ഇടത് ചാരി മാണി; സ്തബ്ധരായി കോൺഗ്രസ്

k m mani

കേരള കോൺഗ്രസ് എം യുഡിഫ് മുന്നണി വിട്ടിറങ്ങുന്നതിനും മുമ്പ് കേൾക്കുന്നതാണ് മാണി എൽഡിഎഫ് പാളയത്തിലേക്ക് ചേക്കേറുമെന്നത്. ഇടയ്ക്ക് ഇടത് നേതാക്കളും
മാണിയും വേദി പങ്കിട്ടപ്പോഴും ഇതേ പ്രചരണം ഉണ്ടായി. എന്നാൽ ബാർ കോഴയും മറ്റ് അഴിമതികളുമെല്ലാം പുറത്ത് വന്നതോടെ എൽഡിഎഫും പിന്നോട്ട് വലിഞ്ഞു.

പ്രചാരണങ്ങൾക്കും അഭ്യൂഹങ്ങൾക്കും കഴമ്പുണ്ടെന്ന് ശരിവച്ച് കേരള കോൺഗ്രസ് എമ്മും എൽഡിഎഫും കോട്ടയത്ത് ഒരുമിക്കുന്നു. ഇന്ന് നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനെ പിന്തുണച്ച് എൽഡിഎഫ് പരസ്യമായി രംഗത്തെത്തി.

തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർത്ഥി സക്കറിയ കുതിരവേലിയെ സിപിഎം പിന്തുണച്ചു. അതേ സമയം സിപിഐയുടെ ഏക അംഗം വിട്ട് നിന്നു.

കെഎം മാണിയുടെ തീരുമാനത്തിൽ പാർട്ടിയ്ക്കുള്ളിൽതന്നെ കടുത്ത ഭിന്നതയാണ് നിലനിൽക്കുന്നത്. യുഡിഎഫ് വിട്ടതിന് ശേഷവും ജില്ലയിൽ കേരള കോൺഗ്രസിന്റെ കരുത്തിന് കുറവ് വന്നിരുന്നില്ല. രണ്ട് തദ്ദേശ തെരഞ്ഞെടുപ്പിലും ഒറ്റയ്്ക്ക് മത്സരിച്ച് ജയിച്ച പാർട്ടി ഈ തെരഞ്ഞെടുപ്പിലും വലിയ ഭൂരിപക്ഷം നേടിയിരുന്നു. അങ്ങനെയിരിക്കെ ഇടത് പിന്തുണ എന്തിനെന്ന ചോദ്യം പാർട്ടിയ്ക്കുള്ളിൽ പുകയുന്നുണ്ട്.

നേരത്തേയുള്ള ധാരണ പ്രകാരം പ്രസിഡന്റ് സ്ഥാനം ആദ്യ രണ്ടര വർഷം കോൺഗ്രസിനും ബാക്കി കാലയളവിൽ കേരള കോൺഗ്രസിനും എന്നായിരുന്നു ധാരണ. എന്നാൽ മാണി യുഡിഎഫിൽനിന്ന് തെറ്റിപ്പിരിഞ്ഞതോടെ ഇതിന് മാറ്റം വന്നു. മുൻ ജില്ലാ പ്രസിഡന്റ് കോൺഗ്രസിന്റെ ജോഷി ഫിലിപ്പ് കോട്ടയം ഡിസിസി പ്രസിഡന്റ് ആയതിനെ തുടർന്നാണ് ഇപ്പോൾ വീണ്ടും തെരഞ്ഞെടുപ്പ് നടത്തിയത്.

കോട്ടയത്തെ മാണിയുടെ നിലപാട് യുഡിഎഫിനെയും അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി തവണ യുഡിഎഫ് അംഗങ്ങൾ മാണിയെ മുന്നണിയിലേക്ക് തിരിച്ചെത്തിക്കാൻ ശ്രമം നടത്തിയിരുന്നെങ്കിലും തിരിച്ചില്ലെന്ന ഉറച്ച നിലപാടിൽതന്നെയായിരുന്നു കെ എം മാണിയും കേരള കോൺഗ്രസും. എന്നാൽ മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മാണി കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ചിരുന്നു.

NO COMMENTS

LEAVE A REPLY