Advertisement

കുളിമുറിയോ കക്കൂസോ ഇല്ല, വെള്ളത്തിന് കിലോമീറ്ററുകൾ താണ്ടണം; ആദ്യ ദിവസം ഭർത്തൃവീട് സമ്മാനിച്ചത്

May 27, 2017
Google News 1 minute Read
first day grooms house

ആദ്യ ദിവസം ഭർത്തൃവീട്ടിൽനിന്ന് നേരിട്ട ഒറ്റപ്പെടലിനെ കുറിച്ച് വീട്ടമ്മ ട്വന്റിഫോർന്യൂസിനോട് പങ്കുവച്ച അനുഭവം

ഇത് കഥയല്ല, 27 വർഷങ്ങൾക്ക് മുമ്പുള്ള ഒരു പെൺകുട്ടിയുടെ ജീവിതമാണ്. അച്ഛനും അമ്മയ്ക്കും സഹോദരിമാർക്കും ഒപ്പം കളിച്ചും ചിരിച്ചും പാട്ടുപാടിയും നടന്നിരുന്ന, കഥകളൊരുപാട് ഇഷ്ടമുള്ള 17 കാരിയുടെ അനുഭവം. തന്റെ ജീവിതത്തിൽ അന്നുവരെ കണ്ടിട്ടില്ലാത്ത മറ്റൊരു ലോകത്തേക്ക്, ഭർത്തൃ വീട്ടിലേക്ക്‌ പറിച്ച് നടപ്പെട്ട അവളുടെ മാനസിക സംഘർഷം ഇന്നും ഒരു നോവായി അവർ കൊണ്ടുനടക്കുന്നു…
അന്നത്തെ ആ പാവാടക്കാരി പെൺകുട്ടി ഇന്ന് ഒരു വീട്ടമ്മയാണ്. വയസ്സ് 44. ഇനി ഒരു പെൺകുട്ടിയ്ക്കും അങ്ങനെയൊരു അനുഭവം ഉണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിച്ച നിമിഷങ്ങളെ കുറിച്ച് തുറന്ന് പറയുന്നു ഈ അമ്മ.

Read Also : ഞങ്ങൾക്ക് ആൺ വീട് കാണണം

സ്വന്തം വീട്ടിൽനിന്ന് തൊട്ടപ്പുറത്തുള്ള വീടുകളിലേക്ക് പോലും ഒറ്റയ്ക്ക് പോയിട്ടില്ലാത്ത, അച്ഛനെയും അമ്മയെയും വിട്ട് റേഡിയോയിലെ പാട്ടുകളല്ലാതെ മറ്റൊരു ലോകവുമില്ലാതിരുന്ന അവൾ എത്തിപ്പെട്ട ലോകം അന്ന് ഒരു ഒറ്റപ്പെട്ട തുരുത്തായിരുന്നു ആ പെൺകുട്ടിയ്ക്ക്. ചെറിയ വീടെങ്കിലും വൈദ്യുതി അടക്കമുള്ള എല്ലാ സൗകര്യങ്ങളോടും ജീവിച്ചിരുന്ന അവൾക്ക് ദുസ്വപ്‌നം പോലെയല്ലാതെ ഭർതൃ വീട്ടിലെ ആദ്യ ദിവസത്തെ ഓർത്തെടുക്കാനാകില്ല.

പെണ്ണുകാണാൻ വന്ന ദിവസം കണ്ട ആൾ. പേരല്ലാതെ അയാളെ കുറിച്ച് മറ്റൊന്നും അറിയില്ല. സമ്മതമോ എന്ന് അച്ഛൻ ചോദിച്ചപ്പോൾ മറുത്തൊന്നും ഇന്നുവരെയും പറഞ്ഞിട്ടില്ലാത്ത അവൾ തലയാട്ടി. ഒടുവിൽ വിവാഹം. വിവാഹ ദിവസം ജീപ്പിന്റെ മുൻസീറ്റിൽ കയറാൻ വാശിപിടിച്ച അവളെ, തുറിച്ച് നോക്കിയ ആ കണ്ണുകളാണ് പുതിയ ജീവിതത്തിലേക്കുള്ള ആദ്യ യാത്ര മുതൽ ഇന്നും, ചങ്കിൽ തറച്ച നോവായി പിന്തുടരുന്നത്. തന്റെ ഇനിയുള്ള ജീവിതം മുഴുവൻ ജീവിച്ച് തീർക്കേണ്ട (അങ്ങനെ നിർബന്ധം ഒന്നുമില്ല) ലോകം കാണാനുള്ള യാത്രയിൽ അവളെ ആദ്യം ഞെട്ടിച്ചത് അവിടേക്കുള്ള വഴികളായിരുന്നു. കിലോ മീറ്ററുകളോളം പാടവരമ്പിലൂടെ നടന്ന്, ഇടവഴി താണ്ടി, കുന്ന് കയറി വീട്ടിലെത്തണം. വീടിന് മുന്നിൽ വണ്ടി വന്ന് നിന്ന് ശീലിച്ച അവൾക്ക് ശ്വാസം മുട്ടി. തന്നെ ഇങ്ങെനെ ഒരു തുരുത്തിലാണല്ലോ കൊണ്ട് ചെന്ന് വിടുന്നത്, എല്ലാവരോടുമൊപ്പം താനും തിരിച്ചി പോകുമെന്ന് ആ പെൺകുട്ടി അന്ന് വെറുതെയെങ്കിലും ആശിച്ചിരുന്നു.

വീട്ടിലെത്തിയപ്പോൾ അവളുടെ ഓരോ സ്വപ്‌നങ്ങൾക്കുമുള്ള തിരിച്ചടി കിട്ടിക്കൊണ്ടിരുന്നു. വൈദ്യുതിയില്ല, വെള്ളമില്ല, എന്തിന് കക്കൂസുപോലുമില്ലായിരുന്നു ആ വീട്ടിൽ. ഒരോന്നും തിരിച്ചറിഞ്ഞപ്പോഴേക്കും അവൾ തന്റേതല്ലാത്ത ആ വീട്ടിൽ അവൾ തളക്കപ്പെട്ടിരുന്നു. സഹോദരിമാരും അച്ഛനും അമ്മയുമെല്ലാമുള്ള വീട്ടിൽനിന്ന് അമ്മയും മകനും മാത്രമുള്ള വീട്ടിലേക്കുള്ള പറിച്ചു നടൽ ചെറുതായൊന്നുമല്ല ആ ഇളം മനസ്സിനെ നോവിച്ചത്. അവിടെ അവൾക്കായി ഒന്നുമുണ്ടായിരുന്നില്ല. ഉണ്ണാൻ ഒരു പ്ലേറ്റുപോലും. അവളുടേതായി ഒന്നും ഇല്ലായിരുന്നു. അറിയാത്ത ഒരു ലോകത്ത് വന്ന് പെട്ട പെൺകുട്ടിയുടെ അബദ്ധങ്ങൾ കണ്ട് ചിരിക്കുന്ന ഒരുപറ്റം ആളുകൾക്കിടയിൽ അവളെന്നും ഒറ്റയ്ക്കായി. സിസിടിവി പോലെ തിരിയുന്ന കണ്ണുകളിൽനിന്ന് ഒളിക്കാൻ അവൾക്കാകുമായിരുന്നില്ല.

campaign 24 women freedom
കുളിമുറിയോ കക്കൂസോ ഇല്ലാത്ത ആ വീട്ടിൽ, ആരോടും പരാതി പറയാനില്ലാതെ അവൾ ജീവിതം കരുപിടിപ്പിച്ചു. മലമൂത്ര വിസർജ്ജനത്തിന് ബക്കറ്റിൽ വെള്ളവുമായി അടുത്ത വീട്ടിൽ പോകണം. വെള്ളം തീർന്നാൽ ദൂരം താണ്ടി വെള്ളമേറ്റി വരണം. അന്നുവരെ ഇതൊന്നും ശീലിച്ചിട്ടില്ലാത്ത അവൾക്ക് വീട്ടിലേക്ക് ഓടിപ്പോരാനുള്ള വഴിപോലും അറിയില്ലായിരുന്നു.

ഒരു തരത്തിലും തനിക്കുള്ളതല്ലായിരുന്നു ആ ലോകം എന്ന് 27 വർഷങ്ങൾക്കിപ്പുറം അവൾ ഓർക്കുന്നു. ഇഷ്ടമായിരുന്നില്ല ഒരുതരത്തിലും. മടുപ്പും വെറുപ്പുമായിരുന്നു ആ വീടിനോടും ചുറ്റുപാടിനോടും. ആകെ ഉണ്ടായിരുന്നത് അസഹ്യമായ വീർപ്പുമുട്ടലും ഭാവി ജീവിതത്തോടുള്ള ആശങ്കയും മാത്രമായിരുന്നുവെന്ന് ഇന്നും അവർ ഓർക്കുന്നു ഈ അമ്മ.

ഒരു പക്ഷേ അന്ന് ആൺ വീട് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ ആ പെൺകുട്ടി ഒരിക്കലും ആ വീട് തെരഞ്ഞെടുക്കില്ലായിരുന്നിരിക്കാം. കഷ്ടപ്പാടിൽനിന്ന് തന്റേതായ ലോകം കണ്ടെത്തിയ അന്നത്തെ മുറിപ്പാവടക്കാരി ഇന്ന് അമ്മയാണ്. അവൾക്കും ഒരു പെൺകുട്ടിയുണ്ട്. വിവാഹത്തിന് മുമ്പ് അവൾ താൻ ജീവിക്കാൻ പോകുന്ന വീട് അറിഞ്ഞിരിക്കണമെന്ന് ആ അമ്മ പറയുന്നു. അവൾ കണ്ടിരിക്കണം ആൺ വീട്. ട്വന്റിഫോർ ന്യൂസിന്റെ ക്യാമ്പൈനുമായി തന്റെ അനുഭവം പങ്കുവയ്ക്കുകയാരിന്നു പേര് വെളിപ്പെടുത്താൻ തയ്യാറാകാത്ത ആ അമ്മ.

അവർ പറഞ്ഞതിലേറെ അവർ അനുഭവിച്ചിരിക്കാം. 17 വയസ്സുമാത്രം പ്രായമുള്ള പെൺകുട്ടി ആ നിമിഷം കടന്നുപോയ മാനസ്സിക സമ്മർദ്ദം അത് അനുഭവിക്കാത്ത മറ്റൊരാൾക്ക് മാനസ്സിലാകണമെന്നില്ല. 27 വർഷങ്ങൾക്ക് മുമ്പ് ഉണ്ടായ ഇതേ അനുഭവം ഇന്നും നേരിടുന്നവർ നമുക്ക് ചുറ്റുമുണ്ട്. ഇനിയെങ്കിലും നാം തിരിച്ചറിയണം ലോകം പുരുഷന് മാത്രമുള്ളതല്ല, അവിടെ സ്ത്രീയുമുണ്ട്, അവർക്കും സ്വപ്‌നങ്ങളുണ്ട്.

News Banner copy

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here