ചാനലുകൾക്കെന്താ നാണവും മാനവുമില്ലേ ?

-ലീന്‍ ബി ജെസ്മസ്

CHANNEL

എം എം മണിയുടെ നെറികെട്ട പ്രസംഗങ്ങൾക്ക് എക്കാലവും റേറ്റിംഗുണ്ട്. അതിനാൽ മണിയുടെ ഏത് കവല പ്രസംഗവും നമ്മുടെ വാർത്താ സംസ്‌കാരത്തിന്റെ ഭാഗമായി മാറുന്നു. ചില ദുർഗന്ധങ്ങളെ ആസ്വദിക്കുകയെന്ന ‘പെർവേഷൻ’ മാധ്യമങ്ങൾക്കും, കാഴ്ചക്കാർക്കും ഒരുപോലെയുള്ളതിനാൽ മന്ത്രിയായ മണിയും, മന്ത്രിയല്ലാതിരുന്നപ്പോ ഴെന്നപോലെ ഹോട്ട്‌സ്റ്റഫ് ആകുന്നു. ആ ദുർഗന്ധത്തിന് പുറകെ, മാധ്യമപ്പട മണപ്പിച്ച് നടക്കുന്നു. അത്തരമൊരു മണപ്പിക്കലാണ് ശനിയാഴ്ച രാത്രി നടന്നത്. സബ്കളക്ടർക്കെ തിരെ മണി വായിൽ തോന്നിയതൊക്കെ വിളിച്ച് പറഞ്ഞു. അത് രാത്രിതന്നെ വാർത്താ ചാനലുകൾ ആഘോഷമാക്കി.

ഇതേ പ്രസംഗത്തിൽ മണി നടത്തിയത് പെമ്പിളൈ ഒരുമയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമർശമാണെന്ന് ചാനലുകൾ കണ്ടെത്തിയത് രണ്ടാം ദിവസമായ ഞായറാഴ്ചയാണ്. അധിക്ഷേപത്തിൽ മനംനൊന്ത, ഒരുമൈ പ്രവർത്തകരെ സത്യഗ്രഹപ്പന്തലിൽ എത്തിച്ച്, ബിജെപിയും കോൺഗ്രസും ഉൾപ്പെടുന്ന പ്രതിപക്ഷത്തെ കാവലേൽപ്പിച്ച ശേഷം, ചാനലുകൾ വെളുക്കെ വെളുക്കെ മണിയെത്തേടിയെത്തി. പല്ലുതേയ്ക്കും മുമ്പുള്ള ദുർഗന്ധം കൂടി ഏറ്റുവാങ്ങി, ജനസമക്ഷമെത്തിച്ച് ആത്മ പുളകിതരായി. ഇതേ സമയം ഈ പുളകിത വർഗ്ഗം, വെട്ടിമാറ്റിക്കളഞ്ഞ മണിയുടെ പ്രസംഗത്തിലെ സംഭാഷണശകലങ്ങൾ നാണവും മാനവുമില്ലാതെ തെരുവിൽ കിടക്കുന്നു.

അതിന്റെ സാരമിങ്ങനെ – ഈ ചാനലുകാരന്മാർ മുമ്പ് സുരേഷ്‌കുമാറിനൊപ്പം, (അതേ പൂച്ച…) കള്ളുകുടിച്ചുകൂത്താടിയവരാണ്. പെമ്പിളൈ ഒരുമയുടെ സമരകാലത്ത് കാട്ടിനകത്തായിരുന്നു അവരുടെ (ചാനലുകാരുടെ) പരിപാടി. കൂട്ടായി ഒരു ഡിവൈഎസ്പി ഉണ്ടായിരുന്നു. ഇപ്പോൾ ചാനലുകാരന്മാർ ശ്രീറാം എന്ന സബ്കളക്ടർക്കൊപ്പമാണ് പൊറുതി. ഇതിൽ എവിടെയാണ് പെമ്പിളൈ ഒരുമൈ അപമാനിക്കപ്പെട്ടത് ? എവിടെയാണ് ചാനലുകാർ അപമാനിക്കപ്പെടാതിരിക്കുന്നത് ?

മണിയുടെ പ്രസംഗത്തിൽ സംഘടനയുടെ പേര് പരാമർശിക്കപ്പെട്ടതിനാൽ മാനം നഷ്ടപ്പെട്ട പെമ്പിളൈ ഒരുമൈ സമരത്തിനിറങ്ങി എന്ന് കരുതുക. പരസ്യമായി അധിക്ഷേപിച്ചിട്ടും, ചാനലുകാർ എന്തുകൊണ്ടാണ് ഒരു പ്രതിഷേധംപോലും ഉയർത്താത്തത് ? പ്രസംഗം ഭംഗിയായി എഡിറ്റ് ചെയ്ത്, പ്രതിഷേധത്തിനുള്ള അവസരം പെമ്പിളൈ ഒരുമയ്ക്ക് ഒരുക്കികൊടുക്കുക എന്ന കരിങ്കാലിപ്പണി അന്തസ്സുള്ള മാധ്യമപ്രവർത്തകരോട് ചെയ്തതാരാണ് ? ചാനലുകാരെ അടച്ചാക്ഷേപിക്കുകയും അധമരായി ചിത്രീകരിക്കുകയും ചെയ്ത പ്രസംഗമാണ് എം എം മണി നടത്തിയത്. അതിനെതിരെ സത്യാഗ്രഹം കിടക്കുന്നത് പോയിട്ട് പ്രതികരിക്കുകകൂടി ചെയ്യാത്ത മാധ്യമപ്രവർത്തകരെ കുറിച്ച് പൊതുജനം എന്തുകരുതണം ? നാണവും, മാനവുമില്ലാത്തവരാണ് ചാനലുകാർ എന്നോ ?

News Channel| M M Mani| Pembilai Orumai| Munnar|

NO COMMENTS

LEAVE A REPLY