മാക്ടയും ഫെഫ്കയും ലജ്ജിച്ച് തല താഴ്ത്തൂ; ചേതനയറ്റ ബിനു നൈനാനെ പ്രേക്ഷകർ ഏറ്റെടുക്കും

സിനിമയ്ക്ക് മുന്നിലും പിന്നിലും സംഘടനകൾ എമ്പാടും ഉണ്ടെന്ന് ബിനു നൈനാന് അറിയാമായിരുന്നു. സിനിമയിലെ മോഹങ്ങൾക്കും അതിന്റെ സാക്ഷാൽക്കാരത്തിനും ഇടയിൽ വീണു പോയവരുടെ പ്രതിനിധിയാണ് ബിനു നൈനാൻ. മുപ്പതോളം സിനിമകൾ നമുക്ക് മുന്നിലെത്തിക്കാൻ അശ്രാന്തം പരിശ്രമിച്ചവരിൽ പ്രധാനിയായി കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ജീവിച്ചിരുന്ന ബിനു നൈനാൻ അകാലത്തിൽ അന്തരിക്കുമ്പോൾ , അത് സിനിമയുടെ തിളക്കമില്ലാത്ത പിന്നാമ്പുറത്തെ നന്ദികേടിന്റെയും നെറികേടിന്റെയും കൂടി നേർക്കാഴ്ചയാണ്. ആവശ്യത്തിനും അനാവശ്യത്തിനും സംഘടനകൾ ; അനേകം തവണ ആ സംഘടനകളുടെ കൈയ്യൂക്ക് കൊണ്ട് സിനിമയെന്ന വ്യവസായത്തെ പിടിച്ചു കെട്ടിയ അതിന്റെ നേതാക്കൾക്ക് ബിനു നൈനാൻ എന്ന മൃതദേഹം ഏറെ കളക്ഷന് സാധ്യതയില്ലാത്ത ഒരു വസ്തു മാത്രമാണ്.

ആദ്യം മാധ്യമപ്രവർത്തകൻ ആൻഡേഴ്‌സൺ എഡ്വാർഡ് പറയും

”ഞാൻ ശാസ്താംകോട്ട നിന്ന് തിരുവനന്തപുരത്തേക്ക് ബൈക്കിൽ പോകുമ്പോൾ ബിനു നൈനാൻ ലിഫ്റ്റ് ചോദിക്കുകയായിരുന്നു. എന്റെ വീടിനു കുറച്ചടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അദ്ദേഹം. ബൈക്കിൽ ഇരുവരും കുണ്ടറ ചിറ്റുമലയിൽ എത്തിയപ്പോൾ എന്റെ തോളിലേക്ക് ഭാരം കൂടി വന്നു. ചുമലിൽ വേദനയുണ്ടാക്കുന്ന ഒരു കടി വന്നപ്പോൾ അസ്വാഭാവികത തോന്നി  ബൈക്ക് നിർത്തി. അദ്ദേഹത്തിന് കഠിനമായ നെഞ്ചുവേദന ആയിരുന്നു. വായിൽ നിന്നും ഒലിച്ചിറങ്ങിയ രക്തം എന്റെ ഷർട്ടിൽ പടർന്നിരുന്നു. ആദ്യം കുണ്ടറ താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നെ കൊല്ലം ജില്ലാ ആശുപത്രി … . ഇവിടെനിന്നു തിരുവനന്തപുരം മെഡിക്കൽ കോളജിലേക്കു മാറ്റാനായിരുന്നു നിർദ്ദേശം.” ആൻഡേഴ്‌സൺ എഡ്വാർഡ് 24 ന്യൂസിനോട് ആ സംഭവം വിവരിക്കുമ്പോൾ വിറയ്ക്കുകയായിരുന്നു. കൊല്ലം ജില്ലാ ആശുപത്രിയിലേക്കും അവിടെ നിന്നും തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും ബിനു നൈനാൻ ആംബുലൻസിൽ എത്തിയത് ആൻഡേഴ്‌സൻറെ കൈകളിൽ കിടന്നാണ്.

”പണം അധികമൊന്നും കയ്യിലില്ലായിരുന്നു. അപ്പോഴേക്കും ആംബുലൻസും മറ്റുമായി കയ്യിലുള്ളത് തീർന്നു. കയ്യിൽ നൂറു രൂപയും വച്ച് രണ്ടും കൽപ്പിച്ചാണ് തിരുവനന്തപുരത്തേക്ക് ആംബുലൻസ് എടുത്തത്. ഫേസ് ബുക്കിൽ ലൈവ് ആയി കൂട്ടുകാരോട് സഹായം തേടി. മെഡിക്കൽ കോളേജിൽ എത്തുമ്പോൾ പണവുമായി ചിലർ എത്തിയിരുന്നു. മെയ് 5 നു തലസ്ഥാനത്ത് എത്തിയതാണ്. പിന്നീട് 16 വരെ നീണ്ട 11 ദിവസം … ”

ബിനു നൈനാൻ മരിക്കുന്നത് മെയ് 16 ന്

മെയ് 16 പുലർച്ചെ …
”അവസാനം ആൻഡേഴ്‌സൻറെ സുമനസുകളായ സുഹൃത്തുക്കളുടെയോ വൈദ്യശാസ്ത്രത്തിന്റെയോ സഹായത്തിനു രക്ഷിക്കാൻ കഴിയാതെ ബിനു ഇന്നലെ രാവിലെ (16 മെയ് 2017) 7 :15 നു വിട പറഞ്ഞു . മരിക്കും വരെയും ബന്ധുക്കളാരും അയാളെ തേടിയെത്തിയിരുന്നില്ല ആൻഡേഴ്‌സൻ മാത്രമായിരുന്നു അയാൾക്ക് ഏക ആശ്രയം…” സാമൂഹ്യമാധ്യമങ്ങളിലെ സജീവ സാന്നിധ്യമായ സയ്ദ് ഷിയാസ് മിർസ എഴുതി. ഷിയാസിന്റെ ആദ്യ കുറിപ്പുകളിലൂടെയായിരുന്നു കുറച്ചെങ്കിലും പണവും മറ്റും സ്വരൂപിക്കാനും കഴിഞ്ഞത്.

ആ മരണം കൊണ്ട് കാര്യങ്ങൾ അവസാനിച്ചില്ല. ചികിത്സ നീണ്ട 11 ദിവസങ്ങൾക്കിടയിൽ പല തവണ ആൻഡേഴ്‌സണും സുഹൃത്തുക്കളും ബിനു നൈനാന്റെ ബന്ധുക്കളെ അന്വേഷിച്ചു. ആരെയും കണ്ടില്ല. കണ്ടവരൊന്നും അവർ ബിനുവിന്റെ ബന്ധുക്കളാണെന്ന് ഹൃദയം കൊണ്ട് അംഗീകരിച്ചില്ല. സ്വന്തം ചോരയായ സഹോദരിയും , പ്രണയത്തിന്റെ മധുരത്തിൽ ഏറെനാൾ ജീവിതം പങ്ക് വച്ച മുൻ ഭാര്യയും , സ്വന്തം ഇളയച്ഛനും ബിനു നൈനാൻ ബന്ധുവാണെന്നത് അസൗകര്യങ്ങൾ കാരണം സമ്മതിച്ചു കൊടുത്തില്ല. ഒടുവിൽ ആൻഡേഴ്‌സൻ ഒരിക്കൽ കൂടി എല്ലാവരെയും വിളിച്ചു. മെയ് 16 ന് പുലർച്ചെ ! അത് ബിനുവിന്റെ മരണ വാർത്ത പറയാനായിരുന്നു.

”അവനെ മെഡിക്കൽ കോളേജിന് കൊടുത്തേരെ …”

മരിച്ചെങ്കിൽ അവനെ മെഡിക്കൽ കോളേജിന് കൊടുത്തേക്കാൻ ഉപദേശിച്ച ബിനുവിന്റെ ബന്ധുവിനെ ആൻഡേഴ്‌സൻ വെളിപ്പെടുത്തിയില്ല. അതയാളുടെ മാന്യത. 16 പുലർച്ചെ മരിച്ച ബിനുവിന്റെ ദേഹം രണ്ടു ദിവസമായി ബന്ധുക്കളെയും കാത്ത് മോർച്ചറിയിൽ ഉണ്ട്. ഇപ്പോഴും.

മാക്ടയും ഫെഫ്കയും ഒക്കെ എന്ത് കുന്തത്തിനാ ഇങ്ങനെ രൂപപ്പെടുത്തി വച്ചിരിക്കുന്നത്?

ആൻഡേഴ്‌സൻ ഇതിനോടകം തന്നെ നിരവധി സിനിമാക്കാരെയും വിവരം അറിയിച്ചു. ചില ഫോൺ കാളുകൾ … അതിലൂടെയുള്ള അഭിനയവും സംവിധാനവും! അതിനപ്പുറമൊന്നും സംഭവിച്ചില്ല. ചിലപ്പോൾ വലിയ തുകയുടെ മെമ്പർഷിപ്പ് എടുക്കാനൊന്നും ബിനു നൈനാൻ എന്ന സാധാരണക്കാരന് കഴിഞ്ഞിരിക്കില്ല. ചിലപ്പോൾ അതും ഉണ്ടാകാം. ഉണ്ടെങ്കിലും ഇല്ലങ്കിലും ചെറുതും വലുതുമായ 30 ചിത്രങ്ങളിൽ അധികം ബിനു പണിയെടുത്തു. ശശി ശങ്കർ എന്ന സംവിധായകന്റെ സഹായി,ഒടുവിൽ ദൃശ്യം എന്ന ചിത്രത്തിൽ സംവിധാന സഹായി.

വെള്ളാനകളുടെ നാട് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ”കോൺട്രാക്ടർ സി പി ” എന്ന പേരിൽ തിരക്കഥ പൂർത്തിയാക്കി നിർമാതാവിനെ തേടുകയായിരുന്നു ബിനു ഒടുവിൽ. ചുവട് വായ്പുകൾ തെറ്റിപ്പോകുന്ന മോഹൻലാലിൻറെ സി പി എന്ന കഥാപാത്രത്തെ പോലെ തന്നെ ചുവടു പിഴച്ചു പോയ ; മോഹങ്ങൾ ബാക്കി വച്ച് ബിനു യാത്രയായി. സിനിമയിലെ പിന്നാമ്പുറത്തെ ഒരു അസാധാരണ സംഭവം അല്ല ബിനു നൈനാൻ എന്ന കഥ. പക്ഷെ ആൻഡേഴ്‌സൺ എന്ന മാധ്യമ പ്രവർത്തകനും കാമറാമാനുമായ യുവാവിന് ബിനു ഒരു സാധാരണ അനുഭവമല്ല… സ്വന്തം ജീവിതത്തിലേക്ക് ഒരു കയ്യുയർത്തി കാണിച്ച് കയറി പിൻസീറ്റിൽ ഇരുന്ന് , തന്റെ തോളിലേക്ക് ജീവൻ ചാരി വച്ച്, ചുമലിലേക്ക് ജീവന്റെ അംശമുള്ള നിണം പകർന്ന് …. തന്റെ ആരെന്നു പോലും ഇപ്പോഴും തിരിച്ചറിയാൻ കഴിയാത്ത ഒരു ചോദ്യമാണ് ബിനു നൈനാൻ.

”എനിക്ക് ആ ദേഹം അടക്കം ചെയ്യണം. എന്റെ ജീവിതത്തിൽ അല്ലങ്കിൽ എനിക്കൊരു സമാധാനവും ഉണ്ടാകില്ല. അയാൾ എന്റെ ആരോ ആണ് … അല്ലങ്കിൽ നാളെ ചിലപ്പോൾ …” ആൻഡേഴ്‌സന്റെ വാക്കുകൾ മുറിഞ്ഞു …

സംഘടനകൾ കൊണ്ട് നിറഞ്ഞു കവിഞ്ഞ മലയാള സിനിമയിൽ സംഘടിക്കാത്ത പ്രേക്ഷകർ ചിന്തിക്കണം. ഇനി ബിനുവിന്റെ ശരീരം തണുത്ത് വിറങ്ങലിച്ച് അവിടെ കിടക്കണോ ? നാളെ പുലരുമ്പോൾ ആൻഡേഴ്‌സനൊപ്പം ആരൊക്കെ ഉണ്ടാകും ?

 

binu ninan dead body still in medical college

NO COMMENTS

LEAVE A REPLY