കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം

കൊച്ചിയില്‍ സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഗുണ്ടാ ആക്രമണം. ആകാശ മിഠായി സിനിമാ പ്രവര്‍ത്തകര്‍ക്ക് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണം ഉണ്ടായത്.  നിർമാതാവായ മഹാ സുബൈർ, പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ എന്നിവര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ഒരു സെക്യൂരിറ്റി ജീവനക്കാരനും പരിക്കേറ്റു.
തലയ്ക്കും വലതു ചെവിക്കും പരിക്കേറ്റ സുബൈറിനെയും തലക്ക് മാരകമായി ക്ഷതമേറ്റ സെക്യൂരിറ്റി ജീവനക്കാരനെയും മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഹോട്ടലിലെ ബീയർ പാർലറിൽ മദ്യപിക്കുകയായിരുന്ന യുവാക്കൾ അക്രമാസക്തരാവുകയും സെക്യുരിറ്റി ജീവനക്കാരനെ മർദിക്കുകയുമായിരുന്നു. ഇതിന് സമീപം ഫോണ്‍ ചെയ്ത് കൊണ്ട് നിന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷയേയും സംഘം ആക്രമിച്ചു. തുടര്‍ന്ന് കാറിൽ വന്നിറങ്ങിയ സുബൈറിനെ നോ പാർക്കിങ് ബോർഡ് ഉപയോഗിച്ച് ആക്രമിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി ഈ ഹോട്ടലില്‍ സിനിമയുടെ ചിത്രീകരണം നടന്ന് വരികയായിരുന്നു.സംഭവത്തിൽ ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തതായും തമ്മനം സ്വദേശിയായ ഒരാളെ അറസ്റ്റ് ചെയ്തതായും സൂചനയുണ്ട്.

NO COMMENTS

LEAVE A REPLY