സമീറയുടെ ദുഃഖം പിണറായി അറിഞ്ഞു

-ജിതിരാജ്‌

education loan

രോഷം ആവരണമാക്കിയാണെങ്കിലും സമീറയുടെ നിശബ്ദമായ നിലവിളി കാഴ്ചക്കാരന്റെ നെഞ്ച് കീറിയിരുന്നു. വിദ്യാഭ്യാസ വായ്‌പ്പ എന്ന പേടി സ്വപ്നം ശരാശരി മലയാളിയുടെ നടുവൊടിക്കുന്ന കാലഘട്ടത്തിലാണ് പിണറായി വിജയൻ സർക്കാർ സമീറയുടെയും അത് പോലുള്ള ലക്ഷങ്ങളുടെയും ദുഃഖം അറിഞ്ഞുള്ള തീരുമാനം പ്രഖ്യാപിക്കുന്നത്‌.

മൂന്നും നാലും ലക്ഷം രൂപ ലോണെടുത്ത് പഠിച്ചിറങ്ങുന്നവർക്ക് ജോലിയ്ക്ക് കയറിയാൽ ലഭിക്കുക അയ്യായിരമോ ഏഴായിരമോ മാത്രം. ഈ തുകയിൽ ചെലവ് കഴിഞ്ഞ് വായ്പയിലേക്കടയ്ക്കാൻ ബാക്കി യാതൊന്നും ഉണ്ടാകില്ല. വായ്പയെടുത്ത്, ശമ്പളത്തുക മുഴുവനും വായ്പയിലേക്ക് നൽകി മാസം പട്ടിണി കിടക്കുന്ന എത്രയോ പേർ നമുക്കിടയിലുണ്ട്.

കേരളത്തിലെ ലക്ഷക്കണക്കിന് സമീറമാരുടെ നിശബ്ദ നിലവിളികൾക്ക് മുന്നിൽ പ്രതീക്ഷയുടെ കിരണമാകുകയാണ് നിയമസഭയുടെ അറുപതാം വാർഷിക ദിനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ച വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി. വായ്പ തിരിച്ചടവ് അവധിയ്ക്ക് ശേഷം നാല് വർഷത്തെ കാലയളവിൽ സർക്കാരിന്റെ സഹായത്തോടെ വായ്പ തിരിച്ചടയ്ക്കാൻ സഹായിക്കുന്നതാണ് ഈ പദ്ധതി.

എന്താണ് വിദ്യാഭ്യാസ വായ്പ തിരിച്ചടവ് സഹായ പദ്ധതി

  • ഇത് ഒരു കടാശ്വാസ പദ്ധതിയല്ല. വായ്പ തിരിച്ചടവ് അവധി കഴിഞ്ഞുള്ള നാല് വർഷ കാലയളവിൽ വായ്പ തിരിച്ചടയ്ക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന പദ്ധതിയാണ്.
  • നിഷ്‌ക്രിയ ആസ്തി ആകാത്ത 9 ലക്ഷം രൂപ വരെ വായ്പകൾ അനുവദിച്ചിട്ടുള്ള വിദ്യാഭ്യാസ വായ്പാ അക്കൗണ്ടുകൾക്ക് പദ്ധതിയുടെ സഹായം ലഭിക്കും.
  • വായ്പയുടെ കാലയളവിൽ മരണപ്പെട്ടതോ, അപകടം മൂലം ശാരീരികമായോ മാനസികമായോ വൈകല്യം നേരിടുകയോ ചെയ്ത വിദ്യാർത്ഥികളുടെ വായ്പയുടെ മുഴുവൻ പലിശയും ബാങ്ക് ഇളവ് ചെയ്തുകൊടുക്കുന്നപക്ഷം, മുഴുവൻ വായ്പാ തുകയും സർക്കാർ നൽകും.
  • 2016 ഏപ്രിൽ ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
  • ഒന്നാം വർഷം വായ്പയുടെ 90 ശതമാനവും രണ്ടാം വർഷം 75 ശതമാനവും മുന്നാം വർഷം 50 ഉം നാലാം വർഷം 25ഉം ശതമാനം സർക്കാർ വിഹിതമായി നൽകി തിരിച്ചടയ്ക്കാൻ പദ്ധതി സഹായിക്കും
  • 31 മാർച്ച് 2016 നോ അതിനുമുമ്പോ, നിഷ്‌ക്രിയ ആസ്തിയായി (തിരിച്ചടയ്ക്കാനാകില്ലെന്ന് ഉറപ്പായ) മാറിയിട്ടുള്ള അക്കൗണ്ടുടമകൾക്കും നാലുലക്ഷം രൂപ വരെ വായ്പ എടുക്കുകയും വായ്പാ തുകയുടെ 40 ശതമാനം മുൻകൂറായി അടയ്ക്കുകയും വായ്പയിലുള്ള പലിശ ബാങ്ക് ഇളവുചെയ്ത് കൊടുക്കുകയും ചെയ്തവർക്കും 60 ശതമാനം നൽകി വായ്പ അവസാനിപ്പിക്കാൻ സർക്കാർ സഹായിക്കും.
  • 31 മാർച്ച് 2016 നോ അതിനു മുമ്പോ നിഷ്‌ക്രിയ ആസ്തിയായി മാറിയിട്ടുള്ളതും നാലുലക്ഷത്തിനു മേൽ ഒമ്പതുലക്ഷം രൂപ വരെ അനുവദിച്ചിട്ടുള്ളതുമായ വിദ്യാഭ്യാസ വായ്പകളിൽ ഒരു പ്രത്യേക പാക്കേജായി വായ്പ ക്‌ളോസ് ചെയ്യാൻ ബാങ്കുകൾ തയ്യാറാകുന്നപക്ഷം മുതലിന്റെ 50ശതമാനം (പരമാവധി 24,000 രൂപ) സർക്കാർ സഹായമായി നൽകും. ബാക്കി വരുന്ന തുകയുടെ തിരിച്ചടവ് കാലാവധി ബാങ്ക് പുനഃക്രമീകരിച്ചു നൽകുകയോ, വായ്പയെടുത്തയാൾ മുഴുവനായി അടയ്ക്കുകയോ വേണം.
  • 900 കോടി രൂപയുടെ പദ്ധതി

വിദ്യാഭ്യാസ വായ്പ യഥാർത്ഥ മുഖം ഇങ്ങനെ

കടക്കെണി നമുക്ക് പുത്തരിയല്ല, ജനിച്ച് വീഴുന്ന ഓരോ കുഞ്ഞും രാജ്യത്തിന്റെ തന്നെ കടക്കെണിയുടെ ഭാരം പേറിയാണ് ഭൂമിയിലെത്തുന്നതെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞ് കേട്ടിട്ടുണ്ട്. കേൾക്കാൻ സുഖമുള്ള, വർണ്ണക്കടലാസിൽ പൊതിഞ്ഞുകെട്ടിയ, മാരക വിഷക്കൂട്ടാണ് വായ്പ. തിരിച്ചടയ്ക്കാനായില്ലെങ്കിൽ അതുതന്നെ നമ്മെ വിഴുങ്ങിക്കൊള്ളും.

എല്ലാ ബാങ്കുകളും പ്രത്യേകിച്ച് ന്യൂ ജനറേഷൻ ബാങ്കുകൾ വായ്പകൾക്ക് വലിയ പരസ്യമാണ് നൽകുന്നത്. ആകർഷിച്ച് വലയിൽ വീഴ്ത്തിക്കഴിഞ്ഞാൽ പിന്നെ പതിയെ പതിയെ വലിച്ചെടുക്കും, ചിലന്തികളെപ്പോലെ. ഇതൊന്നും ആഡംബര വാഹനങ്ങൾക്കും കൊട്ടാര സദൃശമായ ബംഗ്ലാവുകൾക്കുമായി വായ്പയെടുക്കുന്നവരെ ഉദ്ദേശിച്ചുള്ളതല്ല. അത്തരം വായ്പകൾക്ക് പലിശയും കുറവാണെന്നുള്ളതിൽ അത്ഭുപ്പെടാനില്ല.

വിദ്യാഭ്യാസ വായ്പയാണ് എന്നും എപ്പോഴും പ്രതിസന്ധിയായി ഉയർന്നുകേൾക്കാറുള്ളത്. സാധാരണക്കാർക്ക് താങ്ങാനാകാത്തവയാണ് നമ്മുടെ നാട്ടിലെ പ്രഫഷണൽ കോഴ്‌സുകളത്രയും. വിദ്യാഭ്യാസം കച്ചവടമായെന്ന് മുറവിളികൂട്ടുമ്പോഴും അതിന്റെ അനന്തരഫലമാണ് വിദ്യാഭ്യാസ വായ്പയെന്ന സത്യം സൗകര്യപൂർവ്വം മറക്കുകയാണ്.

വിവിധ ബാങ്കുകളിൽ 11.75 മുതൽ 14.75 ശതമാനം വരെയാണ് വിദ്യാഭ്യാസ വായ്പയ്ക്ക് ഈടാക്കുന്ന പലിശ നിരക്ക്. പഠിക്കാനായി വായ്പയെടുക്കുന്നവരിൽനിന്നാണ് ഇത്രയും തുക ഈടാക്കുന്നതെന്ന് ഓർക്കണം.

2016 ലെ കണക്ക് പ്രകാരം ഏഴ് ലക്ഷത്തോളം പേരാണ് കേരളത്തിൽ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളത്. 2017 ൽ പുതിയ അധ്യയന വർഷം ആരംഭിക്കുമ്പോൾ എണ്ണം ഇനിയും കൂടും. ജോലി ലഭിക്കാത്തതിനെ തുടർന്ന് വായ്പ തിരിച്ചടയ്ക്കാനാകാതെ ജപ്തി ഭീഷണിയിൽ കഴിയുന്നത് ഒന്നരലക്ഷത്തിലേറെ പേർ. നിരവധി പേർ ജപ്തി ഭീഷണി ഭയന്ന് ആത്മഹത്യ ചെയ്തു.

മെഡിക്കൽ, എഞ്ചിനിയർ, നഴ്‌സിംഗ് തുടങ്ങി ഏത് കോഴ്‌സിനും ലക്ഷങ്ങളിൽ കുറഞ്ഞ് ഫീസ് ഇല്ല. ഡൊണേഷനും മറ്റ് ചെലവുകളും വേറെ. പഠിച്ചിറങ്ങാൻ സാധാരണക്കാരന് ആശ്രയിക്കാവുന്നത് വായ്പയെ മാത്രം. ബാങ്കുകളിൽ കയറി ഇറങ്ങി, സകല നൂലാമാലകളും പുഛവും പരിഹാസവും കഴിഞ്ഞ് ലോൺ നേടിയെടുക്കും. പിന്നെ പഠനം. അത് കഴിഞ്ഞ് സ്വപ്‌നങ്ങൾ പേറി ജോലി തേടി ഇറങ്ങും. കോഴ്‌സ് പൂർത്തിയാക്കി ആറ് മാസത്തിനും ഒരു വർഷത്തിനും ഇടയിൽ ലോൺ തിരിച്ചടവ് ആരംഭിക്കണം. അത് ജോലി ലഭിച്ചാലും ഇല്ലെങ്കിലും നിർബന്ധമാണ്.

പഠന കാലയളവിൽ സബ്‌സിഡി നൽകാനായി കേന്ദ്രസർക്കാർ 2500 കോടി രൂപയോളം അനുവദിച്ചിട്ടുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ മിക്ക ബാങ്കുകളിലും ഇത് വാക്കുകളിൽ മാത്രമാണ് ഒതുങ്ങുന്നത്. മക്കളുടെ വിദ്യാഭ്യാസ വായ്പയിൽ കുടിശ്ശിക വന്നാൽ രക്ഷാകർത്താവിനെ അറസ്റ്റ് ചെയ്യുന്ന നടപടി വരെ കേരളത്തിൽ ഈ അടുത്ത കാലത്ത് ഉണ്ടായിട്ടുണ്ട്.

വിദ്യാഭ്യാസ വായ്പയെന്നാൽ കൊള്ളയെന്നും ആത്മഹത്യയെന്നും വിശേഷിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ കണ്ണീരുണങ്ങാതെ വിശപ്പൊട്ടിയ വയറുമായി സ്വയം ശപിച്ച് ജീവിക്കുന്നവർക്ക് ആശ്വാസമാണ് ഈ പ്രഖ്യാപനം. മരണത്തിന് മുമ്പിൽനിന്ന് പുഞ്ചിരിയോടെ തിരിച്ച് നടക്കാൻ പ്രേരിപ്പിക്കുന്നത്. ഒന്നാം തിയ്യതി ആകുമ്പോൾ കയ്യിൽ കിട്ടുന്ന (പലർക്കും കിട്ടാറില്ല) തുക ബാങ്കുകാർക്കുള്ളത് മാത്രമാണെന്നും തന്റെ ആവശ്യങ്ങൾ വെറും ആഗ്രഹങ്ങളാണെന്നും മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചിരുന്ന നാളുകൾക്ക് അവസാനമാകും. ജോലി ചെയ്യുന്ന ദിവസങ്ങളത്രയും എന്തിന് വേണ്ടി എന്ന് കണ്ണീരോടെ പിറുപിറുക്കാതെ ഇനിയുള്ള രാത്രികളിൽ അവർക്ക് ഉറങ്ങാനാകട്ടെ…

Education Loan | Bank Interest| Pinarayi Vijayan| Niyamasabha|

NO COMMENTS

LEAVE A REPLY