Advertisement

പെൺകുട്ടിയുടെ ചിത്രം പ്രചരിപ്പിച്ചു; ചാനൽ സിഇഒയ്‌ക്കെതിരെ കേസ്

March 29, 2017
Google News 1 minute Read
AJITH CEO

മലപ്പുറം സ്വദേശിയായ 20 വയസ്സുള്ള പെൺകുട്ടിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് മാധ്യമ പ്രവർത്തകരെ ഉൾപ്പെടുത്തി പോലീസ് കേസെടുത്തു. മംഗളം ചാനൽ സി ഇ ഒ, ന്യൂസ് എഡിറ്റർ എന്നിവർക്കെതിരെയാണ് പരപ്പനങ്ങാടി പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.

എ കെ ശശീന്ദ്രൻ മന്ത്രിയായിരിക്കെ പങ്കെടുത്ത ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനചടങ്ങിൽ എടുത്ത ഫോട്ടോ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ പ്രചരിപ്പിച്ചതിനാണ് കേസ്. എ കെ ശശീന്ദ്രന്റേതെന്ന പേരിൽ പുറത്തുവിട്ട ശബ്ദരേഖയ്ക്ക് പുറമെയാണ് ചാനൽ സിഇഒ ആർ അജിത്ത് കുമാർ പെൺകുട്ടിയുടെയും ശശീന്ദ്രന്റെയും ചിത്രം മാധ്യമ പ്രവർത്തകരുടെ വാട്ട്‌സ്ആപ്പ ഗ്രൂപ്പ് വഴി പ്രചരിപ്പിച്ചത്. ഇതേ ചിത്രം നിരവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യപ്പെട്ടു.

പെൺകുട്ടിയും ശശീന്ദ്രനും തമ്മിൽ ബന്ധമുണ്ടെന്നും അതുവഴി ശശീന്ദ്രൻ മുമ്പും ഇത്തരത്തിലുള്ള ആളായിരുന്നുവെന്നും സ്ഥാപിക്കാനുള്ള ശ്രമമാണ് അജിത്ത് കുമാർ നടത്തുന്നതെന്ന് മാധ്യമപ്രവർത്തകർ തന്നെ ആരോപിക്കുന്നു.

മലപ്പുറം സ്വദേശീയായ പെൺകുട്ടി കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ഇന്റീരിയർ ഡിസൈനിംഗിന് പഠിക്കുകയാണ്. രണ്ട് മാസം മുമ്പ് സ്ഥാപനത്തിലെ ഒരു പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയ്‌ക്കൊപ്പം പെൺകുട്ടി നിൽക്കുന്ന ഫോട്ടോയാണ് വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഇതിൽ മന്ത്രി പെൺകുട്ടിയെ നോക്കി ചിരിക്കുന്ന ഫോട്ടോ ആണ് മന്ത്രി മുമ്പും സ്ത്രീ വിഷയങ്ങളിൽ പെട്ട ആളാണെന്ന് തെളിയിക്കാൻ അജിത്ത് കുമാർ ഉപയോഗിക്കുന്നത്. മന്ത്രി ചിരിച്ചതിൽ എന്ത് അശ്ലീലമാണ് ഉള്ളതെന്നാണ് പെൺകുട്ടിയുടെ ബന്ധുക്കൾ ചോദിക്കുന്നത്.

സംഭവത്തിൽ ഞായറാഴ്ച രാത്രി തന്നെ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിന് പരാതി നൽകി. മൊബൈലിലൂടെ പ്രചരിപ്പിക്കുന്നതിന് പുറമെ സോഷ്യൽ മീഡിയയിലൂടെയും ഈ ഫോട്ടോ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത്തരം നടപടികൾ നിന്ദ്യമാണെന്നും പെൺകുട്ടിയുടെ അയൽവാസികൂടിയായ ഡിവൈഎഫ്‌ഐ വില്ലേജ് സെക്രട്ടറി ജിയേഷ് ട്വന്റിഫോർന്യൂസിനോട് പറഞ്ഞു.

ശശീന്ദ്രനുമായുള്ള വിവാദ ഫോൺസംഭാഷണത്തിലെ പെൺകുട്ടി താനാണെന്ന് വരെയുള്ള പ്രചാരണമുണ്ടായി. ശശീന്ദ്രനെ കുരുക്കാൻ തന്നെ എന്തിന് കരുവാതക്കുന്നുവെന്ന് പെൺകുട്ടി സംഭവത്തോട് പ്രതികരിച്ചു. നീതി ലഭിക്കും വരെ പോരാടുമെന്നും വനിതാ കമ്മീഷന് പരാതി നൽകുമെന്നും ഇവർ വ്യക്തമാക്കി.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here