സംഘപരിവാർ സംഘം കഴിക്കണം റഹമത്തിലെ ബീഫ് ബിരിയാണി

beef biriyani

കോഴിക്കോട് പോയവർ റഹമത്തിലെ ബീഫ് ബിരിയാണി കഴിക്കാതെ മടങ്ങാറില്ല, അത് ആ യാത്രയുടെ ഭാഗമാണ്. റഹമത്തിലെ ബീഫ് ബിരിയാണി ഇല്ലെങ്കിൽ പിന്നെ എന്ത് കോഴിക്കോടൻ യാത്രയെന്നേ ആ വഴി പോയ ഏതൊരാളും പറയൂ… ബീഫ് ബിരിയാണിയ്‌ക്കൊപ്പം ഒരു കോഴിക്കോടൻ സ്‌പെഷ്യൽ സുലൈമാനിയും, അത് നിർബന്ധമാണ്.

കോഴിക്കോടൻ ബീഫ് ബിരിയാണിയൊന്ന് കഴിച്ചാൽ തീരുന്ന വിരോധമേ ഇന്ത്യയിലെ ബീഫ് വിരോധികൾക്ക് ഉള്ളൂ എന്ന് ഓർമ്മിപ്പിച്ചത് കഴിഞ്ഞ വർഷം ബിജെപി ദേശീയ സമ്മേളനം നടന്ന സമയം സോഷ്യൽ മീഡിയയാണ്.

ഇന്ന് അപ്രഖ്യാപിത ബീഫ് വിലക്കുമായി എൻഡിഎ സർക്കാർ രംഗത്തെത്തുമ്പോൾ റഹമത്ത് വഴി പോയവരെല്ലാം ഒരു നിമിഷം ആ രുചി ഒന്നുകൂടി ഓർത്തെടുത്തിരിക്കും, ഉറപ്പ്. കോഴിക്കോടൻ രുചിപ്പെരുമയിൽ ഒന്നാമതാണ് ആ ബീഫ്. എന്തുകൊണ്ടാണ് കേരളക്കരയ്ക്ക് ബീഫ് ‘ഇമോഷണൽ’ ആകുന്നതെന്ന് റഹ്മത്തിലെ തിരക്കിൽനിന്ന് തന്നെ മനസ്സിലാകും.

അന്ന് കോഴിക്കോട് വച്ച് നടന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അമിത് ഷായടക്കമുള്ള സംഘപരിവാർ സംഘങ്ങൾ കോഴിക്കോടിന്റെ രുചിയറിയാൻ ഒന്ന് ശ്രമിച്ചിരുന്നെങ്കിൽ ഇന്ന് ബീഫ് നിരോധിക്കില്ലെന്ന് മാത്രമല്ല, വേണമെങ്കിൽ ബീഫിനെ ദേശീയ ആഹാരമാക്കി പ്രഖ്യാപിക്കുമായിരുന്നുവെന്നും വീണ്ടും സോഷ്യൽ മീഡിയ.

മലപ്പുറം ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബീഫ് വാഗ്ദാനം ചെയ്ത അതേ ബിജെപി തന്നെയാണ് ഇപ്പോൾ കന്നുകാലികളെ അറക്കുന്നത് നിരോധിക്കുന്നത് വഴി ബീഫിന് അപ്രഖ്യാപിത വിലക്കുമായി രംഗത്തെത്തിയിരിക്കുന്നത്.

മറ്റ് മൃഗങ്ങളോടൊന്നുമില്ലാത്ത സ്‌നേഹവും ആദരവും പശുക്കൾക്ക് മാത്രം നൽകുന്ന സംഘപരിവാർ അജണ്ടയാണ് ഈ ഉത്തരവിന് പിന്നിലെന്നുള്ളതിന് സംശയമില്ല. കേന്ദ്രം, സംഘപരിവാറിന്റെ കാൽച്ചുവട്ടിലെ അധികാരമാകുന്നുവെന്നതിന്റെ വ്യക്തമായ തെളിവാകുകയാണ് ഈ ഉത്തരവ്. ഓരോ മനുഷ്യന്റെയും നാവിൻ രുചി അറുത്തെടുക്കാൻ ഏത് സർക്കാരിനാണ് ഇന്ത്യൻ ഭരണഘടന അനുവാദം നൽകിയിട്ടുള്ളതെന്ന് നിയമജ്ഞർതന്നെ വ്യക്തമാക്കണം. അല്ലെങ്കിൽ ഇനിയുള്ള സമരം പട്ടിണി സമരമായിരിക്കില്ല, പകരം തിന്നു തോൽപ്പിക്കേണ്ടി വരും ആഹാരത്തിന്റെ രാഷ്ട്രീയവുമായി ഇറങ്ങുന്നവരെ. അതിന് റഹമത്തിലും പാരഡൈസിലുമെല്ലാം നല്ല ചൂടൻ ബീഫ് ഉണ്ടാക്കുക തന്നെ വേണം…

NO COMMENTS