നിഷ്‌കളങ്കതയുടെ നീലാംബരം

വീണ ഹരി

kamala das

മാധവിക്കുട്ടി എന്ന പേര് മനോജ്ഞമായ ഒരു നിഷ്‌കളങ്കതയുടെ അടയാളപ്പെടുത്തലുകൂടിയാണ്. പെണ്‍മനസ്സുകളുടെ ഉള്ളറകള്‍ ഇത്ര ആഴത്തില്‍ തുറന്നിടാന്‍ ധൈര്യം കാണിച്ച വനിതയാണോ ഇതെന്ന് ആ മുഖം നമ്മെ ഒന്നു സംശയിപ്പിക്കും. എന്നാല്‍ തനിക്ക് നേരെ തിരിയുന്ന വാക്ശരങ്ങളേയും സദാചാര കണ്ണുകളേയും ഇതേ നിഷ്‌കളങ്കത നിറഞ്ഞ മുഖത്തോടെയാണ് അവര്‍ ചവച്ചുതുപ്പിയതും.

ബോംബെയില്‍ നിന്ന് കേരളത്തിലെത്തിയ കൊച്ചു കമലയോടൊപ്പം മലയാളവും സഞ്ചരിക്കാന്‍ തുടങ്ങിയത് എഴുപതുകളിലാണ്. പിന്നാടങ്ങോട്ട് കമല മാധവിക്കുട്ടിയായി, കമലാ സുരയ്യയായി… ഈ മാറ്റങ്ങള്‍ക്കും വിശദീകരണങ്ങള്‍ക്കുമെല്ലാം അവരുടെ വരികളിലൂടെ നമ്മളും സാക്ഷിയായി.

lg113

1971 ല്‍ മലയാളനാട് വാരികയിലൂടെയാണ് മാധവിക്കുട്ടിയുടെ എന്റെ കഥ വായനക്കാരിലേക്ക് എത്തുന്നത്. അനുഭവത്തിന്റെ ചൂടും ചൂരും നിറഞ്ഞ കമലയുടെ വരികള്‍ മലയാളസാഹിത്യശൈലിയോടുള്ള തുറന്ന പോരാട്ടമായിരുന്നു. സ്ത്രീ ശരീരത്തെക്കുറിച്ചും സ്തീകളുടെ ലൈംഗിക അവകാശങ്ങളേയും അഭിലാഷങ്ങളേയും വരികളിലൂടെ ചര്‍ച്ചയ്കകു വച്ചു ഇവര്‍.

ഓരോ കൃതിയ്ക്കും ശേഷം തെളിഞ്ഞും ഒളിഞ്ഞും ആക്രമിച്ചവരെ തന്റെ അടുത്ത കൃതിയിലൂടെ കമല ചോദ്യം ചെയ്തു. അതിനു ഉദാഹരണമാണ് ‘എന്റെ കഥ’യ്ക്ക് ശേഷം കമല എഴുതിയ ‘എന്റെ ലോകം’. എന്റെ കഥ നടത്തിയ സാമൂഹിക ഇടപെടലുകളോടൊപ്പം തീക്ഷണമായ അനുഭവങ്ങളും എന്റെ ലോകത്തിലൂടെ കമല പങ്കുവച്ചു. മലയാള നാട് വാരികയിലാണ് ഇതും അച്ചടിച്ച് വന്നത്.

1934 മാര്‍ച്ച് 31 തൃശ്ശൂര്‍ പുന്നയൂര്‍കുളത്തെ നാലപ്പാട്ട് തറവാട്ടിലാണ് മാധവിക്കുട്ടി ജനിക്കുന്നത്. മാതൃഭൂമിയുടെ മുന്‍ മാനേജിംഗ് എഡിറ്ററായിരുന്ന വി.എം നായരും കവയത്രിയായിരുന്ന ബാലാമണിയമ്മയും ആയിരുന്നു മാതാപിതാക്കള്‍. ജീവിതം പ്രണയത്തിന്റെ ആഘോഷമാണെന്നായിരുന്നു കമലയുടെ പക്ഷം. അതുകൊണ്ടുതന്നെ ഭയത്തിന്റെയും അന്യതാ ബോധത്തെയും ഏകാന്തതയുടെയും ലോകത്തിനൊപ്പം നിത്യ പ്രണയയും വരികളില്‍ ഒളിപ്പിച്ചു വച്ചു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും വായനകളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുകയാണ് കമല.

x
നീര്‍മാതളം പൂത്തകാലം, നഷ്ടപ്പെട്ട നീലാംബരി, ചന്ദന മരങ്ങള്‍, എന്റെ കഥകള്‍, യാ അല്ലാഹ്, അമാവാസി, വണ്ടിക്കാളകള്‍ തുടങ്ങിയവയാണ് പ്രധാന കൃതികള്‍. കമലയുടെ എന്റെ കഥ ഇംഗ്ലീഷടക്കം 15 ഭാഷകളിലേക്കാണ് വിവര്‍ത്തനം ചെയ്യപ്പെട്ടത്. സാഹിത്യ അക്കദമി അവാര്‍ഡ്, വയലാര്‍ അവാര്‍ഡ്, എഴുത്തച്ഛന്‍ അവാര്‍ഡ്, തുടങ്ങിയ പുരസ്‌കാരങ്ങളും അവരെ തേടിയെത്തി.1984 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശവും ചെയ്യപ്പെട്ടു.

1999 കമലാസുരയ്യ എന്ന് പേരു സ്വീകരിച്ച് ഇസ്ലാം മതത്തിലേക്ക് മാറിയപ്പോഴേക്കും പ്രതികരണങ്ങളില്‍ മനസുമടുത്ത കമലയെയാണ് പിന്നീട് നമ്മള്‍ കണ്ടത്. അപ്പോഴേക്കും പൂനെയില്‍ മകനോടൊപ്പം പോകാന്‍ പാതി മനസോടെയാണെങ്കിലും തയ്യാറായിക്കഴിഞ്ഞിരുന്നു. 2009 മെയ് 31 പൂനെയില്‍ നിന്നുതന്നെയാണ് ഈ നീര്‍മാതളം സാഹിത്യലോകത്തു നിന്ന് എന്നന്നേക്കുമായി അടര്‍ന്നു പോകുന്നതും. മരിക്കുന്നതിനു മുമ്പ് മലയാളികള്‍ക്ക് തന്റെ അക്ഷരങ്ങളോടൊപ്പം ചേര്‍ത്തു വയ്ക്കാന്‍ ചിലതുകൂടി ബാക്കി വച്ചാണ് കമല മാഞ്ഞു പോയത്. നാലപ്പാട്ടെ സ്വന്തം തറവാട് ആണ് അക്കൂട്ടത്തില്‍ ഒന്നാമത്തേത്. കേരളസാഹിത്യ അക്കാദമിയ്കാണ് ഓര്‍മ്മകള്‍ ഉറങ്ങുന്ന ഈ തറവാട് കമല ഇഷ്ടദാനമായി എഴുതിക്കൊടുത്തത്. അനാഥരായ അമ്മമാരേയും സ്ത്രീകളെയും സംരക്ഷിക്കാനും അനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുമായി സേവാ ചാരിറ്റബിള്‍ ട്രസ്റ്റിനും രൂപം കൊടുത്തു.

പ്രായം തളര്‍ത്തിയപ്പോഴും എഴുത്തില്‍ നിന്നും ഒരുകാലത്തും ഇടവേള എടുത്തില്ല കമല. അതിനുള്ള കൃത്യമായ മറുപടിയാവും ഞൊണ്ടിയായ കുതിര എന്ന ലേഖനത്തില്‍ കമല എഴുതിയത്. എഴുത്തു നിന്നാല്‍ മരണമാണ് ജീവിതത്തേക്കാള്‍ എത്രയോ നല്ലത്. ഞൊണ്ടിയായ പന്തയക്കുതിരയുടേതു പോലെയാണ് പിന്നീട്് എഴുത്തുകാരന്റെ ജീവിതം. കുതിരകളെ വെടിവയ്കാം..എഴുത്തുകാരനേയോ….

NO COMMENTS

LEAVE A REPLY