ന്യൂഡിൽസിൽ ചെള്ള്; ആര്യഭവന് പൂട്ട് വീഴും

noodles

ന്യൂഡിൽസിൽ ചെള്ള് കണ്ടെത്തിയതിനെത്തുടർന്ന് ഹോട്ടൽ ആര്യ ഭവന് സ്റ്റോപ് മെമ്മോ. ആര്യഭവനിലെ പാകം ചെയ്ത ന്യൂഡിൽസിലും, സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന പാക്കറ്റുകളിലും ചെള്ള് കണ്ടെത്തി. ഈ സാഹചര്യത്തിലാണ് തിരുനക്കരയിലെ ഹോട്ടലിനെതിരെ നടപടിയെടുക്കാൻ നഗരസഭ ആരോഗ്യ വിഭാഗം തീരുമാനിച്ചിരിക്കുന്നത്.

കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർ ആര്യ ഭവന് നോട്ടീസ് നൽകി. ആഹാരത്തിൽനിന്ന് ചെള്ളിനെ കിട്ടിയതിനെ തുടർന്ന് നഗരസഭ അധികൃതർ നടത്തിയ പരിശോധനയിൽ ആര്യ ഭവൻ അടിസ്ഥാന ശുചിത്വത്തിലും വീഴ്ച വരുത്തിയതായി കണ്ടെത്തി. ഈ സാഹചര്യത്തിലാണ് ഹോട്ടൽ പൂട്ടാൻ നഗരസഭ അധികൃതർ നടപടി സ്വീകരിക്കുന്നത്.

അതേസമയം, ചെള്ള് കണ്ടെത്തിയതിനെ തുടർന്നുള്ള നാട്ടുകീരുടെ പ്രതിഷേധം തണുപ്പിക്കാൻ രണ്ടു ദിവസം ഹോട്ടൽ അടച്ച ശേഷം വീണ്ടും തുറക്കാനുളള നീക്കമാണ് നഗരസഭ ആരോഗ്യ വിഭാഗം നടത്തുന്നതെന്നാണ് ആരോപണം.

വ്യാഴാഴ്ച ഉച്ചയോടെയാണ് കോട്ടയം തിരുനക്കര ബസ് സ്റ്റാൻഡിനു സമീപത്തെ ഹോട്ടൽ ആര്യ ഭവനിൽനിന്ന് വിതരണം ചെയ്ത വെജിറ്റബിൾ ന്യൂഡിൽസിൽ ചെള്ളിനെ കണ്ടെത്തിയത്. ന്യൂഡിൽസിന്റെ അടിയിലും പ്ലേറ്റിലുമായി ചെള്ളിനെ കണ്ടെത്തുകയായിരുന്നു.

തുടർന്ന് ഹോട്ടൽ അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്ലേറ്റിൽ നിന്ന് വന്നതാണെന്നായിരുന്നു ഇവരുടെ വിശദീകരണം. ഇതേ തുടർന്നു വിദ്യാർഥികൾ നഗരസഭ ആരോഗ്യ വിഭാഗത്തിന് പരാതി നൽകി. ഇവർ നടത്തിയ പരിശോധനയിൽ ഹോട്ടലിലെ സ്‌റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന ന്യൂഡിൽസ് പാക്കറ്റുകളിലും ചെള്ളിനെ കണ്ടെത്തി. തുടർന്ന് നഗരസഭ അധികൃതർ ഹോട്ടലിൽ വിശദമായ പരിശോധന നടത്തുകയായിരുന്നു.

ഹോട്ടലിലെ അടുക്കള വൃത്തിഹീനമാണെന്നു പരിശോധനയിൽ കണ്ടെത്തി. അടുക്കളയിൽ നിന്നും, ഹോട്ടലിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള മലിനജലം പ്രത്യേക പൈപ്പ് സ്ഥാപിച്ചു റോഡരികിലെ ഓടയിലേയ്ക്കു ഒഴുക്കി വിടുന്നതായും പരിശോധനയിൽ കണ്ടെത്തി.

NO COMMENTS