മണിയെ വെറുതെ വിടരുത്

-ലീന്‍ ബി ജെസ്മസ്

0
175
m m mani

പെമ്പിളൈ ഒരുമൈ വിഷയത്തിൽ എം എം മണിയെ കുരുക്കിയത് ചാനലുകാരാണെന്ന 24 ന്യൂസിന്റെ വെളിപ്പെടുത്തലിനെ മറ്റ് മാധ്യമങ്ങളും, സർക്കാരും ഏറ്റെടുത്തതോടെ ഈ വിഷയത്തിൽനിന്ന് പുറത്ത് കടക്കുവാൻ സർക്കാരിനും മണിയ്ക്കും അവസരമൊരുങ്ങി.

നിയമസഭയിൽ, മണി നടത്തിയ പ്രസംഗത്തിൽ വീണ്ടുമൊരിക്കൽക്കൂടി നാട്ടിൻപുറത്തുകാരന്റെ നിഷ്‌കളങ്കത എന്ന സെന്റിമെന്റ്‌സ് കൂട്ടിക്കലർത്തി എഴുതി തയ്യാറാക്കിയ പ്രസംഗത്തിലൂടെ സ്വന്തം നിരപരാധിത്വം തെളിയിക്കുവാനുള്ള ശ്രമം നടത്തിയ മണിയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണയും ലഭിച്ചു. മണിയുടെ മാപ്പ്, മണിയുടെ രാജി തുടങ്ങിയ ആവശ്യങ്ങൾ ഇനി ഒടുങ്ങിത്തീരുമെന്ന അവസ്ഥയിലാണ് കാര്യങ്ങൾ. പക്ഷേ, മണിയെ വെറുതെ വിടരുത് – സ്ത്രീ വിരുദ്ധ പരാമർശം മണിയുടെ നാവിൽ തിരുകിക്കൊടുത്തത് ചാനലുകാരാണ് എന്നതിനാൽ മാത്രം മണി കുറ്റവിമുക്തനാക്കപ്പെടുന്നില്ല.

പാർട്ടി പദവിയിലിരുന്ന്, മണി നടത്തിയ കവല പ്രസംഗങ്ങളുടെ പാപഭാരം ചുമക്കേണ്ട ഉത്തരവാദിത്വം സിപിഎമ്മിന്റേതായിരുന്നു. എന്നാൽ മന്ത്രി പദവിയിലിരുന്ന് എം എം മണി നടത്തുന്ന ഓരോ നെറികേടിന്റെയും ഉത്തരവാദിത്വം കേരള ജനതയ്ക്ക് കൂടിയാണ്. മൂന്നാർ കയ്യേറ്റങ്ങളിലെ ദുരൂഹ നിലപാടിൽ തുടങ്ങി, ഉദ്യോഗസ്ഥന്മാർക്കെതിരായ കാടൻ പ്രയോഗങ്ങൾവരെയെത്തുമ്പോൾ, മണി പിണറായി സർക്കാരിന്റെ ബാധ്യതയാണ്. സഹോദരന്റെ ബിസിനസ്സ് സാമ്രാജ്യത്തെക്കുറിച്ചുള്ള രേഖകൾ പുറത്തു വരുമ്പോൾ നാട്ടിൻപുറത്തുകാരന്റെ നിഷ്‌കളങ്കത കാപട്യമായി മാറുന്നു.

തെരുവുകൾ തോറും മാലിന്യം വിതറുന്ന ഒരു മന്ത്രിയുടെ വിസർജ്ജ്യത്തിൽ മുങ്ങിക്കുളിച്ച് കഴിഞ്ഞാൽ സർക്കാരിനെ ശുചീകരിക്കൽ പ്രധാന അജണ്ടയാക്കേണ്ടി വരും. സ്വതവേ ഇമേജില്ലാത്ത പിണറായി സർക്കാരിനെ എം എം മണി എന്ന ഗ്രാമീണ മന്ത്രി ചെളിയിലേക്ക് മുക്കിത്താഴ്ത്തുകയാണ്. മുഖ്യമന്ത്രിയും സിപിഎമ്മും ഇനിയെങ്കിലും ഇത് കണ്ടറിഞ്ഞാൽ നന്ന്.

M M Mani| Pembilai Orumai|

NO COMMENTS

LEAVE A REPLY