കോൺഗ്രസിന്റെ ‘രാഹു’കാലം

കേരളത്തിലെ ‘തല’യില്ലാത്ത കോൺഗ്രസിന് മേൽ ഏറ്റ പ്രഹരമാണ് യൂത്ത് കോൺഗ്രസ് വൈസ്പ്രസിഡന്റ് സിആർ മഹേഷിന്റെ രാജി. തണുത്തുറഞ്ഞ പോയ ദേശീയ നേതൃത്വത്തെ ‘ഡീഫ്രീസ്’ ചെയ്ത് നിലപാടുകളുടെയും, നടപടികളുടെയും, നട്ടുച്ചയിലേക്ക് ഇറക്കിനിർത്തുകയെന്ന അതി മോഹമാണ് മഹേഷ് എന്ന ഫയർബ്രാന്റിന്റെ ഇറങ്ങിപ്പോക്കിന് വഴിതെളിച്ചത്.

വലിയ ഒറ്റക്കക്ഷിയെന്ന ജനസമ്മതിപത്രം തലയണക്കീഴിൽ വെച്ച്, കൂർക്കം വലിച്ചുറങ്ങിയത് വഴി നഷ്ടപ്പെട്ട രണ്ട് സംസ്ഥാനങ്ങളിലെ ഭരണം, പാർട്ടിയിൽ വിശ്വാസമില്ലെന്ന തോന്നലുളവാക്കുന്ന മുതിർന്ന നേതാക്കളുടെ പരസ്യപ്രസ്താവനകൾ, കോൺഗ്രസിൽ നിന്ന് ആവോളം അധികാരസ്ഥാനങ്ങൾ നുകർന്ന വന്ദ്യവയോധികരുടെ ബിജെപിയിലേക്കുള്ള നാണംകെട്ട ചേക്കേറലുകൾ – ഇതിന് പുറമെ, രോഗിണിയായ അമ്മ, എത്ര നിർബന്ധിച്ചിട്ടും പുരവിട്ടു പുറത്തിറങ്ങാത്ത പെങ്ങൾ – എന്നിങ്ങനെയുള്ള പ്രാരാബ്ധങ്ങളിൽ പെട്ട് നട്ടം കറങ്ങുന്ന പുരനിറഞ്ഞു നിൽക്കുന്ന രാഹുൽ ഗാന്ധിയുടെ പ്രതിസന്ധികൾ.

മതാധിപത്യം കയറഴിച്ചുവിട്ട കാളക്കുട്ടിയായി ഓടിനടന്നു പുല്ലുമേയുന്ന ഒരു രാജ്യത്തെ മാറ്റത്തിലേക്ക് നയിക്കുമെന്ന്, ചിലരെങ്കിലും ഇനിയും പ്രതീക്ഷിക്കുന്ന ഒരു പാർട്ടിയുടെ കേന്ദ്രാവസ്ഥയിതാണ്.

ഇങ്ങ് കേരളത്തിലോ ?

ദുരൂഹ സാഹചര്യത്തിൽ രാജിവെച്ചിറങ്ങിപ്പോയ സുധീരൻ ഒഴിഞ്ഞ കസേര , അതിന് ചുറ്റും മനപ്പായസസദ്യ വെച്ചുകുടിച്ചു മദോന്മത്തരായ ഗ്രൂപ്പുകാരണവന്മാർ, ഗ്രൂപ്പുവൈരാഗ്യം മൂത്ത് സംഘടനാ തെരഞ്ഞെടുപ്പടിപ്പൂരം നാടുനീളെ ആഘോഷിക്കുന്ന കെ.എസ്.യു വിന്റെ ധീരസഹജർ, കണ്ണ് തെറ്റിയാൽ കാവിപ്പുരയിൽ ഒളിസേവ കൂടുമെന്ന് ഒപ്പമുള്ളവർ പോലും ശങ്കിക്കുന്ന പ്രതിപക്ഷ നേതാവ്, ആർക്കും പിടി കൊടുകാതെ, ഒരു സീരിയൽകഥ പോലെ സമസ്യയായി തുടരുന്ന മുൻമുഖ്യമന്ത്രി.

ഈ നിലവിട്ട കയത്തിൽ നിന്നാണ് സി.ആർ.മഹേഷിന്റെ രോദനം ഉയർന്നു കേട്ടത്. എഴുപതുകളിൽ കോൺഗ്രസ് സംഘടനയെ വിഴുങ്ങിയ സ്വേച്ഛാധിപത്യത്തിനെതിരെ ഉയർന്നു കേട്ടതുപോലെ അത്ര തീക്ഷണമൊന്നുമായിരുന്നില്ല ഈ മുറവിളി.

എന്നാൽ , ഇന്ന് ‘മൗനി ബാബ’മാരായി മാറിക്കഴിഞ്ഞ അന്നത്തെ ഫയർ ബ്രാൻഡുകളാരും കോൺഗ്രസിന്റെ ദുരവസ്ഥയെക്കുറിച്ച് ആശങ്കപ്പെടുന്നില്ല , എന്നത് പോകട്ടെ മഹേഷിനെപ്പോലെ ഒരാളെ കേൾക്കാൻ പോലും തയ്യാറാകുന്നില്ല.

കേന്ദ്രത്തിലെയും , കേരളത്തിലെയും കോൺഗ്രസിന്റെ അനിവാര്യമായ പൊളിച്ചെഴുത്തിന് തുടക്കമാകേണ്ടതായിരുന്നു മഹേഷിന്റെ നിർദേശം. നിർഭാഗ്യവശാൽ , കോൺഗ്രസ് പാർട്ടി തനിസ്വരൂപം വെളിവാക്കികൊണ്ട് യജമാനസേവയെക്കാൾ വലുതല്ല രാജ്യസേവ എന്ന് ഒരിക്കൽ കൂടി തെളിയിച്ചു.

rahul down post

NO COMMENTS

LEAVE A REPLY