സുരക്ഷിത ഭവനം ഇനി സ്വപ്നമല്ല: പിണറായി വിജയന്‍

pinarayi-vijayan-in-a-press-conference

സുരക്ഷിതമായ വീട്ടില്‍ അന്തിയുറങ്ങുകയെന്ന കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും സ്വപ്നം ഇനി സാക്ഷാത്കരിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ സമ്പൂര്‍ണ്ണ പാര്‍പ്പിട പദ്ധതി ലൈഫിന്റെ സംസ്ഥാനതല ഉദ്ഘാടനം പുനലൂരില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ജീവിത പ്രയാസങ്ങള്‍കൊണ്ടും മറ്റു സാഹചര്യങ്ങള്‍ മൂലവും സ്വന്തം വീടെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ പലര്‍ക്കും കഴിയാറില്ല. ആ സ്വപനം നിറവേറ്റാതെ മണ്ണടിഞ്ഞുപോകുന്നവര്‍ ഏറെയാണ്. നമ്മോടൊപ്പം ജീവിക്കുന്ന ഒരുകൂട്ടം ഹതഭാഗ്യരുടെ പ്രശ്‌നം സമൂഹം ഏറ്റെടുക്കുകയാണ്. വിവധ ഭവനനിര്‍മാണ പദ്ധതികളെ ഏകോപിപ്പിച്ച് നടപ്പാക്കുന്ന ലൈഫിലൂടെ നാലു വര്‍ഷംകൊണ്ട് വീടില്ലാത്ത എല്ലാവര്‍ക്കും വീടു നല്‍കാനാണ് ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഇത് കേവല സര്‍ക്കാര്‍ പരിപാടിയായി കാണേണ്ടതില്ല. നാടിന്റെ പരിപാടിയാണ്. നാം ഏറ്റെടുക്കേണ്ട ഉത്തരവാദിത്വമാണ്. അതിന് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നു എന്നു മാത്രം. പദ്ധതിയുമായി എല്ലാവരും സഹകരിക്കണം-മുഖ്യമന്ത്രി പറഞ്ഞു. ഇവിടെ എല്ലാവര്‍ക്കും മാന്യമായി ജീവിക്കാനുള്ള സാഹചര്യമുണ്ടാകണം. എല്ലാവര്‍ക്കും സുരക്ഷിതമായ വീട്ടില്‍ താമസിക്കാന്‍ സാധിക്കണം. സര്‍ക്കാരിന്റെ ഭവനിര്‍മാണ പദ്ധതികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടത് സമൂഹ്യ പ്രതിബദ്ധതയള്ള ഏജന്‍സികളായിരിക്കണം. കെട്ടുറപ്പുള്ള വീടുകള്‍ നിര്‍മിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതോടെ നാട്ടിലെ ആദിവാസികള്‍ക്കും പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കും വീടു നല്‍കുന്നതിനള്ള നടപടികള്‍ പൂര്‍ണമാകും.

മത്സ്യത്തൊഴിലാളികളെ തീരമേഖലയില്‍നിന്നു പറിച്ചുനടാതെതന്നെ അവരുടെ ഭവനപ്രശ്‌നവും പരിഹരിക്കാനാണ് ലക്ഷ്യമിടുന്നത്. വാസയോഗ്യമല്ലാത്ത ലയങ്ങളില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെയും സുരക്ഷിതമയ വീടെന്ന സ്വപ്നം സാക്ഷത്കരിക്കേണ്ടതുണ്ട്. വീടും സ്ഥലവും ഇല്ലാത്തവര്‍, വീടു നിര്‍മാണം തുടങ്ങിയശേഷം പൂര്‍ത്തീകരിക്കാനാകാത്തവര്‍ തുടങ്ങി എല്ലാ വിഭാഗക്കാരുടെയും പ്രശ്‌നങ്ങള്‍ പരിഹരിക്കുന്ന പദ്ധതിയാണിത്. വീടും സ്ഥലവുമില്ലാത്തവര്‍ മാത്രം രണ്ടു ലക്ഷത്തോളം വരും. എല്ലാവര്‍ക്കും പ്രത്യേകം വീടു നിര്‍മിക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് പ്രായോഗിക ബുദ്ധിമട്ടുള്ളതുകൊണ്ടാണ് ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുനലൂരില്‍ 46 സെന്റ് സ്ഥലത്ത് 64 കുടുംബങ്ങള്‍ക്കായി നാലു നിലകളില്‍ എട്ടു ബ്ലോക്കുകളിലായാണ് ഭവനങ്ങളൊരുക്കുന്നത്. വീടു നല്‍കുന്നതിനു പുറമെ അവിടെ താമസിക്കുന്ന കുടുംബങ്ങളുടെ വിവിധ തലങ്ങളിലുള്ള സുരക്ഷ ഉറപ്പാക്കുകയും ചെയ്യും. വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും സഹായം സ്വീകരിക്കും-മുഖ്യമന്ത്രി വ്യക്തമാക്കി.

pinarayi vijayan,

NO COMMENTS