വൈറലായ ‘കണമ്പ് കൊള്ള ബില്ലിൽ’ ഒളിഞ്ഞിരിക്കുന്ന ഞെട്ടിക്കുന്ന മറ്റൊരു സത്യം

സോഷ്യൽ മീഡിയയിൽ വൈറലായ ‘കരിമ്പിൻകാലയുടെ പകൽ കൊള്ള’യിൽ ഒളിഞ്ഞിരിക്കുന്നത് ലക്ഷങ്ങളുടെ തട്ടിപ്പ്. പത്ത് ലക്ഷത്തിനും ഇരുപതു ലക്ഷത്തിനും ഇടയിൽ പ്രതിവർഷം സർക്കാരിനെക്കൂടി വഞ്ചിക്കുന്ന കഴുത്തറുപ്പൻ വ്യാപാരിയുടെ മുഖം മൂടി കൂടിയാണ് ഇവിടെ അഴിഞ്ഞു വീഴുന്നത്. കഴിക്കാൻ കയറുന്നവരുടെ കഴുത്തിനു കുത്തി പിടിച്ചു വാങ്ങുന്ന പാപത്തിന്റെ പങ്ക് സർക്കാരിനോ സീസറിനോ പോലും നൽകാതെ ഒറ്റയ്ക്ക് അനുഭവിക്കുന്ന ഭക്ഷണശാലയ്ക്ക് ആയിരം രൂപയുടെ കണമ്പ് അത്ര നല്ല ഭാവിയല്ല കാത്തു വച്ചിരിക്കുന്നത്. കരിമ്പിൻ കാലയോട് ചേർന്ന് പ്രവർത്തിക്കുന്ന കരിമ്പിൻ ടേസ്റ്റ് ലാൻഡ് ആണ് വിവാദ ഹോട്ടൽ.
ബില്ലിൽ പറയാതെ പോയ സത്യങ്ങൾ
വൈറലായ വിവാദ ബില്ല് ശ്രദ്ധിക്കുക. ഒരു ഹോട്ടൽ ബില്ലിൽ നിയമപരമായി രേഖപ്പെടുത്തേണ്ട പലതും അതിൽ ഇല്ല. ഏറ്റവും പ്രധാനം ഈ കച്ചവടം സംസ്ഥാന സർക്കാരിന്റെ വിൽപ്പന നികുതി ഒടുക്കിയുള്ളതാണോ എന്നതാണ്. എന്നാൽ അതിനായി വ്യാപാര സ്ഥാപനങ്ങൾക്ക് നൽകുന്ന TIN നമ്പർ ഈ ബില്ലിൽ കാണുന്നില്ല. അതായത് പാചകം ചെയ്ത ഭക്ഷണത്തിന് 5 ശതമാനം നികുതി നൽകണമെന്ന വ്യവസ്ഥയുള്ള നാട്ടിൽ കരിമ്പിൻ കാലയ്ക്കു സെയിൽസ് ടാക്സ് രെജിസ്ട്രേഷൻ ഇല്ല ; ടിൻ (TIN) നമ്പർ പോലുമില്ല. അഥവാ ഉണ്ടെങ്കിൽ അത് രേഖപ്പെടുത്താത്ത ബില്ലുപയോഗിച്ച് വിശക്കുന്നവന്റെ പോക്കറ്റടിക്കുന്നു.
Read More : ഒരു മീൻ വറുത്തതിന് ആയിരം രൂപ ! കോട്ടയത്തെ ഹോട്ടൽ ബിൽ ചർച്ചയാകുന്നു
ശീതളിമയുടെ മറവിൽ പത്ത് ശതമാനം കൊള്ള വേറെ
ബില്ലിലെ എ.സി.ചാർജെസ്സ് (A C CHARGES ) 147.90 രൂപ. അതായത് ആകെയുള്ള 1479.00 രൂപയുടെ ബില്ലിന്റെ പത്ത് ശതമാനം . ഈ പണം എ.സി. പ്രവർത്തിപ്പിച്ചതിനുള്ള വൈദ്യുതി ചാർജ്ജ് എന്നാണ് ബഹുഭൂരിപക്ഷവും ധരിക്കുന്നത്. ഹോട്ടലുകാർ ഉദ്ദേശിക്കുന്നതും അത് തന്നെ. എന്നാൽ നിയമം അതല്ല. എ.സി.ഒരു ലക്ഷ്വറി സർവീസ് ആണ്. ബില്ലിന്റെ 15.5 ശതമാനം ഇതിനായി കേന്ദ്ര സർക്കാരിലേക്ക് പോകേണ്ട സേവന നികുതിയാണ് ഇവിടെ കരിമ്പിൻകാല തന്ത്രപരമായി സ്വന്തം കീശയിലാക്കുന്നത്. ഉപഭോക്താവാകട്ടെ തണുത്തതിനുള്ള പ്രതിഫലമാണ് അതെന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്നു.
സെയിൽസ് ടാക്സ് വകുപ്പിന്റെ ഉത്തരവാദിത്തം
വിൽപ്പന നികുതി രേഖകൾ പ്രദർശിപ്പിക്കാതെ കണ്മുന്നിൽ കച്ചവടം തകൃതിയായി നടക്കുമ്പോൾ ഉത്തരവാദിത്തത്തിൽ നിന്നും ഒളിച്ചോടാൻ സെയിൽസ് ടാക്സ് വകുപ്പിന് കഴിയില്ല. പരിശോധനകൾ ഇനിയെങ്കിലും നടക്കുമെന്ന് ആശിക്കാം.
ഇത്തരം കൊള്ളയ്ക്ക് ആരാണ് ഉത്തരവാദികൾ? വില്പന നികുതി വകുപ്പ് എന്നോ ഭക്ഷ്യ സുരക്ഷാ വകുപ്പെന്നോ അളവ് തൂക്ക നിയന്ത്രണ സംവിധാനങ്ങളെന്നോ എളുപ്പം ഉത്തരം പറയാം. എന്നാൽ ഇക്കാര്യത്തിൽ പൊതുജനങ്ങൾക്കും ഉത്തരവാദിത്തം ഇല്ലേ ? ഇത്തരം ദുരനുഭവങ്ങൾ എത്ര തവണ നിങ്ങൾ പൊതുജന ശ്രദ്ധയിൽപെടുത്തി ? എത്ര തവണ അധികാരികളുടെ മുന്നിൽ പരാതിയായി ബോധിപ്പിച്ചു ?
വില നിയന്ത്രണമില്ലായ്മ , മായം ചേർക്കൽ , അപ്രഖ്യാപിത നികുതികൾ , മറഞ്ഞിരിക്കുന്ന ചൂഷണം എല്ലാറ്റിനുമെതിരെ ഒരുമിച്ചുള്ള ശ്രമം ആവശ്യമായിരിക്കുന്നു. നിങ്ങളുടെ ഈ ശ്രമത്തിൽ 24 കൂടെയുണ്ട്.
a hotel in Kottayam charges 1000 rupees for fish roast bill goes viral in social media, kottayam, karimbin , karimbin kala, #HotelsOrLooters
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here