വിദ്യാസമ്പന്നരായ പെൺകുട്ടികളെ ഒരുമിച്ചു താമസിപ്പിച്ച്‌ ഉപയോഗിച്ച വിരുതൻ

‘കൽക്കിയുടെ അവതാരം’ ഉണ്ണികൃഷ്ണൻ പറ്റിച്ചത് നൂറുകണക്കിന് ആളുകളെ. തട്ടിപ്പിനിരയായവരിലേറെയും പെൺകുട്ടികൾ. വഞ്ചിക്കപ്പെട്ടവർ സാധാരണക്കാരോ വിദ്യാഭ്യാസം കുറഞ്ഞവരോ അനാഥരോ അല്ല എന്നതാണ് രസകരം. ബിടെക്കും, എംടെക്കും, എം ബി എ യും ഒക്കെയുള്ള സാമ്പത്തികമായി ഭദ്രതയുള്ള പെൺകുട്ടികളെയാണ് ഉണ്ണികൃഷ്ണൻ ചതിച്ചു വശത്താക്കിയത്. ഇൻഫോ പാർക്കിലെ ടെക്കികളെയാണ് ഈ ദിവ്യൻ വലവീശിപ്പിടിച്ചത്.

ഇന്‍ഫോപാര്‍ക്കിലെ ജീവനക്കാരിയായ യുവതിയെയും രണ്ടു കൂട്ടുകാരികളെയും കാണാനില്ലെന്ന കോട്ടയം സ്വദേശിയുടെ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് വ്യാജദിവ്യന്‍ വലയിലായത്. പെൺകുട്ടികളുടെ മൊബൈൽ കേന്ദ്രീകരിച്ച് നടന്ന തിരച്ചിലിൽ പോലീസ് എത്തിയത് കാക്കനാടുള്ള ഫ്ളാറ്റിൽ. തൃശൂര്‍ എങ്ങണ്ടിയൂര്‍ എം.എ ആശുപത്രിക്ക് സമീപം താമസിക്കുന്ന കല്ലുങ്കല്‍ വീട്ടില്‍ കണ്ണൻ എന്ന ഉണ്ണികൃഷൻ (30) എന്നയാൾ വാടകക്ക് എടുത്ത ഫ്ളാറ്റിലായിരുന്നു പെൺകുട്ടികൾ.

“ആളെ വേണ്ടത്ര പരിചയം ? ലോക പ്രസിദ്ധനായ തനി രാവണൻ ! തലയുടെ എണ്ണം പത്ത്…”

ഒരു സിനിമാറ്റിക് വിരുതൻ എന്ന് ഉണ്ണികൃഷ്ണനെ പറയാം. പറഞ്ഞു വിശ്വസിപ്പിക്കാൻ തക്ക കഴിവ്. (ഇതൊക്കെ വെള്ളം തൊടാതെ വിഴുങ്ങാൻ കുറെ അഭ്യസ്തവിദ്യർ എന്ന് ഊറ്റം കൊള്ളുന്നവർ ഇപ്പോഴും ഉണ്ട് എന്നതൊന്നും നമ്മൾ സമ്മതിച്ചു കൊടുക്കരുത്) ഡോക്ടർ ആണെങ്കിലും താന്ത്രിക മാന്ത്രിക വിദ്യയിൽ താൻ കേമനാണെന്നും ബ്രാഡ്‌ലി ഉൾപ്പെടെ പലപല സായ്‌വ്‌മാരും തന്റെ ശിഷ്യരാണെന്നും മട്ടിലുള്ള തട്ടിപ്പ് വിദ്യയിൽ ടെക്കികളായ പെൺകുട്ടികൾ വീണു.

ന്യൂറോ സർജ്ജനായ തനിക്ക് ജ്യോതിഷവും സിദ്ധ ചികിൽസയും അറിയാമെന്നും പൂജകളിലൂടെ പല രോഗങ്ങളും അപകടങ്ങളും ദോഷങ്ങളും ഒഴിവാക്കാം എന്നും ഇയാൾ പെൺകുട്ടികളെ വിശ്വസിപ്പിച്ചു. ഇവരെ ഒരു ഫ്ളാറ്റിൽ താമസിപ്പിക്കുകയും ചികിൽസിക്കുകയും ആയിരുന്നു ഉണ്ണികൃഷ്ണൻ. പെൺകുട്ടികളിൽ ചിലരോടൊപ്പം വേളാങ്കണ്ണി, രാമേശ്വരം, ധനുഷ്‌കോടി തുടങ്ങിയ സ്ഥലങ്ങളിലൊക്കെ ഇയാൾ കറങ്ങിയിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

ഇതൊക്കെ കഴിഞ്ഞു പണവും ഊറ്റി

വലയിലായി കഴിഞ്ഞ പെൺകുട്ടികളെ യഥേഷ്ടം ഉപയോഗിച്ച ശേഷം അവരുടെ പണം ഊറ്റിയെടുക്കുകയും ചെയ്തു ഈ കലിയുഗ കൽക്കി. ഫ്‌ളാറ്റിൽ താമസിപ്പിച്ചിരുന്ന നിരവധി പെൺകുട്ടികളിൽ ഒരു യുവതിയെ സുഹൃത്തിനെക്കൊണ്ട് വിവാഹം ചെയ്യിപ്പിക്കുകയും ചെയ്തു. യുവതിയുടെ സഹോദരനേയും അയാളുടെ ഭാര്യയേയും ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തി അവിടെ താമസിപ്പിച്ചു.

പെൺകുട്ടിയുടെ സഹോദര ഭാര്യയ്ക്ക് സമ്പത്തുണ്ടെന്നു മനസിലാക്കി പദ്ധതി ഒരുക്കി. ഭര്‍ത്താവിന് അപമൃത്യു സംഭവിക്കുമെന്നും അത് ഒഴിവാക്കാന്‍ പൂജ നടത്തണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ഇതിനായി 1.73 ലക്ഷം രൂപ അവരില്‍ നിന്നു വാങ്ങി. അവരോടും താന്‍ കല്‍ക്കിയുടെ അവതാരമാണെന്ന് ആവർത്തിച്ചു. പൂജയ്ക്കിടെ യുവതിയുടെ സഹോദര ഭാര്യയെ ഇയാള്‍ ശുചിമുറിയില്‍ വച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു. ഈ യുവതിയുടെ പരാതിപ്രകാരം ബലാത്സംഗത്തിനും കേസെടുത്തിട്ടുണ്ട്.

ശരീര സ്വതന്ത്ര പൂജകൾ

ശരീര സ്വതന്ത്ര പൂജകൾ എന്ന പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി ഹോമ കുണ്ഠത്തിനരികേ ഇരുത്തുന്നതും തുടർന്ന് മണിക്കൂറുകൾ പൂജ നടത്തുന്നതും ഇയാളുടെ രീതിയായിരുന്നു. യഥാർത്ഥത്തിൽ സ്ത്രീകളുടെ നഗ്‌നത ആസ്വദിക്കുകയും ഇത് വീഡിയോയിൽ പകർത്തുകയും ചെയ്യുകയായിരുന്നു ഉണ്ണികൃഷ്ണന്റെ പരിപാടി. ഇതൊന്നും ഉണ്ണികൃഷ്ണന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടില്ല എന്ന് മാത്രമല്ല സമ്പന്നൻ ആക്കുകയും ചെയ്തു. ഒരു പൂജക്ക് 1.5 ലക്ഷം രൂപവരെ ഇയാൾ ഈടാക്കിയിരുന്നു.

മാർക്കറ്റിങ് തന്ത്രത്തിൽ ഇയാൾ എല്ലാവരെയും ഒരു പോലെ ഇരകളാക്കി. ഒരാൾ ഇയാളുടെ അടുത്തുവന്നാൽ അവർ മാനസീക സുഖം ലഭിക്കും, മെഡിറ്റേഷനും പൂജയും ഉണ്ടെന്നും പറഞ്ഞ് കൂട്ടുകാരികളേയും കൊണ്ടു വരും. അതിനുള്ള പ്രത്യേക പരിഗണനയും ഉണ്ണികൃഷ്ണൻ നൽകിയിരുന്നു. അങ്ങനെയാണ് വ്യാജ മന്ത്രവാദവുമായി ഇയാൾ തടിച്ചു കൊഴുത്തത്.

സംസ്കാരത്തിന്റെയും ആർഷഭാരത ചരിത്രത്തിന്റെയും മേനി വിളമ്പുന്നവർ അറിയാതെ പോകുന്ന ചതിക്കുഴികൾ ആണിവ. പുരോഗമനത്തിന്റെ പൊട്ടോ പൊടിയോ പോലും തൊട്ടു തീണ്ടാതെ ഒരു തലമുറയെ   വളർത്തിയെടുക്കണമെന്നു ആഹ്വാനം ചെയ്യുന്നവർ സമൂഹത്തോട്  ചെയ്യുന്ന ദ്രോഹമാണ് ഇത്. മത സ്വാതന്ത്ര്യത്തിന്റെ പേരിൽ നാട്ടിൽ ആഭിചാരങ്ങൾ നടത്തുന്ന ഈ തെമ്മാടികളെ  യഥാ സമയം പൂട്ടികെട്ടാൻ കൂടി നിങ്ങളുടെ സദാചാര സന്നദ്ധതയ്ക്കു കഴിയണം. 

criminal kalki unnikrishnan in kochi

⇦ വാർത്തകൾ അറിയൂ ഫേസ്ബുക്കിലൂടെ!!! നിങ്ങളുടെ ഫേസ്ബുക്കിൽ Latest News updates ലഭിക്കുവാൻ 24 News ഒഫിഷ്യൽ ഫേസ്ബുക്ക് പേജ് like ചെയ്യുക.
Click here to download Firstnews