നെയ്യാറിനു കുറുകേ മൂന്നാറ്റുമുക്ക് പാലം യാഥാർഥ്യമായി

ഒരുവർഷത്തിനുള്ളിൽ 2400 ലേറെ നിർമ്മാണപ്രവർത്തനങ്ങൾക്ക് സർക്കാർ തുടക്കമിട്ടതായി മന്ത്രി ജി. സുധാകരൻ

SUDHAKARAN

ഒരു വർഷത്തിനുള്ളിൽ 2400 ലേറെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ സർക്കാരിനായതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ പറഞ്ഞു. നിർമ്മാണപ്രവർത്തനങ്ങളുടെ പൂക്കാലമായിരിക്കും സംസ്ഥാനത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നെയ്യാറിനു കുറുകേ പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ച മൂന്നാറ്റുമുക്ക് പാലം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയങ്ങോട്ട് കാലാനുസൃതമായ പുത്തൻ രൂപകൽപനയിലായിരിക്കും പാലങ്ങളും കെട്ടിടങ്ങളും നിർമിക്കുക. രൂപകൽപനയ്ക്ക് താമസം വരുന്നതുകൊണ്ട് പല നിർമാണപ്രവർത്തനങ്ങളും വൈകുന്നത് ഒഴിവാക്കാനാണ് തിരുവനന്തപുരത്തിനുപുറമേ, എറണാകുളത്തും കോഴിക്കോട് മേഖലാ ഓഫീസുകൾ ആരംഭിക്കാൻ തീരുമാനിച്ചത്.

കൃത്യമായ മേൽനോട്ടത്തിൽ പണികൾ ചെയ്തതിനാലാണ് ഈ പാലം പണിയിൽ അടങ്കൽ തുകയായ 11 കോടിയിൽ 1.27 കോടി രൂപ മിച്ചം പിടിക്കാനായി. ഈ സർക്കാർ വന്നശേഷം എഞ്ചിനീയർമാരും ഓവർസിയർമാരും ഉൾപ്പെടെ 1400 ലേറെ ഒഴിവുകൾ നികത്തി മരാമത്ത് പണികൾക്ക് കൃത്യമായ മേൽനോട്ടവും വേഗതയും ഉറപ്പുവരുത്തി. മലയോര, തീരദേശ ഹൈവേകൾ, സർവീസ് റോഡോടു കൂടിയ ദേശീയപാത വികസനം തുടങ്ങിയ നിർമ്മാണങ്ങൾക്ക് നടപടി ആരംഭിച്ചതായും മന്ത്രി.

പാറശ്ശാല മണ്ഡലത്തിലെ ആര്യൻകോട് പഞ്ചായത്തിനെയും കാട്ടാക്കട മണ്ഡലത്തിലെ കാട്ടാക്കട പഞ്ചായത്തിനെയുമാണ് മൂന്നാറ്റുമുക്ക് പാലം കൂട്ടിയിണക്കുന്നത്.

പുതുതായി പണിതീർത്ത പാലത്തിന് 30 മീറ്റർ നീളമുള്ള ഒരു സെൻട്രൽ സ്പാനും, ഇരുവശങ്ങളിലും 17.07 മീറ്റർ വീതം നീളമുള്ള ഓരോ സ്പാനുകളുമാണുള്ളത്. പാലത്തിന്റെ നീളം 64.14 മീറ്ററും വീതി ഇരുവശങ്ങളിലും നടപ്പാതകളോടുകൂടി 10.50 മീറ്ററുമാണ്. മൂന്നാറ്റുമുക്ക് പാലത്തിന്റെയും 300 മീറ്റർ നീളമുള്ള മെയിൻ അപ്രോച്ചിന്റെയും ആര്യങ്കോട് ഭാഗത്തുള്ള 250 നീളമുള്ള സൈഡ് റോഡുകളുടെയും നിർമ്മാണവും പൂർത്തിയായപ്പോൾ പദ്ധതിയിൽ 127 ലക്ഷം രൂപ മിച്ചമുണ്ടായി.

പാലത്തിന്റെ പ്രയോജനം പൂർണരൂപത്തിൽ ലഭിക്കാൻ പഴയ ഒറ്റശേഖരമംഗലം റോഡിന്റെയും മറുകരയിലെ കൊല്ലംകോണം കുരുതംകോട് റോഡിന്റെയും പുനരുദ്ധാരണ ജോലികൾക്ക് ബാക്കി വന്ന തുകയിൽ 95 ലക്ഷം രൂപ എം.എൽ.എമാരുടെ അഭ്യർഥന പരിഗണിച്ച് മന്ത്രി അനുവദിച്ചിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇരുറോഡിലേയും ഒരു കിലോമീറ്റർ വീതം ദൂരം റോഡ് പാലത്തിനൊപ്പം അഞ്ചര മീറ്റർ വീതിയിൽ പുനരുദ്ധരിച്ചിട്ടുണ്ട്. പുതിയ പാലം വഴി ചെമ്പൂരിലേയ്ക്ക് ബസ് സർവീസിന്റെ ഉദ്ഘാടനവും ചടങ്ങിൽ നിർവഹിച്ചു.

NO COMMENTS

LEAVE A REPLY