Advertisement

തരൂരിനെ ജയിലിൽ അടച്ച് തിരുവനന്തപുരത്ത് പാർലമെന്റ് തെരഞ്ഞെടുപ്പ് നടത്താൻ നീക്കം ?

May 16, 2017
Google News 4 minutes Read
court notice against republic tv

അരവിന്ദ് വി 

തിരുവനന്തപുരം മണ്ഡലത്തിൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് തയ്യാറാകാൻ ബി ജെ പി ജില്ലാ -സംസ്ഥാന നേതാക്കൾക്ക് നിർദേശം. ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെട്ട നാല് അസംബ്ലി മണ്ഡലങ്ങളിൽ പ്രവർത്തനം ശക്തമാക്കാനാണ് നിർദേശം. വട്ടിയൂർക്കാവ് , തിരുവനന്തപുരം , നേമം , കഴക്കൂട്ടം എന്നീ അസംബ്ലി മണ്ഡലങ്ങളിൽ ജനങ്ങളുമായി കൂടുതൽ അടുത്ത് നിൽക്കുന്ന പ്രവർത്തനങ്ങൾ നടത്താനാണ് കേന്ദ്ര നേതൃത്വത്തിൽ നിന്നും നിർദേശം എത്തിയിരിക്കുന്നത്. ഈ മണ്ഡലങ്ങളിൽ ആർ എസ് എസുമായി ഒരു തരത്തിലും അഭിപ്രായ ഭിന്നതയ്ക്ക് നിൽക്കരുതെന്നും വാക്കാലുള്ള നിർദേശം ഉണ്ട്.

സുനന്ദപുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച കേസ് ആളിക്കത്തിച്ച് ശശി തരൂരിനെ താൽക്കാലികമായെങ്കിലും അറസ്റ്റ് ചെയ്തു ജയിലിൽ അടയ്ക്കാൻ നീക്കമുണ്ട്. എന്നാൽ ലോക്സഭാ സ്പീക്കറുടെ പ്രത്യേക അനുമതി ഇക്കാര്യത്തിൽ ലഭ്യമായില്ല. വാർത്തകളിലൂടെ സുനന്ദ പുഷ്കർ കേസ് സജീവമാകാനാണ് തെരഞ്ഞെടുപ്പിന് ലക്ഷ്യമിടുന്നവരുടെ നീക്കം. അതിനായി ചില വാർത്തകൾ ഒരു പുതിയ വാർത്താ ചാനലിൽ നൽകിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷെ കേസ് മുറുക്കി ഒരു അറസ്റ്റ് ഉണ്ടാക്കുക എന്ന നീക്കം അണിയറയിൽ സജീവമാണ്.

രാജീവ് ചന്ദ്രശേഖറിനായി സീറ്റ് ‘ഒരുക്കി’യെടുക്കുന്നു ?

നിലവിൽ എൻ ഡി എയുടെ കേരളത്തിന്റെ വൈസ് ചെയർമാൻ ആണ് രാജീവ് ചന്ദ്രശേഖർ. റൂപർട്ട് മർഡോക്കുമായി പങ്കുകച്ചവടത്തിൽ ഏഷ്യാനെറ്റ് മാധ്യമ ശൃംഖലയുടെ ഉടമ. ഏറ്റവുമൊടുവിൽ അർണാബ് ഗോസ്വാമിയെ ബ്രാൻഡ് ആക്കി റിപ്പബ്ലിക് എന്ന വാർത്താ ചാനൽ തുടങ്ങി. കേരളത്തിൽ രാജീവ് ചന്ദ്രശേഖരന് കൂടുതൽ മേൽവിലാസം ഉണ്ടാക്കാൻ തലസ്ഥാനത്തിന്റെ എം പി ആക്കുക എന്ന ബി ജെ പി കേന്ദ്ര തീരുമാനത്തിന്റെ ആദ്യ ഘട്ടമാണ് ഓപ്പറേഷൻ ശശി തരൂർ. തരൂരിന്റെ , സുനന്ദ കേസുമായി പറഞ്ഞു പഴകിയ ബന്ധം വീണ്ടും റിപ്പബ്ലിക് പൊടി തട്ടി എടുത്തത് അത്ര നല്ല ഉദ്ദേശത്തിൽ അല്ല എന്ന് ദേശീയ മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്യുകയും ചെയ്യുന്നു.

ശശി തരൂരിനെ ജയിൽ അടയ്ക്കുന്നത് എളുപ്പമല്ല

ആരോപണങ്ങളും സാഹചര്യങ്ങളും കൊണ്ട് കേസിൽ കുടുങ്ങി എന്നത് ശരിയാണെങ്കിലും ഡൽഹിയിലെ പ്രത്യേകാധികാരമുള്ള പോലീസ് സേന ആത്മാർഥമായി വിചാരിച്ചിട്ടും ശശി തരൂരിനെതിരെ തെളിവുകൾ ശേഖരിക്കാൻ കഴിഞ്ഞില്ല. പല തവണ അറസ്റ്റ് ചെയ്യപ്പെടും എന്ന തോന്നൽ ഉണ്ടാക്കിയെങ്കിലും തരൂരിലേക്കെത്താൻ ഡൽഹി പൊലീസിന് കഴിഞ്ഞില്ല. അന്വേഷണത്തിൽ പ്രത്യേകമായ സമ്മർദ്ദം ഒന്നും ഇക്കാര്യത്തിൽ ആരോപിക്കപ്പെട്ടിട്ടും ഇല്ല. എന്നിട്ടും സമർഥനായ ഭീം സെൻ ബസ്സി എന്ന കമ്മീഷണർക്ക് തരൂരിനെ അറസ്റ്റ് ചെയ്യാൻ കഴിഞ്ഞില്ല. പിന്നീട് തുടർന്ന് വന്ന അന്വേഷണങ്ങൾ ബസ്സിയുടെ ചുവടുകൾക്കപ്പുറം കടന്നിട്ടുമില്ല. എന്നിട്ടും ശശി തരൂരിനെ ഒരു വാർത്ത കൊണ്ട് പൂട്ടിടാം എന്ന് ചിന്തിച്ചത് രാഷ്ട്രീയത്തിലെ അരിഷ്ടതകൾ കൊണ്ട് തന്നെ.

മസാല റിപ്പബ്ലിക്

ബി ജെ പിയുടെയും എൻ ഡി എയുടെയും അനുഗ്രഹാശിസ്സുകളോടെ ടൈംസ് ഒറ്റ ദിവസം കൊണ്ട് പുറത്താക്കിയ അർണാബ് ഗോസാമിയെ പുനരധിവസിപ്പിക്കാനും കേരളാ ബി ജെ പിയുടെ പുതിയ നേതാവ് രാജീവ് ചന്ദ്ര ശേഖർ പണം മുടക്കിയതുമായ ചാനലിന്റെ പേരാണ് റിപ്പബ്ലിക്ക് എന്നത്. ജനുവരി 26 ന്റെ പൊതു അവധി പക്ഷെ ഇത് വരെ ഈ റിപ്പബ്ലിക്കിന്റെ പേരിൽ ആയിരുന്നില്ല. രാജ്യത്തിൻറെ പൊതു ചിഹ്നങ്ങൾ സ്വകാര്യ സ്ഥാപനങ്ങൾ ഉപയോഗിക്കാൻ പാടില്ല. രാജ്യത്തിന്റെയോ , സംസ്ഥാനങ്ങളുടെയോ പേര് ചേർത്തുള്ള രജിസ്ട്രഷൻ പോലും അനുവദിക്കില്ല സ്വകാര്യ സ്ഥാപനങ്ങൾക്ക്. ഭാരതത്തിന്റെ ഘടനയുടെ സ്വഭാവത്തിൽ മുഖ്യമായ ‘റിപ്പബ്ലിക്’ എന്ന പദം ഒരു രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി കുഴലൂതുന്ന ഒരു മസാല വാർത്താ ചാനലിന് എടുത്തമ്മാനമാടാൻ കനിഞ്ഞനുവദിച്ചവർക്ക് നമസ്തേ.

ശശി തരൂർ വാർത്തയായ ദിനം

ലാലു പ്രസാദ് യാദവിനെതിരെ തൊടുത്ത ആദ്യ ബോംബ് ഒരു നനഞ്ഞ കടലാസ്സ് പടക്കമായതിന് ശേഷമാണ് ശശി തരൂർ അർണാബ് ഗോസ്വാമിയുടെ ഇരയാകുന്നത്. സുനന്ദ പുഷ്കർ എന്ന ശശി തരൂർ എം പിയുടെ ഭാര്യ മരിച്ചതുമായി ബന്ധപ്പെട്ടാണ് വാർത്ത. പലവട്ടം വായിച്ചും കണ്ടും കെട്ടും പഴകിയ അന്വേഷണങ്ങൾ പലതു നടത്തിയ ആരോപണങ്ങളുടെ ആവർത്തനം മാത്രമായിരുന്നു ആ വാർത്തയിൽ. എന്നാൽ ഏതു പഴയ വർത്തയ്ക്കും കാലക്രമത്തിൽ ആവർത്തിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു പ്രസക്തിയുണ്ട്. അർണാബ് ഗോസ്വാമി ഈ പണി തുടങ്ങുന്നതിന് മുൻപ് തന്നെ മരണമില്ലാത്ത വാർത്തകൾ ചെയ്തു വച്ച മാധ്യമപ്രവർത്തർ ഈ തൊഴിൽ ശാഖയ്ക്ക് നൽകിയ സംഭവനയാണത്. ചില വാർത്തകൾക്ക് മാത്രം ആവർത്തിക്കപ്പെടുന്ന കാലിക പ്രസക്തിയെന്ന പൊതുജനത്തിന്റെ മാനസികാവസ്ഥയെ മുതലെടുക്കാനാണ് അർണാബ് വികലമായ മാധ്യമ പ്രവർത്തനത്തെ മറയാക്കിയത്. ഇനിയും വ്യാഖ്യാനിച്ചു തീരാത്ത തരൂരിന്റെ അഞ്ചു വരി ഇംഗ്ലീഷ് മറുപടിയിൽ വാല് ചുരുട്ടിയ അർണാബ് ആർക്കു വേണ്ടിയാണ് വാർത്തകൾ ചെയ്യുന്നതെന്ന് രാജ്യം അറിയാൻ ആഗ്രഹിക്കുന്നു. ”ദി നേഷൻ വാൻഡ്‌സ് ടു നോ മിസ്റ്റർ ഗോസ്വാമി ദി നേഷൻ വാൻഡ്‌സ് ടു നോ ”

‘ശശി തരൂർ വാർത്ത’ മുൻകൂട്ടിയറിഞ്ഞ ത്രികാലജ്ഞാനികൾ

അർണാബ് ഗോസ്വാമിയുടെ ചാനൽ വാർത്ത ചെയ്യും എന്ന ആദ്യ സൂചന വരുന്നത് മേയ് എട്ടാം തീയതി രാത്രി 7.10നാണ്. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ട ട്വീറ്റ് ആയിരുന്നു അത്. #SunandaMurderTapes എന്ന ഹാഷ്ടാഗ് സഹിതമായിരുന്നു ട്വീറ്റ്. എന്നാൽ വിവരങ്ങള്‍ ചാനല്‍ പുറത്തുവിടും മുന്‍പ്, ബി ജെ പി ഐടി സെല്ലിലെ ചിലര്‍ ഇക്കാര്യം അറിഞ്ഞിരുന്നു എന്നുറപ്പ്. ചാനലിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ട്വീറ്റ് പ്രത്യക്ഷപ്പെടുന്നതിന് മുന്‍പ്, 6.18നാണ് ബിജെപിയുടെ സോഷ്യല്‍ മീഡിയ വളണ്ടിയറായ സുരേഷ് നഖുനയുടെ ട്വീറ്റ് വരുന്നത്. ‘വിഷ് യു ആള്‍ ദ ലക്ക് ശശി തരൂര്‍’ എന്നായിരുന്നു അത്.

arnab republic tv

ഇതിന് പിന്നാലെയാണ് സംഘ്പരിവാര്‍ ആശയങ്ങള്‍ പങ്കുവയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടായ അണ്‍സബ്‌ടൈല്‍ദേശില്‍ ഒരു ട്വീറ്റ് വരുന്നത്. അര്‍ണബിനെയും ചാനലിനെയും പ്രശംസിച്ചും സുരേഷ് നഖുനയുടെ ട്വീറ്റിന് മറുപടി നല്‍കികൊണ്ടായിരുന്നു ആ ട്വിറ്റ്. അത് ഇങ്ങനെ: ‘നമുക്ക് ചുറ്റും കുറച്ചുകാലമായി ഉണ്ടായിരുന്ന, എന്നാല്‍ ഒരു ചാനലും ഏറ്റെടുക്കാത്ത ഈ വാര്‍ത്തകള്‍ അര്‍ണബ് പുറത്തുവിടുകയാണ്.’ ട്വിറ്റ് 6.22നും മറുപടി ട്വിറ്റ് 6.24നുമാണ് ഈ അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടത്.

arnab republic tv 1

അർണാബിന്റെ വാർത്ത മുൻകൂട്ടി പ്ലാൻ ചെയ്തതെന്ന് ആരോപണം

റിപ്പബ്ലിക് ചാനല്‍ പുറത്തുവിട്ട ആരോപണങ്ങള്‍ തള്ളി ശശി തരൂര്‍ രംഗത്ത് വന്നിരുന്നു. തെറ്റായ കാര്യങ്ങളാണ് വാര്‍ത്തയിലുള്ളതെന്നും കോടതിയില്‍ അവ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നുവെന്നും തരൂര്‍ ട്വിറ്റ് ചെയ്തു. ധാര്‍മികതയില്ലാത്ത, മാധ്യമപ്രവര്‍ത്തകന്‍ എന്ന് അവകാശപ്പെടുന്നയാളാണ് തെറ്റായ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ ചാനലിലൂടെ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്. മാധ്യമത്തിന്റെ പ്രചാരത്തിനുമായി ഒരു ദുരന്തം ഉപയോഗിക്കുന്നതില്‍ പ്രതിഷേധമുണ്ടെന്നും തരൂര്‍ പറഞ്ഞു.

shashi tharoor

അർണാബ് കോടതി കയറും

രാജ്യത്തെ പ്രഗത്ഭനായ ഒരു അഭിഭാഷകൻ അർണാബിന്റെത് പെയ്‌ഡ്‌ ന്യൂസ് ആണെന്ന് കാട്ടി അടുത്ത ദിവസങ്ങളിൽ തന്നെ കോടതിയെ സമീപിക്കും. ഉത്ഘാടനം മുതൽ ഇതിനോടകം റിപ്പബ്ലിക് സംപ്രേക്ഷണം ചെയ്ത പല വാർത്തകളും കോടതിയിൽ തലനാരിഴ കീറി പരിശോധിക്കപ്പെട്ടേക്കാം. ശശി തരൂർ ഇക്കാര്യത്തിൽ ഉള്ള പ്രതികരണം ഏതാനും വാക്കുകളിൽ ഒതുക്കിയതും ഇതേ കാരണം കൊണ്ട് തന്നെ ആയിരിക്കണം. കോടതിയിൽ കേസ് എത്തും വരെ വാദി ആരെന്നത് ‘രഹസ്യം’ ആക്കി വയ്ക്കാനും തരൂർ അഭിഭാഷകന് നിർദേശം നൽകിയതായി സൂചനയുണ്ട്. കാര്യങ്ങൾ തരൂരിന്റെയും അഭിഭാഷകന്റെയും ശുക്ര രേഖയിൽ വന്നാൽ ദേശീയ’മംഗളം’ ആയി റിപ്പബ്ലിക് സമാധിയടയും.

ലാലു ബോംബ് നനഞ്ഞ പൊട്ടാസ് ആയതെന്ത് ?

ഈ മസാല റിപ്പബ്ലിക്കിന് ഉത്ഘാടന ദിവസം ‘മംഗള’മാക്കാൻ ഇരയായത് ലാലു പ്രസാദ് യാദവ് ആയിരുന്നു. യാദവന്മാരുടെ തേര് തെളിക്കലിന് ആർഷ ഭാരത ഭാഷയിൽ കൃഷ്ണൻ എന്ന വാസുദേവന്റെ കാലത്തോളം പഴക്കമുണ്ട്. പരസ്പരം അടിച്ച് കുലം മുടിയുമെന്ന ശാപമൊന്നും പക്ഷെ ലാലു യാദവിന്റെ കാലത്തു പോലും യാദവന്മാരെ ഏറ്റിട്ടില്ല. അത് മാത്രമല്ല , ലാലുവിനും ബീഹാർ രാഷ്ട്രീയത്തിനും ഗുണ്ടകളുമായും അധോലോകവുമായും ബന്ധമുണ്ടെന്ന ഉത്തരാധുനിക കണ്ടു പിടിത്തമാണ് ”രാജ്യം അതറിയാൻ ആഗ്രഹിക്കുന്നു ” എന്ന് അലറി വിളിക്കുന്ന സ്വാമി നടത്തിയത്. മാധ്യമ പഠനത്തിന് പോകാൻ താല്പര്യമുള്ള ഈ രാജ്യത്തെ കുഞ്ഞുങ്ങൾക്ക് വരെ അറിയാവുന്ന ആ രഹസ്യം പക്ഷെ അർണാബ് അറിഞ്ഞത് ‘മംഗള’മായി’ ആരംഭിച്ച മസാല റിപ്പബ്ലിക്കിന്റെ ബീഹാർ ലേഖകൻ പറഞ്ഞാണ്.

ഇലക്ട്രോണിക് തെളിവുകൾ പിതൃശൂന്യമെന്ന് ആവർത്തിച്ചു പറയുന്ന ഒരു നിയമ സംവിധാനമാണ് ഈ ഇൻഡ്യാ റിപ്പബ്ലിക്കിൽ നിലനിൽക്കുന്നതെന്ന് തിരിച്ചറിയാൻ പോലും ഈ പുതിയ മസാല റിപ്പബ്ലിക്കിന്റെ അപോസ്തലനായി രാജീവ് ചന്ദ്രശേഖർ വാഴിച്ച കടൽ എന്നർത്ഥം വരുന്ന അർണാബ് എന്ന പേര് ചുമക്കുന്ന സ്വാമിക്ക് അറിയാതെ പോയത് കഷ്ടം. കടലോളം അറിവില്ലായ്മ കൊണ്ടാണോ കുറെ ടെലിഫോൺ സംഭാഷണങ്ങൾ ഒരു ബോംബായി ഇപ്പൊ പൊട്ടും പൊട്ടും പൊട്ടും എന്ന് പറഞ്ഞു അവതരിപ്പിച്ചത് ?

shashi tharoor may go to jail – election in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here