മൂന്ന് വര്‍ഷത്തിന്റെ കാത്തിരിപ്പിനൊടുവില്‍ ഗര്‍ഭിണിയായി, സന്തോഷം അറിഞ്ഞ് മിനുട്ടുകള്‍ക്കകം മരണം

raiha

ഐഷത്ത് റൈഹയുടെ മരണം, ആ വാര്‍ത്ത അറിയുന്നവരുടെ നെഞ്ചിലെല്ലാം ഒരു വിങ്ങലായി മാറുകയാണ്. മൂന്ന് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം അമ്മയാകാന്‍ പോകുന്നുവെന്ന സന്തോഷ വാര്‍ത്തയറിഞ്ഞ് വീട്ടിലേക്ക് മടങ്ങും വഴിയാണ് റൈഹയേയും വയറ്റില്‍ വളരാന്‍ തുടങ്ങിയ ആ കുരുന്ന് ജീവനേയും വിധി തട്ടിയെടുത്തത്. ആശുപത്രിയ്ക്ക് സമീപത്ത് നിന്ന് റൈഹ കയറിയ  ഓട്ടോയില്‍ കാറിടിച്ചാണ് അപകടം. വര്‍ഷങ്ങള്‍ കാത്തിരുന്ന ആ സന്തോഷത്തിന് പത്ത് മിനിട്ടിന്റെ ആയുസ്. ഐഷയ്ക്കൊപ്പം വയറ്റിലെ ആ കുരുന്ന് ജീവനും പുറംലോകം കാണാതെ മറഞ്ഞു. ഒരായുസ്സിന്റെ സന്തോഷവത്തിനും നഷ്ടത്തിനും മിനുട്ടുകളുടെ ഇടവേളയില്‍ സാക്ഷിയായി റൈഹയുടെ ഭര്‍ത്താവും ഒപ്പമുണ്ടായിരുന്നു.

ചൊവ്വാഴ്ച രാത്രി മൂവാറ്റുപുഴയില്‍ വച്ചായിരുന്നു അപകടം.. മാലി ലൈറ്റ്നിംഗ് വില്ലയില്‍ മുഹമ്മദ് അസ്സമിന്റെ ഭാര്യയാണ് ഐഷത്ത് റൈഹ. മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സബൈന്‍സ് ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയതായിരുന്നു ഇവര്‍. കഴിഞ്ഞ മൂന്ന് മാസമായി ഈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇരുവരും. ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചശേഷം വീട്ടിലേക്ക് മടങ്ങാന്‍ ഓട്ടോയില്‍ കയറിയ ഉടനെയായിരുന്നു അപകടം. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവ് മുഹമ്മദ് ഓട്ടോയിലേക്ക് കയറും മുമ്പ് തന്നെ നിയന്ത്രണം വിട്ടെത്തിയ കാര്‍ ഓട്ടോയും കൊണ്ട് മുന്നോട്ട് നീങ്ങിയിരുന്നു. പോസ്റ്റിലിടിച്ച് നിന്ന തകര്‍ന്ന ഓട്ടോയില്‍ നിന്ന് ചോരയില്‍ കുളിച്ച് കിടന്ന റൈഹയേയും കൊണ്ട് ആശുപത്രിയിലേക്ക് ഓടിയത് മുഹമ്മദായിരുന്നു. മിനുട്ടുകള്‍ക്ക് മുമ്പ് സന്തോഷിച്ച്  പടിക്കെട്ടിറങ്ങിയ അതേ ആശുപത്രിയിലേക്കാണ് ഭാര്യയുടെ ജീവന് വേണ്ടി മുഹമ്മദ് ഓടിക്കയറിയത്.

ചികിത്സയ്ക്കായി മൂവാറ്റുപുഴ പള്ളിച്ചിറങ്ങരയില്‍ ഇവര്‍ വാടകവീടെടുത്ത് താമസിച്ച് വരികയായിരുന്നു ഇരുവരും. രാത്രി 12.30 ഓടെയാണ് റൈഹ ഗര്‍ഭിണിയാണെന്ന് സ്ഥിരീകരിച്ചത്. ചികിത്സിക്കുന്ന ഡോക്ടര്‍ സബൈന്‍ തന്നെയാണ് സന്തോഷ വാര്‍ത്ത ഇവരെ അറിയിച്ചത്. ഈ വാര്‍ത്ത കേട്ട് ഇരുവരും സന്തോഷത്തോടെ മടങ്ങും വഴിയാണ് വിധി മുഹമ്മദിനെ തനിച്ചാക്കി റൈഹയയും വയറ്റിലെ കുരുന്നിനേയും തട്ടിയെടുത്തത്.റൈഹയെ സബൈന്‍സ് ആശുപത്രിയിലും തുടര്‍ന്ന്  കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

NO COMMENTS