ഉണര്‍ന്നെഴുന്നേറ്റത് ആണ്‍വീട്ടിലെ അപരിചിതത്വത്തിലേക്ക്

ആദ്യ ദിവസം ഭർത്തൃവീട്ടിൽനിന്ന് നേരിട്ട ഒറ്റപ്പെടലിനെ കുറിച്ച് വീട്ടമ്മ ട്വന്റിഫോർന്യൂസിനോട് പങ്കുവച്ച അനുഭവം
‘വയസ്സ് അമ്പത് കഴിയുന്നു, അന്ന് ഞാൻ അനുഭവിച്ച പ്രശ്നങ്ങള്‍ ഇന്നിപ്പോള്‍ പങ്കുവയ്ക്കുന്നത് കൊണ്ട് എനിക്ക് വലിയ പ്രയോജനമൊന്നുമില്ല, എങ്കിലും ഈ സ്ഥിതിയ്ക്ക് എന്തെങ്കിലും ഒരു മാറ്റം വരുത്താന്‍ എന്റെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ സാധിക്കുമെങ്കില്‍ അത്രയും നല്ലത്’ എന്ന ആമുഖത്തോടെയാണ് കൊല്ലത്ത് നിന്ന് ഒരു അമ്മ ട്വന്റിഫോര്‍ ന്യൂസിന്റെ ‘ഞങ്ങൾക്ക് ആൺ വീട്’ കാണണം എന്ന ക്യാംപെയിനുമായി സഹകരിച്ച് സംസാരിച്ച് തുടങ്ങിയത്. അന്നങ്ങനെയായിരുന്നു, കല്യാണം കഴിഞ്ഞ് എത്തുമ്പോഴാണ് പെണ്‍കുട്ടികള്‍ ആണ്‍വീട് കണ്ടിരുന്നത്, എന്ന് വച്ച് ഈ കാലഘട്ടത്തിലും ഇത് തുടരണമെന്നില്ലല്ലോ? ലോകം എത്ര മുന്നോട്ട് പോയി, സ്ത്രീകൾ ചെന്നെത്താത്ത സ്ഥലങ്ങളില്ല, എന്നിട്ടും ഭർത്താവിന്റെ വീട് കാണണമെങ്കിൽ കല്യാണം കഴിയുന്നത് വരെ കാത്തിരിണമെന്നതിന് എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ഈ അമ്മ ചോദിക്കുന്നു.
ജീവിതത്തിന്റെ മുക്കാൽ പങ്കും പെണ്‍കുട്ടി കഴിച്ച് കൂട്ടേണ്ട വീടാണ്, അവിടേക്ക് ഒരു ദിവസം സ്വിച്ച് ഇട്ടപോലെ പ്രത്യക്ഷപ്പെടേണ്ടവളല്ല ഈ കാലഘട്ടത്തിലെ പെൺകുട്ടികൾ എന്നാണ് ഈ അമ്മയുടെ പക്ഷം. അതിന് വ്യക്തമായ ഒരു കാരണവുമുണ്ട്. 35 കൊല്ലം മുന്‍പത്തെ സ്വന്തം വിവാഹ ദിനം. അമ്മായിയമ്മ ഇല്ലാത്ത ആ വീട്ടിലേക്ക് ഏക പെണ്‍തരിയായി കയറിച്ചെന്നതാണ് ഈ അമ്മ. സ്വാതന്ത്രത്തിന്റെ പാരമ്യതയില്‍ നിന്ന് ഒറ്റരാത്രി കൊണ്ട് വീട്ടമ്മയായി ഉണര്‍ന്ന ആ കാലത്തെ കുറിച്ച്അമ്മ തന്നെ പറഞ്ഞ് തുടങ്ങി, സിംഗപ്പൂരിൽ ജനിച്ച ഞാന്‍ സ്ക്കൂള് കാലഘട്ടത്തിലാണ് നാട്ടിലെത്തിയത്. കൊല്ലം പട്ടണത്തിന്റെ ഒത്ത നടുക്ക് അന്ന് സർവ്വ സ്വാതന്ത്ര്യത്തോടെയായിരുന്നു ബാല്യവും കൗമാരവും. പ്രീഡിഗ്രി കഴിഞ്ഞ് ഡിഗ്രിയ്ക്ക് അഡ്മിഷൻ കാത്തിരിക്കുമ്പോഴായിരുന്നു വിവാഹം. വയസ് പതിനെട്ടിലേക്ക് അടുക്കുന്നതേ ഉണ്ടായിരുന്നുള്ളൂ. അച്ഛന്റെ അപ്രതീക്ഷിത മരണവും ആലോചനകള്‍ക്ക് വേഗം കൂട്ടി. പെണ്ണുകാണാന്‍ ആദ്യം എത്തിയത് കൊല്ലത്തിന്റെ കിഴക്കൻ മേഖലയില്‍ നിന്നൊരു കൂട്ടർ, അത് തന്നെ ഉറയ്ക്കുകയും ചെയ്തു. ചെറുക്കന്റെ പേര് മാത്രം അറിയാം. ആളുമായി ഒരു തവണപോലും കാണുകയോ മിണ്ടുകയോ ഉണ്ടായില്ല- അമ്മ പറയുന്നു.
Read Also : ഞങ്ങൾക്ക് ആൺ വീട് കാണണം
വിവാഹത്തിന് മുമ്പ് ഭര്ത്തൃവീടിനെ കുറച്ച് ആദ്യം അറിഞ്ഞ കാര്യം ചെറുക്കന് അമ്മയില്ലെന്നാണ്. ആ വീട്ടില്‍ ഒരു കാറുണ്ട്, വയലുണ്ട് ഭര്‍ത്താവിന്റെ അമ്മ മരിച്ചതോടെയാണ് ചെറുപ്പത്തില്‍ തന്നെ വിവാഹം കഴിക്കുന്നത് എന്നൊക്കെയുള്ള വിശേഷങ്ങളെല്ലാം പിന്നീട് ഒളിഞ്ഞും തെളിഞ്ഞും കേട്ടതാ. അതും കല്യാണം ഉറപ്പിക്കാൻ പോയ കാരണവന്മാർ അമ്മയോട് വിശേഷം പറഞ്ഞപ്പോ. മറ്റ് ചിലത് അമ്മ അയല്‍ക്കാരോട് പങ്കുവച്ചപ്പോഴും കേട്ടു. എന്താണ് എന്നോട് ആരും അതെകുറിച്ച് നേരിട്ട് പറയാത്തത് എന്ന് ഞാന്‍ അന്ന് അലോചിച്ചിട്ടില്ല. പ്രായം അതല്ലേ? ഇന്ന് ഞാന്‍ ആലോചിക്കുകയാണ് അതൊക്കെ. എന്റെ അമ്മ പോലും എന്നോട് നേരിട്ട് പങ്ക് വയ്ക്കാത്തത് എന്തായിരുന്നു? ഞാനല്ലേ ആ വീട്ടിലേക്ക് പോകേണ്ടത്?
അമ്മയില്ലാത്തത് കൊണ്ട് അമ്മായിയമ്മപോരുണ്ടാകില്ലെന്ന് കൂട്ടുകാരികൾ കളിയായി പറയുമ്പോളും വേറെ ആകുലതകളൊന്നും ഇല്ലായിരുന്നു. വിവാഹം കഴിഞ്ഞ് ആ വീട്ടില്‍ എത്തുന്നവരെ!! അവസാനം വിവാഹം കഴിഞ്ഞ് കൊല്ലം പട്ടണത്തിൽ നിന്ന് ഒന്നര മണിക്കൂറോളം സഞ്ചരിച്ച് വീട്ടിലെത്തി. അപരിചിതമായ മുഖങ്ങളാണ് ചുറ്റും. നോക്കിയപ്പോള്‍ ഒരു കോമ്പൗണ്ടിൽ മൂന്ന് വീട്. ഒന്ന് അടുക്കള, ഒന്ന് കിടപ്പുമുറി, ഒന്ന് ബാത്ത് റൂം. അമ്മയില്ലാത്ത വീടായതുകാരണമാവും സന്ധ്യയായപ്പോഴേക്കും എല്ലാവരും പോയി ഭർത്താവും അച്ഛനും ഞാനും മാത്രമായി. അപരിചിതത്വം എല്ലാവരുടേയും മുഖത്ത് തളം കെട്ടികിടന്നു. എവിടെയാണ് മുറിയെന്നോ, എന്താ ചെയ്യേണ്ടെന്നോ അറിയില്ല. ചുരുക്കി പറഞ്ഞാൽ ഭർത്താവിന്റെ ശബ്ദം പോലും അറിയില്ല. കാരണം ഞങ്ങള്‍ സംസാരിച്ചിട്ടില്ലല്ലോ, പെണ്ണ് കണ്ട് പോയ ആളിനെ പിന്നെ കണ്ടത് പന്തലിൽ വച്ചാ… ഇന്നത്തെ കാലമല്ലല്ലോ ഞങ്ങൾ സംസാരിച്ചിട്ടേ ഇല്ല. പെണ്ണുകണ്ടപ്പോൾ പോലും!! (ചിരിക്കുന്നു)
വിവാഹ പിറ്റേന്ന് രാവിലെ ശബ്ദം കേട്ട് ഉണര്‍ന്നപ്പോൾ മുറ്റം നിറയെ പശുവും കാളയും. നേരം വെളുക്കുന്നതേയുള്ളൂ. ആദ്യം ഒന്നും മനസിലായില്ല, പിന്നെ മനസിലായി ഭർത്താവിന്റെ അച്ഛൻ വയലിലേക്ക് പോകാന്‍ ഇറങ്ങിയതാണ്. അതിന്റെ ശബ്ദമാണീ കേള്‍ക്കുന്നത്. ആളൊന്നും കഴിച്ചിട്ടില്ല. ഇനി കഴിക്കാൻ വരുമോ, അതോ ഇപ്പോള്‍ വല്ലതും ഉണ്ടാക്കണോ? പശുക്കൾക്ക് എന്താ കൊടുക്കേണ്ടത്? ഞാനെന്താ ചെയ്യേണ്ടതെന്നൊക്കെയുള്ള നൂറ് ചോദ്യങ്ങള്‍ ഒരുമിച്ച് മനസിലേക്ക് വന്നു. ഒന്നിനും ഉത്തരം കിട്ടിയില്ല. നേരം വെളുത്തപ്പോൾ വീടിന് ചുറ്റും ഒന്ന് നടന്നു.എല്ലാം കണ്ടു. എട്ട് മണിയായപ്പോഴേക്കും വയലിലെ പണിക്കാരെത്തി. എട്ട് പത്ത് പേരുണ്ടാകും. ഭക്ഷണത്തിന് വന്നതാണ്. ( വീട്ടിലെ ഏറ്റവും ചെറുതായിരുന്നു ഞാൻ, അതുകൊണ്ട് അടുക്കള പണിയിൽ എക്സ്പേർട്ടായിരുന്നില്ല. )പിന്നത്തെ ദിവസങ്ങളിൽ എന്താ നടക്കുന്നതെന്ന് പോലും ചിന്തിക്കാൻ സമയം കിട്ടാത്ത ജീവിതമായിരുന്നു. ഭർത്താവിന്റെ കർകശക്കാരനായ അച്ഛന്റെ മുഖം കറുക്കാതിരിക്കൽ മാത്രമായിരുന്നു ലക്ഷ്യം.
എനിക്ക് പക്ഷേ പരാതി ഒന്നും ഇല്ല കേട്ടോ, അന്നും ഇന്നും. സത്യത്തിൽ പരാതി പറയണമെങ്കിൽ അൽപം ചിന്തിക്കണ്ടേ? അതിനു സമയം വേണ്ടേ?ചിരിച്ച് കൊണ്ടാണ് ഇത് പറഞ്ഞതെങ്കിലും അന്ന് നഷ്ടമായതെന്തൊക്കെയാ ആ കണ്ണുകള്‍ പറയാതെ പറഞ്ഞു, ഇപ്പോൾ 35 വർഷം കഴിഞ്ഞിരിക്കുന്നു. വയസ് അമ്പത് കഴിഞ്ഞു. മക്കൾ രണ്ട് പേരും ദൂരെയാണ്. ഇപ്പോഴാണ് ഒന്ന് വിശ്രമിക്കുന്നത്. ഭർത്താവിന്റെ അച്ഛൻ ഇപ്പോഴുമണ്ട്. വയസ് നൂറിനോടടുക്കുന്നു. പ്രായം കാർകശ്യം അൽപം കുറച്ചു. അകത്തേക്ക് നോക്കി ശബ്ദം താഴ്ത്തി പറയുന്നു ‘ഇപ്പോൾ ഞങ്ങൾ വലിയെ ഫ്രണ്ട്സാ….’
ശബ്ദം നേരെയാക്കി വീണ്ടും തുടര്‍ന്നു, “ഈ ക്യാമ്പെയിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് ഞാൻ ഇതാലോചിച്ചത്. വിവാഹത്തിന് മുമ്പ് ഞാൻ ഇവിടെ ഒന്ന് വന്നിരുന്നെങ്കിൽ(അന്ന് അത് എന്തായാലും നടക്കില്ല) ചിലപ്പോ ആദ്യത്തെ ആ രണ്ട് ദിവസത്തെ ആ വീർപ്പുമുട്ടൽ ഒന്ന് മാറിയേനെ. പശുവിനേയും, കാളയേയും ഒക്കെ കണ്ട് വിവാഹം വേണ്ടെന്ന് പറയും എന്ന് തോന്നുന്നില്ല. അങ്ങനെയൊക്കെ ആലോചിക്കാൻ എനിക്ക് അന്നൊന്നും അറിയില്ലായിരുന്നു”
ഈ അമ്മയുടെ ഓര്‍മ്മകളില്‍ നിന്ന് വര്‍ഷങ്ങള്‍ക്കു ശേഷവും അന്ന് അനുഭവിച്ച അപരിചിതത്വത്തിന്റെ കാഴ്ചകള്‍ മായുന്നില്ല. സത്യമല്ലേ? ഇന്ന് മകളുടെ ഭര്‍ത്താവാകുന്ന ആളുടെ ബാങ്ക് ബാലന്‍സും, ശമ്പളവും ചെറുക്കന് വീട്ടുകാരുടെ സമൂഹത്തിലെ വിലയുമെല്ലാം ആലോചന തെരഞ്ഞെടുക്കാനുള്ള മാനദണ്ഡങ്ങളാണ്. അപ്പോഴും പെണ്‍കുട്ടിയ്ക്ക് അവരോടൊപ്പം കഴിയാന്‍ പറ്റുന്ന അന്തരീക്ഷം ആ വീട്ടില്‍ ഉണ്ടോ എന്നത് എവിടെയും ചര്ച്ചെയ്യപ്പെടുന്നില്ല. പക്ഷേ ഒന്നുറപ്പുണ്ട്, ഒരിക്കലും കല്യാണം ഉറപ്പിക്കാൻ പോകുന്ന കാരണവർമാര് കാണുന്നതല്ല ഒരു പെൺകുട്ടി അവിടെ കാണുക. മുതിർന്നവർ പെണ്ണിന്റെ ഭാവി സുരക്ഷിതമാണോ എന്ന് ചിന്തിക്കുമ്പോൾ പെൺകുട്ടി നോക്കുന്നത് തനിക്ക് അവിടെ അഡ്ജസ്റ്റ് ചെയ്യാനാകുമോ എന്നായിരിക്കും. എന്തായാലും മുതിർന്നവർ കാണാത്ത പലതും പെൺകുട്ടി അവിടെ കാണും, ഒരു ദിവസം ഇല്ലെങ്കിലും ഒരു ദിവസത്തിന്റെ പകുതിയെങ്കിലും പെൺകുട്ടി ആണ്വീട്ടിലൊന്ന് ചിലവഴിക്കുന്നത് ഓർത്ത് നോക്കൂ, വിവാഹ ശേഷം ആ വീട്ടിലെത്തുന്ന പെണ്‍കുട്ടിയ്ക്ക് ഇത് തന്റെയും കൂടി വീടാണെന്ന് ആദ്യ ദിവസം തന്നെ തോന്നിക്കാന്‍ ആ മണിക്കൂറുകള്‍ ധാരാളം മതി. വിവാഹ ഉറപ്പിക്കുന്നതിന് മുമ്പ് വന്ന് കാണുക എന്നത് ചിലപ്പോൾ അംഗീകരിക്കാൻ വിഷമമാവും പലർക്കും. എങ്കിലും വിവാഹ നിശ്ചയ ശേഷമെങ്കിലും, ആണ് വീട്ടുകാര്‍ ആ വീട്ടിലെക്ക് അവളെ ക്ഷണിക്കുന്നത് നമ്മുടെ നാട്ടില്‍ നടപ്പാകാന്‍ എന്താണ് തടസ്സം? അവള് നടന്നു കയറട്ടെ ആത്മവിശ്വാസത്തോടെ, സന്തോഷത്തോടെ അതിലുപരി സമാധാനത്തോടെ പുതു ജീവിതത്തിലേക്ക്…
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here