Advertisement

സെന്‍കുമാര്‍ കേസില്‍ നിന്ന് ദുഷ്യന്ത് ദാവെ പിന്മാറിയതിന് കാരണം എന്താണ്?

May 1, 2017
Google News 1 minute Read
tp senkumar, nalini netto

സെന്‍കുമാറിന്റെ ഹര്‍ജി സുപ്രീം കോടതിയില്‍ ബോധിപ്പിക്കാതെ സെൻകുമാറിന്റെ അഭിഭാഷകർ  ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും മുഷ്താക്കും കോടതിയില്‍ നിന്ന് പിന്‍വാങ്ങിയതിന് പിന്നിലെ ‘കഥ’ നാടകീയമായി തുടരുകയാണ്.

പൊലീസ് മേധാവി സ്ഥാനത്തേക്ക് പുനർനിയമനം നൽകണമെന്ന സുപ്രീം കോടതി വിധി സംസ്ഥാന സർക്കാർ നടപ്പാക്കാത്തതിനെതിരെയായിരുന്നു സെൻകുമാറിന്റെ ഹർജി .ഹര്‍ജി കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്താതെ സെന്‍കുമാറിന്റെ അഭിഭാഷകര്‍ അവസാന നിമിഷമാണ് പിന്‍വാങ്ങിയത്. ബുധനാഴ്ച സെന്‍കുമാറിന്റെ നിയമന വിഷയത്തില്‍ തീരുമാനം ഉണ്ടാകുമെന്ന് അറിയിപ്പ് കൂടെ വന്നതോടെ ഇക്കാര്യം അറിഞ്ഞതു കൊണ്ടാണ് അഭിഭാഷകര്‍ പിന്‍വാങ്ങിയതെന്നും വാര്‍ത്ത പരന്നിരുന്നു.

ഹര്‍ജി കോടതി പരിഗണിക്കുന്ന സമയത്ത് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ കോടതിയിലെത്തിയ റിപ്പോര്‍ട്ടര്‍ ചാനലിലെ ന്യൂസ് എഡിറ്റര്‍ ബാലഗോപാലിന്റെ ഫെയ്സ്  പോസ്റ്റ് വായിക്കാം.

സംസ്ഥാന പോലീസ് മേധാവി സ്ഥാനത്ത് പുനഃനിയമിക്കണം എന്ന ഉത്തരവ് നടപ്പിലാക്കാത്തതിന് ചീഫ് സെക്കട്ടറി നളിനി നെറ്റോയ്ക്ക് എതിരെ ഫയൽ ചെയ്ത കോടതി അലക്ഷ്യ ഹർജി ജസ്റ്റിസ് മദൻ ബി ലൊക്കൂര് ന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിന് മുമ്പാകെ പരാമർശിക്കാൻ ഇന്ന് രാവിലെ ആണ് സെൻകുമാറിന്റെ അഭിഭാഷകർ ഔദ്യോഗികം ആയി തീരുമാനിച്ചത്.

ഇത് അനുസരിച്ച് രാവിലെ സെൻകുമാറിന്റെ അഭിഭാഷകർ ആയ ദുഷ്യന്ത് ദാവെയും, ഹാരിസ് ബീരാനും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. സെൻകുമാറിന്റെ പുനഃനിയമനം നടത്താത്തത് പോലെ ഗുരുതരമായ കോടതി അലക്ഷ്യം ആണ് ഡി ജി പി ലോക്നാഥ് ബെഹ്‌റ കഴിഞ്ഞ ഒരു ആഴ്ചയായി എടുക്കുന്ന തീരുമാനങ്ങൾ എന്ന വിലയിരുത്തലും സെൻകുമാറിന്റെ അഭിഭാഷകർക്ക് ഉണ്ട്.

കൊൽക്കത്ത ഹൈകോടതിയിലെ ജസ്റ്റിസ് കർണ്ണന് എതിരായ കോടതി അലക്ഷ്യ ഹർജി പരിഗണിക്കുന്ന ചീഫ് ജസ്റ്റിസ് ജെ എസ് കെഹാറിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ചിൽ ജസ്റ്റിസ് മദൻ ബി ലൊക്കൂർ അംഗമാണ്. അത് കൊണ്ട് തന്നെ ജസ്റ്റിസ് മദൻ ബി ലൊക്കൂറിന്റെ അധ്യക്ഷതയിൽ ഉള്ള ബെഞ്ച് ഇന്ന് വൈകി ആണ് ഇരുന്നത്.

11. 10 വരെ ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ നീണ്ടു. ചീഫ് ജസ്റ്റിസ് കോടതിയിലെ നടപടികൾ പൂർത്തി ആയതിന് തൊട്ടു പിന്നാലെ സംസ്ഥാന സർക്കാരിന്റെ സ്റ്റാന്റിംഗ് കൗൺസിൽ ജി പ്രകാശ് ജസ്റ്റിസ് മദൻ ബി ലോക്കൂർ, ദീപക് ഗുപ്ത എന്നിവർ ഇരിക്കുന്ന കോടതിയിൽ എത്തി. രണ്ടു മിനുട്ടുകൾക് ഉള്ളിൽ സർക്കാരിന്റെ സീനിയർ അഭിഭാഷകൻ ജയ്ദീപ് ഗുപ്തയും എത്തി. 11. 18 നാണ് ജസ്റ്റിസ് മാരായ മദൻ ബി ലോകൂറും ദീപക് ഗുപ്‌തയും കോടതിയിൽ എത്തിയത്. ഏതാണ്ട് ഇതേ സമയം തന്നെ സെൻകുമാറിന്റെ അഭിഭാഷകർ ആയ ദുഷ്യന്ത് ദാവെയും ഹാരിസ് ബീരാനും മുഷ്താക്കും കോടതിയിൽ എത്തി.

ഇടതുഭാഗത്തെ നാലാമത്തെ നിരയിൽ ദാവെ ഇരുന്നു. മറ്റു ചില കേസ്സുകൾ വേഗത്തിൽ കേൾക്കണം എന്ന് പരാമർശിക്കാനായി ചില അഭിഭാഷകർ വരി വരി ആയി നിൽക്കുക ആയിരുന്നു. മധ്യവേനൽ അവധി വരുന്നതിനാൽ കേസ്സുകൾ ലിസ്റ്റ് ചെയ്തു കിട്ടാനും നീട്ടി കിട്ടാനും അഭിഭാഷകർ വ്യാപകമായി ശ്രമിക്കുന്ന സമയം കൂടി ആണിത്.

നിരയിൽ ആദ്യം നിന്ന അഭിഭാഷകന്റെ ആവശ്യം ഒരു കേസിൽ മറുപടി സത്യവാങ്മൂലം ഫയൽ ചെയ്യാൻ അനുവദിക്കണം എന്നതായിരുന്നു. കോടതി ഇത് അംഗീകരിച്ചു. രണ്ടാമത്തെ അഭിഭാഷകന്റെ ആവശ്യം ലിസ്റ്റ് ചെയ്ത കേസ് നീട്ടി വയ്ക്കണം എന്നായിരുന്നു. ഈ ആവശ്യം കോടതി നിരാകരിച്ചു. ഇതിനിടയിൽ ദുഷ്യന്ത് ദാവെ ഇരുപടത്തിൽ നിന്ന് എണീറ്റ് കോടതിക്ക് മുന്നിലേക്ക് നീങ്ങി. തൊട്ട് പിന്നിൽ ഹാരിസ് ബീരാനും. മുഷ്താക്ക് എനിക്ക് ഒപ്പം വിസ്‌റ്റേഴ്‌സ് ഗാലറിക്ക് സമീപത്തും നില ഉറപ്പിച്ചു.

ദുഷ്യന്ത് ദവെയ്ക്ക് തൊട്ട് മുന്നിൽ നിന്ന അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അടുത്തത് ദുഷ്യന്ത് ദാവേയുടെ ഊഴം. സംസ്ഥാന സർക്കാരിന്റെ അഭിഭാഷകർ ആയ ജയ്ദീപ് ഗുപ്‌തയും, ജി പ്രകാശും ദുഷ്യന്ത് ദാവേയുടെ വലത് ഭാഗത്ത് നിലയുറപ്പിച്ചു.

പെട്ടെന്ന് ആയിരുന്നു ആ പിന്മാറ്റം. ജയ്ദീപ് ഗുപ്‌തക്കും, ജി പ്രകാശിനും മാത്രം അല്ല, ആ കോടതിയിൽ ഈ കേസിൽ പലതും നടക്കും എന്ന് പ്രതീക്ഷിച്ചു നിന്ന എന്നെ പോലുള്ളവർക്ക് പോലും ഒന്നും മനസിലായില്ല.

കോടതിക്ക് പുറത്ത് വച്ച് ദാവേയെ വീണ്ടും കണ്ടു. അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്ത് കൊണ്ട് എന്ന ചോദ്യത്തിന് ഒരു ചിരി മാത്രം സമ്മാനിച്ച് അദ്ദേഹം നടന്ന് നീങ്ങി. ഹാരിസിനെ കണ്ടു. ദാവേയോട് ചോദിക്കാൻ ആയിരുന്നു മറുപടി.

ദുഷ്യന്ത് ദാവെയും, ഹാരിസ് ബീരാനും ആയത് കൊണ്ട് ഈ നാടകീയം ആയ പിന്മാറ്റം വെറുതെ എന്ന് കരുതാൻ വയ്യ.

പല സംശയങ്ങളും എനിക്കും ഉണ്ട്. പക്ഷേ ഉറപ്പില്ലാത്ത കാര്യങ്ങൾ ഇവിടെ കുറിക്കുന്നത് ശരി അല്ലല്ലോ.

ഇതൊരു യുദ്ധം ആണ്. ശത്രു ദുർബലൻ ആകുമ്പോൾ അടിച്ചു കയറുക, ശത്രുവിനെ പേടിപ്പിക്കുക, തന്ത്രപരം ആയി പിന്മാറുക, അപ്രതീക്ഷിതമായി വീണ്ടും അടിക്കുക… ഇതൊക്കെ യുദ്ധത്തിൽ സാധാരണം ആണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here