‘ഹണിട്രാപ്പ്’ വിവാദത്തിലായ ചാനലിൽ കൂട്ട രാജി

 

‘ഹണി ട്രാപ്പ്’ വിവാദത്തിൽ അകപ്പെട്ട മലയാളം വാർത്താ ചാനലിൽ നിന്നും ജേർണലിസ്റ്റുകൾ രാജിവച്ചൊഴിയുന്നു. അധമ മാധ്യമ പ്രവർത്തനം എന്ന ആരോപണം ചാനലിന് നേരെ ഉയർന്നതോടെയാണ് ജേർണലിസ്റ്റുകളുടെ രാജി. മന്ത്രി എ കെ ശശീന്ദ്രനെ തങ്ങളുടെ ഒരു വനിതാ റിപ്പോർട്ടറെ ഉപയോഗിച്ച് ‘ഹണി ട്രാപ്പിൽ’ അകപ്പെടുത്തിയതായി സമ്മതിച്ച് ചാനൽ മേധാവി മാപ്പിരന്നതിന് പിന്നാലെയാണ് അവരുടെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ എം എം രാഗേഷ് പാലാഴി രാജിവെച്ചത്. ഫെയ്‌സ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാഗേഷ് രാജി കാര്യം വ്യക്തമാക്കിയത്. രാഗേഷിന് മുന്‍പ് രണ്ട് മാധ്യമപ്രവര്‍ത്തകര്‍ ചാനലില്‍ നിന്നും രാജിവെച്ചിരുന്നു.

വിവാദ ചാനലില്‍ തുടരാന്‍ ത്രാണിയില്ലെന്നു പ്രഖ്യാപിച്ച് വയനാട് റിപ്പോര്‍ട്ടര്‍ ദീപക് മലയാമ്മയും ചാനലില്‍ നിന്നും രാജി വച്ചു. ”ഒറ്റിക്കൊടുത്തും കൂട്ടിക്കൊടുത്തും ശീലം ലവലേശം ഇല്ല, പണി അറിയാം,അന്നം മുട്ടില്ലെന്ന് നല്ല ബോധ്യവുമുണ്ട്, ബോംബ് വര്‍ഷിക്കുന്നത് കണ്ട് നില്‍ക്കാന്‍ ത്രാണിയില്ല, അതുകൊണ്ട് നിര്‍ത്തി” ദീപക് മലയാമ്മ ഫെയ്‌സ്ബുക്കില്‍ രാജി പ്രഖ്യാപിച്ചു.

നേരത്തെ ചാനലിൽ സബ് എഡിറ്ററായ അല്‍ നിമാ അഷ്‌റഫ് ആണ് ചാനലിന്റെ വാര്‍ത്താ നയത്തില്‍ പ്രതിഷേധിച്ച് സ്ഥാപനം വിട്ടത്. രാജിക്കത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. മാധ്യമ പ്രവര്‍ത്തക എന്ന നിലയില്‍ മാത്രമല്ല സ്ത്രീയെന്ന നിലയിലും അസഹ്യമായ സാഹചര്യമായതിനാലാണ് ചാനലില്‍നിന്ന് രാജിവെച്ചതെന്ന് മാധ്യമ പ്രവര്‍ത്തക അല്‍ നീമ അഷ്റഫ് ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

അതിനു പിന്നാലെ തൃശൂര്‍ ബ്യൂറോയിലെ റിപ്പോര്‍ട്ടര്‍ നിതിന്‍ അംബുജന്‍ ആണ് രാജി പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നപ്പോള്‍ അതിന്റെ വാസ്തവം തെളിയിക്കുന്ന രേഖകളും ഉടന്‍ പുറത്തുവരുമെന്ന് മറ്റുള്ളവരെ പോലെ താനും കരുതിയിരുന്നെന്നും എന്നാല്‍ ഇതുവരെയും അത്തരത്തില്‍ ഒരു വിശദീകരണം ചാനലിന്റെ ഭാഗത്തു നിന്നുമില്ലാത്തതിനാലാണ് രാജി വയ്ക്കുന്നതെന്നും നിതിന്‍ പറഞ്ഞു.

വാർത്ത അവതരിപ്പിക്കുന്നതിൽ ചാനൽ സി ഇ ഒ എടുക്കുന്ന നയങ്ങളോട് ജീവനക്കാർ പൂർണ്ണമായും യോജിപ്പിലായിരുന്നില്ല എന്ന ആരോപണങ്ങളെ ശരി വയ്ക്കുന്നതാണ് കൂട്ട രാജി. ചാനലിന്റെ പേരിൽ ഇനി പൊതുജന മധ്യത്തിലേക്കിറങ്ങാൻ പ്രയാസമാണെന്ന് അവശേഷിക്കുന്ന ജേർണലിസ്റ്റുകളിൽ പലരും അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ചും വനിതകൾക്ക്. ഈ സാഹചര്യത്തിൽ സംശയത്തിന്റെ നിഴലിൽ തുടരാൻ കഴിയാതെ പലരും വരും ദിവസങ്ങളിൽ രാജി നൽകാനാണ് തീരുമാനം.

mass resignation from mangalam, a k saseendran, honey trap, mangalam

NO COMMENTS

LEAVE A REPLY