുവനടിയെ പ്രതിഷ്ഠിച്ച് കാണുന്നില്ല എന്നതാണ് വിഷമം . സ്വന്തം ഭാര്യയോ സ്വന്തം സഹോദരിയോ ആണ് ഇങ്ങനെ പൊതുമധ്യത്തില്‍ നീചകൃത്യത്തിന് വിധേയമാക്കപ്പെടുന്നത് എന്ന് വന്നാല്‍ ഇത്തരത്തിൽ ഇവര്‍ പ്രതികരിക്കുമായിരുന്നോ എന്നറിയാന്‍ ഈയുള്ളവന് ആത്മാര്‍ത്ഥമായ ആഗ്രഹമുണ്ട്.

കോടതി മുറിയില്‍ കയറി പള്‍സര്‍ സുനിയെ പിടിച്ച് കൊണ്ട് പോയത് തെറ്റായി പോയി എന്ന് പലയാളുകളും ടെലിവിഷന്‍ സ്ക്രീനില്‍ ഇരുന്ന് പറയുന്നത് കേട്ടു. അപ്പോഴൊക്കെ എനിക്ക് തോന്നിയ ഒരേ ഒരു സംശയം ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്ത സ്വാതന്ത്രസമരസേനാനി ആണോ പള്‍സര്‍ സുനി, ഇത്ര മാന്യമായി പിടിച്ച് കൊണ്ട് പോകാന്‍?

സുനിൽ എന്ന പൾസറിന്റെ വാക്കുകകൾ വലിയ ഗൗരവത്തിലാണ് എല്ലാവരും കേൾക്കുന്നത് ? എന്ത് വിശ്വാസ്യതയാണ് ഒരു ക്രിമിനലിനു ഉള്ളത് ? ഈ കേസിലെ ഏറ്റവും വലിയ തെളിവ് മൊബൈല്‍ ഫോണാണ്. ഈ മൊബൈല്‍ ഫോണ്‍ എറിഞ്ഞു കളഞ്ഞു എന്ന് പള്‍സര്‍ സുനി പറഞ്ഞത് വിശ്വസിക്കാന്‍ പറ്റില്ല. ഇയാളെ പോലൊരു പഠിച്ച കള്ളന്‍ ഇതും പറയും ഇതിനപ്പുറവും പറയും. അപ്പോള്‍ ആരുടെയൊക്കെയോ കൈയ്യില്‍ ഈ മൊബൈല്‍ ഫോണ്‍ സുരക്ഷിതമാണ്. അതാരെന്ന് കണ്ട് പിടിച്ചേ മതിയാകൂ. അതിന് പള്‍സര്‍ സുനി ഒളിവിലായിരുന്നപ്പോള്‍ അയാളെ ആരൊക്കെ ബന്ധപ്പെട്ടു എന്നറിഞ്ഞേ മതിയാകൂ. അതിപ്പോൾ ആരെയും ഒരു നിയമാനുകൂല്യത്തിന്റെയും അടിസ്ഥാനത്തിൽ ഒഴിവാക്കരുത്. വളരെ വിശദമായ ഒരു അന്വേഷണം ഇതിന്റെ പിന്നാലെ ഉണ്ടായാലേ സത്യം വെളിച്ചത്ത് വരൂ. അതിന് വേണ്ടിയാണ് നമ്മുടെ ആളുകള്‍ കാത്തിരിക്കുന്നത്.

വാർത്തകളിലെ ചില അതിശയോക്തികൾ അസഹനീയമാണ്. വർത്തകളിലൊന്നിൽ പള്‍സര്‍ ബൈക്കും ഒരു പ്രതി ! കോടതിയില്‍ കീഴടങ്ങാന്‍ സുനി കുമാര്‍ എന്ന പള്‍സര്‍ സുനി പള്‍സര്‍ ബൈക്കില്‍ തന്നെ വരാന്‍ ഉദ്ദേശിച്ചത് സിനിമാ മോഡല്‍ ആയിപ്പോയി. ഈ ബുദ്ധി ആരാണ് ഉപദേശിച്ചത് ?

നമ്മുടെ നാട്ടിലെ രാഷ്ട്രീയ പ്രവര്‍ത്തകരോട് ഒരു വാക്ക്, പലപ്പോഴും ഉദ്യോഗസ്ഥര്‍ക്കും ജീവനക്കാര്‍ക്കും ഇത്തരം കാര്യങ്ങളില്‍ യഥാര്‍ത്ഥ സത്യം പുറത്ത് പറയാനാവില്ല. എന്നാല്‍ രാഷ്ട്രീയക്കാര്‍ക്ക് ഇത്തരം പ്രതിബന്ധങ്ങള്‍ ഇല്ല. അത് കൊണ്ട് തന്നെ കുറെയെങ്കിലും സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയാന്‍ നിങ്ങള്‍ തയ്യാറാകണം. അങ്ങനെ വെട്ടിത്തുറക്കുന്നവരുടെ എണ്ണം കുറയുന്നതാണല്ലോ ഈ നാട്ടിലെ ഏറ്റവും വലിയ പ്രശ്നം.

സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനോട് ഒരു ചെറിയ അഭ്യര്‍ത്ഥന, പള്‍സര്‍ സുനിയെ പിടിക്കാനുള്ള എല്ലാ സമ്മര്‍ദ്ദങ്ങളും സംസ്ഥാന പോലീസിനു സമൂഹം വിട്ട് കൊടുത്തു കഴി‍ഞ്ഞിട്ടും ഈ പ്രതിയെ പിടിക്കാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും നടത്തിയ ചിലരെങ്കിലും ഈ നാട്ടില്‍ ജീവിച്ചിരിക്കുന്നുണ്ട്. അത് കൊണ്ട് തന്നെ പള്‍സര്‍ സുനിയുമായി അയാളുടെ ഒളിത്താവളങ്ങളിലും മറ്റുള്ള സ്ഥലങ്ങളിലും ബന്ധപ്പെട്ടവര്‍ ആരെന്ന് കണ്ട് പിടിച്ച് അവരെ നിയമത്തിന് മുന്നിലേക്ക് കൊണ്ട് വരണം , ഇതൊന്നും ഇനി ആവര്‍ത്തിക്കപ്പെടാന്‍ പാടില്ല !

NO COMMENTS

LEAVE A REPLY