കോട്ടയത്ത് നടന്നത് കേരളാ കോണ്‍ഗ്രസിന്റെ മധുര പ്രതികാരം

0
83
km mani

കേരളാ കോണ്‍ഗ്രസ്‌ മാണി വിഭാഗത്തിന്  ശക്തിയില്ലെന്ന്‌ വീമ്പ്‌ പറഞ്ഞവര്‍ക്കുള്ള ശക്തമായ സന്ദേശമാണ് കോട്ടയം ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഇന്ന് രാവിലെ മുതല്‍ ഉണ്ടായ ട്വിസ്റ്റുകള്‍. കുത്തിനോവിച്ചവര്‍ക്കും അപമാനിച്ചവര്‍ക്കും ആക്ഷേപിച്ചവര്‍ക്കും ഉള്ളവര്‍ക്കുള്ള ശക്തമായ തിരിച്ചടി. കോണ്‍ഗ്രസ്‌ മൂന്നിലവില്‍ നടപ്പാക്കിയത്‌ കേരളാ കോണ്‍ഗ്രസ്‌ എം ജില്ലാ പഞ്ചായത്തിലും നടപ്പാക്കി,  അതാണ് ഇവിടെ നടന്നത്.

കോണ്‍ഗ്രസ്സിനുള്ളിലെ അഭിപ്രായവ്യത്യാസങ്ങളും ഗ്രൂപ്പുപോരും ചിലരുടെ അധികാരമോഹങ്ങളുമാണ്‌ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിന്‌ കളമൊരുക്കിയത്‌. യു.ഡി.എഫ്‌. ബന്ധം ഉപേക്ഷിച്ച കേരളാ കോണ്‍ഗ്രസ്‌ എം  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സഹകരണ സ്ഥാപനങ്ങളിലുമായി നേരത്തെ ഉണ്ടാക്കിയ കരാറുകള്‍ തുടരുന്നതിനാണ്‌ തീരുമാനിച്ചിരുന്നത്‌. കേരളാ കോണ്‍ഗ്രസ്‌ എമ്മിന് ഒറ്റയ്‌ക്ക്‌ ഭൂരിപക്ഷമുള്ള പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ അകലക്കുന്നത്ത്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ (ഐ)ക്ക്‌ പിന്തുണ നല്‍കിയിരുന്നു. പള്ളിക്കത്തോട്ടിലും കോണ്‍ഗ്രസിനെ പിന്തുണച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍മാരില്‍ നിന്നും കോട്ടയം, ഇടുക്കി ജില്ലാ പ്ലാനിംഗ്‌ സമിതിയിലേക്കുള്ള തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ്‌ ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടും മാണി സഖ്യം അവരെ പിന്തുണച്ചു. പഞ്ചായത്തു പ്രസിഡണ്ടുമാരുടെ ജില്ലാ പദവി അദ്ധ്യക്ഷപദവും അവര്‍ കോണ്‍ഗ്രസിനു തന്നെ നല്‍കിയിരുന്നു. എന്നിട്ടും കോണ്‍ഗ്രസ്‌ രാമപുരം ഗ്രാമപഞ്ചായത്തില്‍ മാണി വിഭാഗത്തിനുള്ള പിന്തുണ പിന്‍വലിച്ചു.

പിന്നീട്‌ നടന്ന പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലും ഐ വിഭാഗത്തെ കേരളാ കോണ്‍ഗ്രസ്‌ എം പിന്തുണയ്ക്കുകയും ചെയ്‌തു. മൂന്നിലവ്‌ ഗ്രാമപഞ്ചായത്തില്‍ കേരളാ കോണ്‍ഗ്രസ്‌ എമ്മിന്റെ വൈസ്‌ പ്രസിഡന്റിനെ പുറത്താക്കുവാന്‍ കോണ്‍ഗ്രസ്‌ കരുക്കള്‍ നീക്കി. എല്‍.ഡി.എഫിനെ സഹായിച്ചു. കരാര്‍ പ്രകാരം കോണ്‍ഗ്രസ്‌ കേരളാ കോണ്‍ഗ്രസിനു വച്ചുമാറേണ്ട മാഞ്ഞൂര്‍, ഏറ്റുമാനൂര്‍ സഹകരണബാങ്ക്‌ പ്രസിഡന്റ്‌ സ്ഥാനവും പാലാ മാര്‍ക്കറ്റിംഗ്‌ സൊസൈറ്റി പ്രസിഡന്റ്‌ സ്ഥാനവും നാളുകളായി വിട്ടുനല്‍കുവാന്‍ തയ്യാറായതുമില്ല.

തങ്ങളുടെ പിന്തുണയോടെ അധികാരസ്ഥാനങ്ങള്‍ കൈയ്യാളുകയും പാര്‍ട്ടിക്കെതിരെ നിരന്തരം കുത്തുകയും ചെയ്യുന്ന കോണ്‍ഗ്രസ്സിനെ ഇനിയും പിന്തുണയ്‌ക്കുന്നതിനെതിരെ പ്രവര്‍ത്തകര്‍ പ്രതികരിച്ച് കൊണ്ടിരുന്ന സാഹചര്യത്തിലാണ് ഇന്നത്തെ  സംഭവവികാസങ്ങള്‍ നടന്നതും.

NO COMMENTS

LEAVE A REPLY