ബാഹുബലി – ദി കൺഫ്യൂഷൻ

എന്തിനാണ് പ്രേക്ഷകർ ബാഹുബലിയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്നത് ?

എന്തിനാണ് പ്രേക്ഷകർ ബാഹുബലിയുടെ രണ്ടാം ഭാഗം കാത്തിരിക്കുന്നത് ? ഒരു ഉത്തരത്തിന് വേണ്ടി മാത്രമാണെന്ന് കരുതുന്നത് മാധ്യമങ്ങളും നിരീക്ഷണ – നിരൂപക വിദഗ്ധരും ആണ്. അവർ കരുതിയതൊക്കെ എഴുതിക്കൂട്ടിയും പറഞ്ഞുപരത്തിയും ഇപ്പോൾ ജനങ്ങളും ഏതാണ്ട് അതെ പരുവത്തിലായി . അതായത് ബാഹുബലി രണ്ടാം ഭാഗം ഇറങ്ങി പ്രഭാത പ്രദർശനം കഴിയുമ്പോൾ തന്നെ സിനിമയുടെ കാമ്പ് പപ്പടം പോലെ പൊടിയും . ഫേസ്ബുക്ക് രോഗികൾ ആ ഗുപ്തമായ ഉത്തരത്തെ തുണിയഴിച്ച് നഗ്നമാക്കി വലിച്ചു കീറി പോസ്റ്റ് ആക്കും. അപ്പൊ പിന്നെ 100 ദിവസം പോയിട്ട് ഒന്നര ദിവസം പോലും ഓടില്ല എന്നാണോ ?

bahubali 6

ബാഹുബലി ഒരു ചെറിയ കളിയല്ല. ഇതാണോ കേരളത്തിലെ നീറുന്ന പ്രശ്നം എന്ന് ചോദിക്കുന്ന ഫേസ്ബുക് ബൗദ്ധിക പ്രമാണികൾ ക്ഷമിക്കണം. നല്ല കൊള്ളാവുന്ന സിനിമ പ്രേമികൾക്ക് ബാഹുബലിയും അതിന്റെ സമാപ്തിയാവുമെന്നു കരുതുന്ന രണ്ടാം ഭാഗവും ഇശ്ശി മുഖ്യം തന്നെ. കേരളത്തിൽ മാത്രമല്ല ഏതാണ്ട് ഇന്ത്യ മുഴുവൻ പല ഭാഷയിലായി ബാഹുബലി ജനത്തെ (ക്ഷമിക്കണം സാധാരണ സിനിമാ പ്രേക്ഷകരെ എന്നാണ് ഉദ്ദേശിച്ചത് ) മുൾമുനയിൽ നിർത്തിയിരിക്കുകയാണ്. ബാഹുബലി – ദി കൺക്ലൂഷൻ ആണ് വരാനിരിക്കുന്ന സിനിമയെങ്കിലും എസ് എസ് രാജമൗലിക്കു ഇത് ശരിക്കും ‘ദി കൺഫ്യൂഷൻ ‘ ആണ്. ഒന്നാം ഭാഗം എടുത്തു നിർത്തിയപ്പോൾ , അടുത്ത ഭാഗം പ്രഖ്യാപിച്ചപ്പോൾ ഒന്നും രാജമൗലി സ്വപ്നത്തിൽ പോലും വിചാരിക്കാത്ത എട്ടിന്റെ പണിയാണ് സിനിമ ഓടി ഓടി പോകെ ഉണ്ടായത്. ട്രോളന്മാരും , നിരൂപകരും കൂടി രണ്ടാം ഭാഗത്തിന്റെ കഥ എന്നത് ആദ്യ ഭാഗത്തിന്റെ ഉത്തരം മാത്രമാണെന്ന മട്ടിൽ സംഗതി വഷളാക്കി. രണ്ടാം ഭാഗത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്ന പല ഘട്ടത്തിലും മൗലിയുടെ മൗലി ചൂടുപിടിച്ചു ‘ദി കൺഫ്യൂഷൻ ‘ ആകാൻ ഈ നിരൂപണം ധാരാളമായിരുന്നു.

കട്ടപ്പയും രാജമൗലിയും

bahubali 2

ഒരു കാലത്തെ തെന്നിന്ത്യൻ സൂപ്പർ താരത്തെ സിനിമയിൽ പ്രയോജനപ്പെടുത്തുമ്പോൾ ഒരു സംവിധായകൻ പാലിക്കേണ്ട മര്യാദയാണ് രാജ മൗലി സത്യരാജിലൂടെ കട്ടപ്പയിൽ അടയാളപ്പെടുത്തിയത്. ഇനി രണ്ടാം ഭാഗത്തിലും അതാവർത്തിക്കും എന്നത് ട്രെയിലർ വന്നില്ലെങ്കിലും ഉറപ്പാക്കാവുന്ന വസ്തുതയാണ്. സത്യരാജ് തമിഴ് , മലയാളം, തെലുങ്ക് , കന്നഡ പ്രേക്ഷകരുടെയും ഇഷ്ടനായകനായിരുന്നു. അല്ലാതെ കട്ടപ്പയ്ക്കും ബാഹുബലിക്കുമിടയിൽ സംഭവിക്കുന്ന അതിസങ്കീർണ്ണമായ ഒരു രഹസ്യത്തിന്റെ അടിസ്ഥാനത്തിൽ ഒരു ശരാശരി കച്ചവട സമവാക്യം ഈ സോഷ്യൽ മീഡിയ കാലത്ത് പ്രായോഗികമല്ല എന്നത് രാജ മൗലി എന്ന തലയിൽ ആൾത്താമസമുള്ള സംവിധായകനറിയാം.

ബാഹുബലി ജീവിച്ചു വന്നാൽ മലയാളി ട്രോളി ട്രോളി മരിക്കും

bahubali 1

ബാഹുബലിയെ സ്ഥിരം തെലുങ്ക് കഥയിലെ പോലെ പുനർജ്ജന്മം കൊടുത്ത് തിരിച്ചു കൊണ്ട് വന്നേക്കും എന്നാണ് പ്രമുഖ പ്രശസ്ത സ്വകാര്യ മലയാളം പത്രത്തിലെ സിനിമയെഴുത്തുകാരൻ പ്രവചിച്ചിരിക്കുന്നത്. സംഗതി തെലുങ്കാണ്. ചിലപ്പോൾ എന്തും സംഭവിക്കും. നദി വിഴുങ്ങിയ രാജമാതാ ശിവകാമി ആദിവാസികളുടെ സംരക്ഷണയിൽ യവ്വനം വീണ്ടെടുത്തു അവതരിക്കാം, കട്ടപ്പയും ബാഹുബലിയും കൂടി നടത്തിയ നാടകമാണെന്നു വരുത്തി അച്ഛനെയും മകനെയും കൂടി ഒരുമിച്ചു വിട്ട് വില്ലൻ റാണയുടെ പല്ലാൾ ദേവനെ തട്ടിക്കളയാം. പക്ഷെ കേരളത്തിൽ ആള് കേറി പണം വാരിയ ചിത്രത്തിൽ അത്തരം തല്ലിപ്പൊളി പരിപാടികൾ നടത്തിയാൽ സംഗതി കയ്യീന്ന് പോകുമെന്ന് രാജ മൗലിക്ക് അറിയാം. മാത്രമല്ല ട്രോളന്മാർ കൈ ഒടിയും വരെ പണിത് കൊല്ലുമെന്ന് മലയാളി കൂട്ടുകാർ ടിയാനെ അറിയിച്ചും കാണും.

സസ്പെൻസിൽ തൂങ്ങേണ്ടെന്ന് രാജ മൗലി തീരുമാനിച്ചു

bahubali 8

ഒരു സസ്പെൻസിൽ മാത്രമൊതുക്കി സിനിമയെ വിട്ടുകൊടുക്കണ്ടെന്ന് രാജമൗലി തീരുമാനിക്കുകയും, കഥ പൊളിച്ചു പണിയുകയും ചെയ്തു എന്നും അണിയറ റിപ്പോർട്ടുകൾ ഉണ്ട്. ഒന്നാം ഭാഗത്തേതിലും മികച്ച ദൃശ്യ വിരുന്നൊരുക്കി ആകർഷകമാക്കുക എന്നതാണ് അടിസ്ഥാന തന്ത്രം. ഒന്നാം ഭാഗത്തിലെ ഫ്‌ളാഷ് ബാക്കിലേക്ക് വീണ്ടും പോയി രാജാവായ ബാഹുബലിയുടെയും  പല്ലാൾ  ദേവന്റെയും  ശത്രുതയും , അനുഷ്കയുടെയും , രമ്യ കൃഷ്ണന്റെയും മിന്നുന്ന പ്രകടനങ്ങളും , യുദ്ധ രംഗങ്ങളും , പ്രണയ ഗാനങ്ങളും രണ്ടാം ഭാഗത്തിന്റെ സിംഹ ഭാഗവും അപഹരിക്കും. അല്ലാതെ ‘ദി കൺഫ്യൂഷൻ’ എങ്ങനെ ‘ ‘ദി കൺക്ലൂഷൻ ‘ ആയി മാറുമെന്ന് വേറെ കഥയൊന്നും മെനയാൻ നിരീക്ഷക മഹാന്മാർക്കും കഴിയുന്നില്ല.

bahubali 4

NO COMMENTS

LEAVE A REPLY