ഒളിവിൽ കഴിയുന്ന ജസ്റ്റിസ് കർണൻ ഇന്ന് വിരമിക്കും

Justice Karnan retires today justice karnan moves from chennai to kolkatta justice karnan hospitalized

വിവാദങ്ങൾകൊണ്ട് സുപ്രീം കോടതിയെ വരെ ചോദ്യം ചെയ്ത ജസ്റ്റിസ് കർണ്ണൻ ഔദ്യോഗിക പദവികളിൽനിന്ന് ഇന്ന് വിരമിക്കും. കോടതിയലക്ഷ്യത്തിന് സുപ്രിം കോടതി ആറു മാസം തടവ് ശിക്ഷയ്ക്ക് വിധിച്ച കർണൻ ഇപ്പോൾ ഒളിവിലാണ്.

മെയ് ഒമ്പതിനാണ് കർണനെ ജയിലിലടക്കാൻ സുപ്രിം കോടതി വിധിച്ചത്. ഇന്ത്യൻ നിയമ സംവിധാനത്തിൽ ആദ്യമായാണ് ഒരു ഹൈകോടതി സിറ്റിങ് ജഡ്ജിയെ ജയിലിലടക്കാൻ സുപ്രീം കോടതി വിധിക്കുന്നത്. എന്നാൽ കർണ്ണനെ ഇതുവരെയും പിടികൂടാൻ പോലീസിനായിട്ടില്ല.

മദ്രാസ് ഹൈകോടതി ജഡ്ജിയായിരിക്കെ, സുപ്രിം കോടതിയിലെയും ഹൈക്കോടതിയിലെയും സിറ്റിംഗ് ജഡ്ജിമാർക്കെതിരെ അഴിമതി ആരോപണമുന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്കും നിയമ മന്ത്രിയായിരുന്ന രവിശങ്കർ പ്രസാദിനും സുപ്രിംകോടതി രജിസ്ട്രാർക്കും കത്തയച്ചതാണ് വിവാദങ്ങൾക്ക് തുടക്കം.

അഴിമതിയും ജാതി വിവേചനവും ജഡ്ജിമാർക്കിടയിലുമുണ്ടെന്ന് വാദിച്ചും മദ്രാസ് ഹൈകോടതിയിൽ നിന്ന് കൊൽക്കത്ത ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയ സുപ്രിം കോടതി കൊളീജിയത്തിന്റെ നടപടി റദ്ദാക്കിയും കർണ്ണൻ വാർത്തകളിൽ നിറഞ്ഞു. തന്റെ അധികാര പരിധിയിൽ കൈടത്തരുതെന്ന് സുപ്രിം കോടതിയോട് പറയാനും അദ്ദേഹം ധൈര്യം കാട്ടി. തനിക്ക് യാത്രാ വിലക്ക് ഏർപെടുത്തിയ സുപ്രിംകോടതി ജഡ്ജിമാരുടെ യാത്ര വിലക്കിക്കൊണ്ടും അദ്ദേഹം ഉത്തരവ് പുറപ്പെടുവിച്ചു. ഒടുവിൽ കർണ്ണന്റെ പ്രസ്താവനകൾ വാർത്തയാക്കുന്നതിൽനിന്ന് സുപ്രീം കോടതി മാധ്യമങ്ങളെ വിലക്കി.

മാനസിക നില പരിശോധിക്കണമെന്ന സുപ്രിംകോടതി നിർദേശത്തെയും കർണ്ണൻ തള്ളി. പിന്നീട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഏഴംഗ ബെഞ്ചാണ് കർണനെതിരെ കോടതിയലക്ഷ്യക്കുറ്റം ചുമത്തിയത്. കർണനോട് കോടതിയിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. തുടർന്നാണ് അദ്ദേഹത്തിനെതിരെ അറസറ്റ് വാറന്റ് പുറപ്പെടുവിച്ചത്. ഇതോടെ കർണ്ണൻ ഒളിവിൽ പോകുകയായിരുന്നു.

NO COMMENTS