Advertisement

അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് കടമ്പകളേറെ

March 15, 2017
Google News 0 minutes Read

മലയാളി വ്യവസായി അറ്റ് ലസ് രാമചന്ദ്രന്റെ ജയില്‍ മോചന വാര്‍ത്തകള്‍ പുറത്ത് വരികയാണ്. ഇദ്ദേഹത്തിന്റെ വക്കീല്‍ തന്നെയാണ് ആശാവഹമായ ഈ വാര്‍ത്ത പുറത്ത് വിട്ടതും. എന്നാല്‍ കോടിക്കണക്കിന് രൂപയുടെ ബാങ്ക് ബാധ്യത അവസാനിപ്പിച്ച് ജയില്‍ മോചിതനാകണമെങ്കില്‍ അറ്റ് ലസ് രാമചന്ദ്രന് വലിയ കടമ്പകളാണ് താണ്ടാനുള്ളത്.
കടങ്ങള്‍ വീട്ടാനുള്ള സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തില്‍‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് ആവശ്യപ്പെട്ട് രാമചന്ദ്രന്റെ വീട്ടുകാര്‍ മുഖ്യമന്ത്രിയ്ക്ക് അപേക്ഷ നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ ഒത്ത് തീര്‍പ്പിന് തയ്യാറായി രംഗത്ത് എത്തിയിട്ടുണ്ടെന്നും വാര്‍ത്തകളുണ്ട്.
അറ്റ് ലസിന്റെ പേരില്‍ നല്‍കിയ ചെക്കുകള്‍ മടങ്ങിയതിനാണ് 18മാസങ്ങള്‍ മുമ്പ് രാമചന്ദ്രന്‍ അറസ്റ്റിലായത്. ബാങ്കുകള്‍ക്ക് ലഭിക്കേണ്ടതിന് തത്തുല്യമായ തുകയുടെ ആസ്തി ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ മാത്രമാണ് ബാങ്കുകള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് തയ്യാറാകുക. രണ്ട് ബാങ്കുകള്‍  ഒത്ത് തീര്‍പ്പിന് ഇതേവരെ വഴങ്ങിയിട്ടുമില്ല.

atlas mm ramachandran
സംസ്ഥാന സര്‍ക്കാര്‍ കൊടുക്കുന്ന കത്ത് സംബന്ധിച്ച്  കേന്ദ്രസര്‍ക്കാര്‍ ദുബായി പോലീസുമായി ചര്‍ച്ച നടത്തുന്നതിനും സാങ്കേതിക തടസ്സങ്ങളുണ്ട്. രാമചന്ദ്രന്റെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള പൂര്‍ണ്ണ രൂപം കേന്ദ്ര സര്‍ക്കാറിന് ലഭിച്ചാല്‍ മാത്രമാണ് ഇക്കാര്യവുമായി കേന്ദ്രസര്‍ക്കാറിന് ദുബായി പോലീസിനേയും ഭരണകൂടത്തേയും സമീപിക്കാനാവൂ. രാമചന്ദ്രന്റെ ബിസിനസ്സില്‍ പങ്കാളികളായിരുന്ന മകളും ഭര്‍ത്താവും ദുബായില്‍ ജയിലിലാണ്. ഏത് വിധേയനെയെങ്കിലും പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടാമെന്ന പ്രതീക്ഷയിലാണ് രാമചന്ദ്രന്റെ ഭാര്യയടക്കമുള്ളവര്‍.

ഇപ്പോള്‍ അറ്റ് ലസ് ഗ്രൂപ്പിന്റെ ഒമാനിലെ രണ്ട് ആശുപത്രികള്‍ വിറ്റഴിച്ച് കടത്തിന്റെ ആദ്യ ഘഡു നല്‍കാമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. എന്‍എംസി ഗ്രൂപ്പ് ആശുപത്രികള്‍ വാങ്ങാന്‍ മുന്നോട്ട് വന്നിട്ടുണ്ട്. അത് മാത്രമാണ് ഇപ്പോള്‍ രാമചന്ദ്രന്റെ മുന്നില്‍ ആകെയുള്ള പിടിവള്ളി. ആശുപത്രി ഇവര്‍ ഏറ്റെടുക്കുകയും, മറ്റിടങ്ങളിലുള്ള രാമചന്ദ്രന്റെ സ്വത്ത് വിവരക്കണക്കുകള്‍ കൃത്യമായും നല്‍കുകയും കൂടിചെയ്താല്‍ മാത്രമാണ് രാമചന്ദ്രന്റെ ജയില്‍ മോചനം സാധ്യമാകുക. നിലവില്‍ ഇതിന് മാസങ്ങളുടെ കാലതാമസം എടുക്കും.അതേസമയം കടുത്ത പ്രമേഹ രോഗിയായ ഇദ്ദേഹം ജയിലില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് ആരോഗ്യം ക്ഷയിച്ച അവസ്ഥയാലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

ആയിരം കോടി രൂപയാണ് നിലവില്‍ ദുബായി ബാങ്കുകളില്‍ രാമചന്ദ്രന് കടം ഉള്ളത്. ബാങ്ക് വായ്പകളുടെ തിരിച്ചടവ് മുടങ്ങുകയും ചെക്കുകള്‍ മടങ്ങുകയും ചെയ്തതോടെയാണ് രാമചന്ദ്രന്‍ ജയിലിലാകുന്നത്. അ‍ഞ്ച് കോടി ദിര്‍ഹത്തിന്റെ ചെക്കുകളാണ് മുടങ്ങിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here