ബിജു പ്രഭാകർ വ്യാജ ഐ.എ.എസ്സോ രാജു നാരായണ സ്വാമി കള്ളം പറയുന്നതോ ?

ആരാണ് കള്ളം പറയുന്നത് ? ആരായാലും രാജ സഭയിലെ മൂപ്പിളമ തർക്കം സെക്രട്ടേറിയറ്റിന് മുന്നിലെ സ്റ്റാച്യൂ – എം ജി റോഡിലേക്ക് പരന്നൊഴുകി നാറ്റം പടർത്തുന്നുണ്ട്.

ഏറെക്കാലം തലസ്ഥാനത്ത് കളക്റ്റർ ആയിരിക്കുകയും അതിന് മുൻപ് വിദ്യാഭ്യാസവകുപ്പിൽ സേവനം അനുഷ്ഠിക്കുകയും അതിനും മുൻപ് അച്ഛൻ തച്ചടി പ്രഭാകരൻ സംസ്ഥാനത്ത് ധന മന്ത്രിയായിരിക്കെ താമസിക്കുകയും ചെയ്തതടക്കം തലസ്ഥാനത്ത് നിന്നും ഏറെ അകലെയല്ലാതെ ചുറ്റിത്തിരിയുന്ന ഉദ്യോഗസ്ഥനും വ്യക്തിയുമാണ് ബിജു പ്രഭാകരൻ. ഐ എ എസ് ആദ്യമേ ഇല്ലാതെ അസിസ്റ്റന്റ് കളക്ടർ ആയി ശ്രീപത്മനാഭന്റെ ചക്രം വാങ്ങാൻ തുടങ്ങിയ ബിജു പ്രഭാകർ ഹുജൂർ കച്ചേരിയിലെ ഇടനാഴികളിൽ സ്വാധീനം വർദ്ധിപ്പിച്ചു കൊണ്ടേയിരുന്നു. കൊടിയുടെ നിറം കൃത്യമായി നോക്കി അതനുസരിച്ച് പാകപ്പെടുത്തിയ ഭരണ നൈപുണ്യം വശമുള്ള ശൈലീവല്ലഭൻ. കൂട്ടിന് തൂലിക പടവാളാക്കിയ തലസ്ഥാനത്തെ ഏതാനും വാർത്ത എഴുത്തുകാരും. ഉദ്യോഗസ്ഥന്റെ വാർത്തകൾ കൃത്യസമയം നോക്കി ലേഖകർക്ക് എത്തിക്കാൻ തലസ്ഥാനത്ത് പിന്നീട് വില്ലേജ് ഓഫീസർ വരെയായി നിൽക്കുന്ന ഒരു റവന്യൂ ഉദ്യോഗസ്ഥനും തുണയായി. പിന്നീടെപ്പോഴോ ബിജു പ്രഭാകരൻ ഐ എ എസ് കൂട്ടിച്ചേർത്ത് ബിജു പ്രഭാകർ ഐ എ എസ് ആയി.

രാജു നാരായണ സ്വാമി ആദ്യം വാർത്തകളിൽ നിറഞ്ഞത് അദ്ദേഹത്തിൻറെ മിടുക്കു കൊണ്ടും പിന്നീട് വിവാദങ്ങൾ കൊണ്ടുമാണ്. 1989-ൽ ഐ.എ.എസ്. പ്രവേശന പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയതോടെയാണ് ദേശീയതലത്തിൽ സ്വാമി പ്രശസ്തിയിലേക്ക് ഉയരുന്നത്. അക്കാദമിക മികവ് കൊണ്ട് തന്നെ സർവ്വീസിലേക്ക് എത്തിയ രാജു സ്വാമിയെ ഏറെ പ്രതീക്ഷയോടെയാണ് കേരളം കാത്തിരുന്നത്. തുടക്ക കാലത്ത് പ്രതീക്ഷയ്‌ക്കൊത്തുയരുന്നു എന്ന തോന്നലുണ്ടാക്കിയ സ്വാമി പിന്നീട് വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് സ്വയം എടുത്തെറിയപ്പെട്ടു. ഇരിക്കുന്ന ഒരു സ്ഥാനത്തിലും സ്വയമുറയ്ക്കാതെ ഒരു അസംതൃപ്തനായി മാറിയ സമർത്ഥൻ. നിരവധി മന്ത്രിമാർ സ്വാമിയുടെ സേവനം ആവശ്യപ്പെട്ട് വിളിച്ചു കൊണ്ട് പോയി അതെ വേഗതയിൽ തിരിച്ചയക്കും. ഇപ്പോൾ കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെയും അവസ്ഥ മറിച്ചല്ല. മുൻപ് മന്ത്രിമാരെ തന്നെ പ്രതിസന്ധിയിലാക്കി പിണങ്ങി പിരിയുന്ന പതിവ് ഇത്തവണ തെറ്റി. ആ ഒരു കാര്യത്തിൽ സുനിൽ മന്ത്രിയ്ക്ക് ആശ്വസിക്കാം.

ഭരത് ഭൂഷന്റെ ഏഴരമാർക്കിൽ കുടുങ്ങി

ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്നും പടിയിറങ്ങുന്നതിനു തൊട്ടു മുൻപ് ഭരത് ഭൂഷൺ രാജു നാരായണ സ്വാമിക്കിട്ട് കൊടുത്തത് ഏഴരയുടെ ഉഗ്രൻ പണി. സ്വാമിയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയ ഭരണ തലവൻ സ്വാമിക്ക് കൊടുത്ത് പത്തിൽ 7.63 മാര്‍ക്ക് മാത്രം. 2014 ഏപ്രില്‍ ഒന്നു മുതല്‍ 2015 ജനുവരി ഒന്നു വരെ അച്ചടി വകുപ്പ് സെക്രട്ടറിയായിരുന്നു രാജു നാരായണ സ്വാമി . ഈ കാലയളവിൽ നടത്തിയ പ്രവര്‍ത്തനങ്ങളെ വിലയിരുത്തിയായിരുന്നു മാർക്ക് നൽകിയത്. ഇതര ഉദ്യോഗസ്ഥർ 9 – 9 .5 മാർക്ക് നേടിയപ്പോഴാണ് മിടുമിടുക്കൻ എന്ന് ഒരു കാലത്ത് കേരളം വാഴ്ത്തിയ രാജു നാരായണ സ്വാമി പിന്നാക്കം പോയത്. ഭരത് ഭൂഷൺ എഴുതിയ റിപ്പോർട്ട് മാർക്കിന്റെ കുറവ് കൊണ്ട് മാത്രമല്ല സ്വാമിക്ക് ഉപദ്രവം ആയത്.

ias fight raju narayana swami

റിപ്പോർട്ടിൽ ചില പരാമർശങ്ങൾ ശ്രദ്ധിക്കുക

* സ്വാമി സെക്രട്ടറിയായ വകുപ്പില്‍ പ്രത്യക്ഷത്തില്‍ ഒരു നേട്ടവും കണാന്‍ കഴിയുന്നില്ല.

* ഒരു ചെറിയ വകുപ്പിന്റെ ചുമതല നല്‍കിയിട്ടു പോലും ഒരു നേട്ടവും ഫലവും ഉണ്ടാക്കാനുള്ള പരിശ്രമവും അദ്ദേഹം നടത്തിയില്ല.

* അനുപമമായ പഠന യോഗ്യതയുണ്ടായിട്ടും സര്‍ക്കാര്‍ ജോലയില്‍ നിര്‍ജീവും നിഷ്ഫലവുമായിരുന്നു രാജു നാരായണ സ്വാമി.

* ഒരു ഓഫീസര്‍ എന്ന നിലയില്‍ അപരിചിതമായ ഉദാഹരണമാണ് സ്വാമി.

* കയ്യില്‍ കിട്ടുന്ന ഫയല്‍ ആഴ്ചകളോളം വൈകിപ്പിക്കുയാണ്.

* ക്ഷണിക്കപ്പെട്ട ഒരു ഉദ്യോഗസ്ഥതല യോഗത്തില്‍ പ്പോലും സ്വാമി പങ്കെടുത്തിട്ടില്ല.

* മാദ്ധ്യമങ്ങളെ ഉപയോഗിച്ച്‌ അദ്ദേഹം സര്‍ക്കാരിനെതിരെയും മറ്റുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെയും നിരന്തരം വാര്‍ത്തകള്‍ നല്‍കുന്നു

ഒന്‍പത് മാർക്കുമായി രക്ഷകൻ കെ പി മോഹനൻ മന്ത്രി വന്നു

ഭരത് ഭൂഷൺ എഴുതിപ്പിടിപ്പിച്ച ഒരൊന്നര പണിയിലെ ഈ പരാമർശങ്ങൾ റിപ്പോർട്ടിൽ നിന്നും ഒഴിവാക്കാൻ പിന്നീട് വന്ന ജിജി തോംസണും തയ്യാറായില്ല. അതിനായി രാജു നാരായണ സ്വാമി കുറെ കയറി ഇറങ്ങേണ്ടി വന്നു. ഒടുവിൽ പുനഃപരിശോധന അഥോറിറ്റിയെന്ന നിലയില്‍ ചീഫ് സെക്രട്ടറി നല്‍കിയ വാര്‍ഷിക പെര്‍ഫോമന്‍സ് റിപ്പോര്‍ട്ട് മന്ത്രി കെ.പി.മോഹനന്‍ മാറ്റം വരുത്തുകയായിരുന്നു. സ്വാമി ഒരു മിടുക്കനായ ഓഫീസറാണെന്ന് മന്ത്രി സാക്ഷ്യപ്പെടുത്തുകയും പകരം, ചീഫ് സെക്രട്ടറി നല്‍കിയ 7.63 മാര്‍ക്കിനു പകരമായി പത്തില്‍ ഒന്‍പത് മാര്‍ക്ക് സ്വാമിക്ക് നല്‍കുകയും ചെയ്തു.

ഇതുവരെ ആ മാർക്ക് പേപ്പറിൽ സീൽ പതിഞ്ഞു കിട്ടിയിട്ടില്ല

ias fight raju narayana swami 1

2015 ഓഗസ്റ്റ് മൂന്നിനാണ് മന്ത്രി കെ.പി.മോഹനന്‍ ഇതു സംബന്ധിച്ച ഫയലില്‍ ഒപ്പിട്ടത്. ഇതു ചീഫ് സെക്രട്ടറിയുടെ ഓഫീസിലേക്ക് അയച്ചുകൊടുത്തുവെങ്കിലും ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇതുവരെയും ഇതു പരിഗണിച്ചിട്ടില്ല. മന്ത്രിയുടെ റിപ്പോര്‍ട്ടിനൊപ്പം രാജു നാരായണ സ്വാമി 2016 മാര്‍ച്ച്‌ 18ന് ഒരു കത്തുകൂടി ചീഫ് സെക്രട്ടറിക്ക് നല്‍കിയെങ്കിലും ഇതുവരെ നടപടി ആയിട്ടില്ല. നിലവിലെ അവസ്ഥ ലഭ്യമായില്ല. പക്ഷെ ചുവപ്പ് നാടയിൽ സ്വയം കാൽ കുടുങ്ങി കിടക്കുന്ന രാജു നാരായണ സ്വാമിയാണ് കൃഷി വകുപ്പിലെ നാറിപ്പരക്കുന്ന ചെളി വാരിയെറിയൽ കലാപത്തിലെ ഒരറ്റം. അഴിമതി ആരോപണങ്ങൾ ഇതുവരെ ഏൽക്കേണ്ടി വന്നിട്ടില്ല എങ്കിലും സ്വകാര്യ ജീവിതത്തിലും ചില പരീക്ഷണങ്ങൾ നേരിടുകയാണ് ഈ മുൻകാല സമർത്ഥൻ.

ബിജു പ്രഭാകറിന്റെ ഐ. എ.എസ്. നേടിയത് വ്യാജ ബയോഡാറ്റ നൽകിയെന്ന് ?

ias fight biju prabhakar

ബിജു പ്രഭാകറിന്റെ ഐ എ എസ്. റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയുൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരിക്കുന്നത് സംസ്ഥാന ശിശുക്ഷേമ സംരക്ഷണ സമിതി ചെയർമാനും കോൺഗ്രസ് നേതാവുമായ ചെമ്പഴന്തി അനിലാണ്. അന്തരിച്ച കോൺഗ്രസ് നേതാവും മുൻമന്ത്രിയുമായ തച്ചടി പ്രഭാകരന്റെ മകനെതിരെയാണ് ചെമ്പഴന്തി അനിൽ പരാതി നൽകിയത്. 21.8.2006ൽ മാത്രം ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച ബിജു പ്രഭാകർ 1997ലെ സർവ്വീസ് റെഗുലേഷൻസിൽ പറയുന്ന യോഗ്യതകൾ ഉണ്ടെന്ന് കാണിച്ച് വ്യാജ ബയോഡാറ്റ നൽകിയാണ് ഐ എ എസ് സംഘടിപ്പിച്ചത് എന്നാണ് പരാതിയുടെ ചുരുക്കം.

ഡെപ്യൂട്ടി കളക്ടറായി സർവ്വീസിൽ പ്രവേശിച്ച് മിനിമം 8 വർഷം പൂർത്തിയാക്കിയവരിൽ നിന്നും മാത്രമാണ് ഐ എ എസ് കൺഫർ ചെയ്യുന്നതിനുള്ള അപേക്ഷ ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിങ് ക്ഷണിക്കുന്നത്. ഡെപ്യൂട്ടി കലക്ടർ പദവിയിൽ ഒരു വർഷം മാത്രം സർവീസുണ്ടായിരുന്ന ബിജു പ്രഭാകർ അപേക്ഷ നൽകി. എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി സ്വാധീനത്തിൽ വീണാണ് ബിജു പ്രഭാകരന് ഐ എ എസ് കൺഫെർ ചെയ്തതെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു.

ഒരു ലാറ്റക്സ് ഫാക്ടറി കാലം

താൽക്കാലിക അടിസ്ഥാനത്തിൽ പ്ലാന്റ് മാനേജരായി 1996 ൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സ് എന്ന കേന്ദ്ര പൊതുമേഖല സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിച്ചയാളാണ് ബിജു പ്രഭാകർ. അവിടെ നിന്നും തന്റെ പരമ്പരാഗത രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് 6.5.1996ൽ ഹിന്ദുസ്ഥാൻ ലാറ്റക്‌സിൽ നിന്നും ഫാക്ടറീസ് അന്റ് ബോയിലേഴ്‌സ് വകുപ്പിൽ ടെക്ക് നിക്കൽ ഓഫീസറായി ഡെപ്യൂട്ടേഷൻ തരപ്പെടുത്തിയെടുക്കുകയും തുടർന്ന് അവിടെനിന്നും ഫാക്ടറീസ് ആൻഡ് ബോയിലേഴ്‌സ് എന്ന സ്റ്റേറ്റ് സർവ്വീസിലേക്ക് ഡെപ്യൂട്ടേഷനിൽ പോവുകയും ചെയ്തു. കേന്ദ്ര സർവീസിൽ നിന്നും സംസ്ഥാന സർവീസിലേക്ക് ഡെപ്യൂട്ടേഷൻ നിയമപരമാണോ എന്ന ചോദ്യമാണ് ഇപ്പോൾ പരാതിക്കാർ ഉന്നയിക്കുന്നത്.

ആകെ മൊത്തം ടോട്ടൽ കൂട്ടി

21.8.2006 ൽ ഡെപ്യൂട്ടി കലക്ടറുടെ കേഡറിൽ സർവ്വേ വകുപ്പിൽ അസി: സെക്രട്ടറിയായി ജോലിയിലിരിക്കേ തന്റെ മുൻകാല പ്രവർത്തികളെയാകെ ബിജു പ്രഭാകർ കൂടെക്കൂട്ടി. ഹിന്ദുസ്ഥാൻ ലാറ്റക്‌സ് ലിമിറ്റഡിലെയും, ഫാക്ടീസ് ആൻഡ് ബോയിലേഴ്‌സ് വകുപ്പിലെയും സർവ്വീസ് കാലയളവ് കൂടി പരിഗണിച്ച് തന്നെ ഐ എ എസ്സ് സെലക്ഷൻ ലിസ്റ്റിൽ ഉൾപ്പെടുത്തമെന്ന് അപേക്ഷ നൽകി. 29.6.2007 ന് ഡിപ്പാർട്ട്‌മെന്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗിലും അന്നത്തെ റെവന്യു പ്രൻസിപ്പൽ സെക്രട്ടറിക്കും ബിജു പ്രഭാകർ അപേക്ഷ കൊടുത്തിരുന്നു. അങ്ങനെ ഡെപ്യൂട്ടി കലക്ടർ പദവിയിൽ ഒരു വർഷം മാത്രം സർവീസുണ്ടായിരുന്ന ബിജു പ്രഭാകറിനെ എല്ലാ നിയമങ്ങളും കാറ്റിൽ പറത്തി യോഗ്യതാ മാനദണ്ഡങ്ങളുണ്ടെന്ന് തെറ്റിധരിപ്പിച്ചാണ് അന്നത്തെ ചീഫ് സെക്രട്ടറിയും റെവന്യു സെക്രട്ടറിയും ബിജുവിന് ഐഎ.എസ്. തരപ്പെടുത്തികൊടുത്തതെന്നും പരാതിക്കാർ ആരോപിക്കുന്നു.

അരക്കിട്ടിരുന്ന കളക്ടർ സീറ്റിളകിയത് ഷോക്കായി

ias fight biju prabhakar 1

ആരുഭരിച്ചാലും തലസ്ഥാനത്തെ കളക്ടർ ബിജു പ്രഭാകരൻ എന്നതായിരുന്നു ഏറെക്കാലമായുള്ള അനുഭവം. ഇടയ്ക്കു ഒരു ട്രെയിനിങ് ആവശ്യത്തിനായി വിദേശത്തു പോയ ചെറിയ കാലയളവ് ഒഴിച്ചാൽ മുതിർന്ന ഐ എ എസ്സുകാരെ പോലും നീക്കി നിർത്തിയാണ് തലസ്ഥാനത്തെ സൂപ്പർ പവ്വർ ആക്കി ബിജുവിനെ ഭരണ സംവിധാനങ്ങളും മാധ്യമങ്ങളും കൂടി നിലനിർത്തിയിരുന്നത്.

രാഷ്ട്രീയ നേതാക്കൾ രാത്രികാലങ്ങളിൽ സ്വന്തം ഫ്ലെക്സ് വച്ച് കെട്ടുന്നത്  കളക്ടർമാർക്കിടയിൽ പതിവില്ലാത്തതാണ് . ആര് കെട്ടുന്നതെന്നറിയില്ല; ഒരു കാലത്തു നഗരം മുഴുവൻ കളക്ടർക്ക് സ്വാഗതവും നന്ദിയും പറഞ്ഞുള്ള ഫ്ളക്സുകളുടെ ബഹളമായിരുന്നു. കളക്റ്ററുടെ തല  കളക്റ്ററുടെ മുഖം കളക്റ്ററുടെ പേര് …!  ഒടുവിൽ പിണറായി സർക്കാർ അധികാരത്തിലെത്തിയ ആദ്യമാസങ്ങളിലും തലസ്ഥാനത്ത് കളക്‌ടർ കസേര അരക്കിൽ തന്നെ.  പിന്നീട് 2016 ആഗസ്റ്റ് 3 നാണു ബിജു പ്രഭാകറിനെ കളക്ടർ സ്ഥാനത്ത് നിന്നും മാറ്റിയത്. ഒരിക്കലും ഇളകാത്തവിധം കംഫർട് കസേരയിൽ അരക്കിട്ടിരുന്ന ഉദ്യോഗ പ്രമാണിക്ക് അത് ചെറിയ ഷോക്ക് ആയിരുന്നില്ല. അതോടെ നിരാശയിലായ മുൻ കലക്റ്റർ പിന്നെ അസംതൃപ്തനായി. ഇതേ അസംതൃപ്തൻ ആണ് ചെളി വാരിയെറിയൽ കലാപരിപാടിയിൽ മറ്റേ അസംതൃപ്തന്റെ എതിർ പക്ഷത്തുള്ളത്.

തമ്മിലടിക്ക് സർക്കാരിന്റെ ചുട്ട അടി

മതിയാകും വരെ ഇരുവർക്കും ഇനി വീട്ടിലിരുന്ന് അടിക്കാം. സർക്കാർ ചിലവിൽ ഇനി രണ്ടാളും കൂടി ആരോപിച്ച് കഷ്ടപ്പെടണ്ട എന്ന് പിണറായി വിജയൻ മന്ത്രിസഭ തീരുമാനിച്ചു. സ്വാമിയെ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും ബിജു പ്രഭാകറിനെ കൃഷി ഡയറക്ടർ സ്ഥാനത്ത് നിന്നും മാറ്റി. ബിജു പ്രഭാകർ നൽകിയ അവധി അപേക്ഷ സ്വീകരിച്ചു കരുണ കാട്ടിയിട്ടുണ്ട് മന്ത്രിസഭ. പകരം നിയമനം നൽകാതെ അവധിയിൽ പോകാൻ രാജു നാരായണ സ്വാമിയോടും സർക്കാർ നിർദേശിച്ചു എന്നാണറിവ്.

കുറച്ചു കാര്യങ്ങൾ പറയാതെ വയ്യ. എങ്ങോട്ടും വളയുന്ന മാധ്യമങ്ങളെ ഉപയോഗിച്ച് രാജു നാരായണ സ്വാമിയും ബിജു പ്രഭാകറും തങ്ങൾക്കാവശ്യമുള്ള വാർത്തകൾ മാത്രം ജനങ്ങളിലേക്കെത്തിച്ചു. സ്വന്തം ഉത്തരവാദിത്തങ്ങൾ ചെയ്യുന്നതിൽ രണ്ടാളും രണ്ടു തരത്തിൽ വീഴ്ച വരുത്തി. കടമ നിർവ്വഹിക്കുന്നതിനേക്കാൾ കൂടുതൽ സമയം തൊഴുത്തിൽ കുത്താനും പാര വയ്ക്കാനും വിവാദങ്ങൾ ഉണ്ടാക്കാനുമാണ് ഇക്കൂട്ടർ വിനിയോഗിച്ചത്. അവധിയെടുത്തോ രാജിവച്ചോ പുറത്താക്കിയോ…; എങ്ങനെ എന്നതല്ല, ഉപയോഗമില്ലാത്ത ഒന്നിനെയും ജനത്തെ സേവിക്കാനെന്ന പേരിൽ പൊതുഖജനാവിൽ നിന്നും പണമെടുത്തു തീറ്റിപ്പോറ്റരുത്‌.

എന്തായാലും പരസ്പരമുള്ള ചെളി വാരിയെറിയലിൽ അൽപ്പം നാറ്റം വമിച്ചാലും ദന്ത ഗോപുരങ്ങളിലെ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകുന്നു എന്നത് അൽപ്പം പൊതുജന താൽപ്പര്യം ഉള്ള വിഷയം തന്നെ. വാരിക്കൂട്ടുന്ന ഡിഗ്രികളോ അടയിരിക്കുന്ന സ്ഥാനങ്ങളോ അല്ല ഒരാളുടെ നിലവാരം നിർണയിക്കുന്നത് എന്നത് കൂടി ബിജു – രാജു പോരിലൂടെ ജനം തിരിച്ചറിയുന്നു.

 

Biju Prabhakar alleged with fake  IAS

NO COMMENTS