പിണറായി ഇപ്പോൾ തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല : വി ടി ബൽറാം

v t balram

മുഖ്യമന്ത്രി പിണറായി വിജയനെ എടാ എന്ന് വിളിച്ചെന്ന ആരോപണത്തിനെതിരെ കോൺഗ്രസ് എംഎൽഎ വി ടി ബൽറാം രംഗത്ത്. മുഖ്യമന്ത്രിയെ ‘എടാ’ എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും താൻ വിളിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട ഏത് വീഡിയോയും ആർക്കും പരിശോധിക്കാമെന്നും ബൽറാം ഫേസ്ബുക്കിലൂടെ മറുപടി നൽകി.

അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്എഫ്‌ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളൂവെന്നും ബൽറാം.

തിരുവായ്ക്ക് എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല പിണറായി എന്നും ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ് സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ് ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണമെന്നും മറൈൻ ഡ്രൈവിൽ കഴിഞ്ഞ ദിവസം നടന്ന സദാചാര ഗുണ്ടായിസത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ബൽറാം വ്യക്തമാക്കി.

പോസ്റ്റിന്റെ പൂർണ്ണ രൂപം

 

സദാചാര ഗുണ്ടകളായ ശിവസേനക്കാരെ പ്രതിപക്ഷം വാടകക്കെടുത്തതാണെന്ന് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട്‌ നിയമസഭാതളത്തിൽ ഒരാൾ അകാരണമായി ആക്ഷേപിച്ചാൽ പറയുന്നയാളുടെ മുഖത്തേക്ക്‌ വിരൽ ചൂണ്ടിത്തന്നെ അത്‌ നിഷേധിച്ചിരിക്കും. അതിൽ പ്രകോപിതനാവേണ്ട കാര്യമില്ല. തിരുവായ്ക്ക്‌ എതിർവാ ഇല്ലാത്ത പഴയ പാർട്ടി സെക്രട്ടറി പദവിയിലല്ല, ശിവസേനയെപ്പോലുള്ള ഫാഷിസ്റ്റ്‌ സംഘടനകളുടെ തോന്ന്യാസത്തെ അടിച്ചമർത്താനുള്ള ഭരണഘടനാപരമായ ഉത്തരവാദിത്തമുള്ള പദവിയിലാണ്‌ ഇദ്ദേഹം ഇപ്പോൾ ഇരിക്കുന്നതെന്ന് സ്വയം തിരിച്ചറിയണം. ആ ഉത്തരവാദിത്ത നിർവ്വഹണത്തിൽ ആവർത്തിച്ച്‌ വീഴ്ചകളുണ്ടാവുമ്പോൾ ഇനിയും നിങ്ങളുടെ മുഖത്തിന്‌ നേർക്ക്‌ ജനാധിപത്യ ചോദ്യങ്ങളുടെ ചൂണ്ടുവിരലുകൾ ഉയർന്നുകൊണ്ടേയിരിക്കും.

ബ്രണ്ണൻ കോളേജിലൊന്നും പഠിച്ചിട്ടില്ലെങ്കിലും വിരട്ടലൊക്കെ ഞങ്ങളും കുറേ കണ്ടിട്ടുണ്ട്‌.

*******************
Added:
ആടിനെ പട്ടിയാക്കുന്ന സിപിഎം സൈബർ പ്രചരണത്തിന്‌ മറുപടി എന്ന നിലയിൽ മാത്രം പറയട്ടെ, മുഖ്യമന്ത്രിയെ “എടാ” എന്നോ മറ്റോ ഒരു അധിക്ഷേപകരമായ വാക്കും ഞാൻ വിളിച്ചിട്ടില്ല. ബന്ധപ്പെട്ട ഏത്‌ വീഡിയോയും ആർക്കും പരിശോധിക്കാം. അഭിപ്രായവ്യത്യാസങ്ങൾ പറയേണ്ട ഭാഷയിൽത്തന്നെ പറയാനറിയാം. അങ്ങനെയേ ഇതുവരെ പറഞ്ഞിട്ടുള്ളൂ, ഇനിയും പറയുകയുമുള്ളൂ. നേരത്തെ ടിപി ശ്രീനിവാസനെ എസ്‌എഫ്‌ഐക്കാർ ആക്രമിച്ചതിനുള്ള ന്യായീകരണമായും ഇങ്ങനെ പല പ്രചരണങ്ങളും അവർ ഉയർത്തിയിരുന്നു. ആ തന്ത്രം സൈബർ സിപിഎമ്മുകാർ ആവർത്തിക്കുന്നു എന്നേയുള്ളൂ.

 

NO COMMENTS

LEAVE A REPLY