സർക്കാർ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചു; നേട്ടങ്ങൾ അക്കമിട്ട് മുഖ്യമന്ത്രി

pinarayivijayan

ഇടത് സർക്കാർ രാഷ്ട്രീയ സംസ്‌കാരം ശുദ്ധീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങൾക്ക് ആരംഭം കുറിച്ച് തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണത്തിലും സർക്കാരിലും തെറ്റായി പ്രവർത്തനം നടത്തുന്നവർക്ക് രാഷ്ട്രീയ രക്ഷകർത്താവ് ഉണ്ടാകില്ല. ഇത് ഉറപ്പിക്കാൻ സർക്കാരിനു കഴിഞ്ഞുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഇടതുസർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം. ഇന്ന് ആരംഭിക്കുന്ന ആഘോഷങ്ങൾ 17 ദിവസം നീണ്ടുനിൽക്കുന്നു. ജൂൺ 5 വരെയാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.

വാർത്താ സമ്മേളനത്തിനിടെ യുഡിഎഫ് ഭരണകാലത്തെ മുഖ്യമന്ത്രി വിമർശിച്ചു. എൽഡിഎഫിനു പൊതുവായ നിലപാടുകളുണ്ട്. മതനിരപേക്ഷ, അഴിമതിരഹിത കേരളം ആണ് എൽഡിഎഫ് ലക്ഷ്യമിടുന്നത്. ഇടതുസർക്കാരിന്റെ പ്രവർത്തനം വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ്. യുഡിഎഫ് കാലത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു.

2011-2016 യുഡിഎഫ് ഭരണം തളർച്ചയുടെ കാലഘട്ടമായിരുന്നു. ജീർണമായ രാഷ്ട്രീയ സംസ്‌കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകർത്തത്. സമാധാനവും വികസനവും കണ്ടെത്താനാണ് ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സർക്കാരിന്റെ നേട്ടങ്ങളിൽ ചിലർക്ക് അഭിമാനമുണ്ട്. ചിലർക്ക് പരിഭ്രാന്തിയും. സർക്കാരിന്റെ പ്രവർത്തനം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. സമൂഹത്തിലെ തുല്യത ഉറപ്പാക്കും. നവകേരളമാണ് ഇടത് സർക്കാറിന്റെ സ്വപ്നം. നാലു മിഷനുകളിലൂടെ ഇത് പടുത്തുയർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. പുതിയ കാലത്തന്റെ വെല്ലുവിളികൾ നേരിട്ടാണു മുന്നോട്ടുപോകുന്നത്. ഇടതുബദൽ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ തുടങ്ങി. 1957ലെ സാഹചര്യങ്ങളുമായി പൊരുത്തവും വൈരുദ്ധ്യങ്ങളും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷപ്പെടാമെന്ന തോന്നൽ പരമ്പരാഗത വ്യവസായങ്ങൾക്കുണ്ടായി. കയർ മേഖലയിൽ ആധുനികവൽക്കരണത്തിനു പ്രാധാന്യം നൽകി. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു. കൈത്തറി തൊഴിലാളികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിച്ചു. അടുത്തവർഷം മുതൽ യുപി സ്‌കൂളുകളിലേക്കും കൈത്തറി വസ്ത്രങ്ങൾ വ്യാപിപ്പിക്കും. കൈത്തറി മേഖലയിലേക്കു കൂടുതൽ തൊഴിലാളികളെത്തി.

പെൻഷൻ വീട്ടിലെത്തിക്കാൻ കഴിഞ്ഞതു നേട്ടമായി. ക്ഷേമ പെൻഷൻ ഇനത്തിലുണ്ടായിരുന്ന മുഴുവൻ തുകയും കൊടുത്തുതീർത്തു. ചില സാങ്കേതിക കാരണങ്ങളാൽ ചിലർക്കു നൽകാൻ വൈകി. 1900 കോടി രൂപയുടെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ സാധിച്ചു. ക്ഷേമ പെൻഷനുകളുടെ തുക കൂട്ടി.

ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളത്. ഗെയിൽ പദ്ധതി ഉടൻ നടപ്പാക്കും. അതു സർക്കാരിന് വൻതോതിൽ ഗുണപ്രദമാണ്. അതൊഴിവാക്കാനാകില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിർപ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എതിർപ്പുകൾ കണ്ടു പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടു. സർക്കാരിന് ജനങ്ങളുടെ വിശ്വാസം നേടിയെടുക്കാനായെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

pinarayi vijayan | press meet | pinarayi@1 | kerala | kerala Govt |

 

 

 

NO COMMENTS

LEAVE A REPLY