Advertisement

അധ്വാനത്തിന് ദക്ഷിണ നൽകി കൊച്ചി മെട്രോ

June 12, 2017
Google News 0 minutes Read

കൊച്ചി മെട്രോയ്ക്ക് വേണ്ടി രാപ്പകൽ അധ്വാനിച്ച തൊഴിലാളികൾക്ക് സദ്യയൊരുക്കി കെഎംആർഎൽ. ജൂൺ 17നാണ് കൊച്ചി മെട്രോയുടെ ഉദ്ഘാടനം. അതിന് മുമ്പ് പദ്ധതി യാഥാർത്ഥ്യമാക്കാൻ പ്രയത്‌നിച്ചവർക്ക് സദ്യ നൽകിയിരിക്കുകയാണ് കെഎംആർഎൽ. ഇത് അവർക്ക് നന്ദിയും കടപ്പാടും അറിയിക്കാനുള്ള ശ്രമം കൂടിയാണെന്നും അധികൃതർ അറിയിച്ചു.

kmrl (5)

അഞ്ഞൂറിലധികം തൊഴിലാളികള്‍ക്കാണ്‌ കൊച്ചി ടിഡി റോഡിലെ എസ്‌എസ്‌ കലാമന്ദിറില്‍ കേരളീയ സദ്യയും ഗാനമേളയുമൊരുക്കി ആദരമര്‍പ്പിച്ചത്‌. ആലുവ മുതലുള്ള റൂട്ടിലെ ഇതര സംസ്ഥാന തൊഴിലാളികളാണ്‌ ചടങ്ങില്‍ പങ്കെടുത്തത്‌. ഓരോ മേഖലയില്‍ നിന്ന്‌ വ്യത്യസ്‌ത സംഘങ്ങളായാണ്‌ തൊഴിലാളികളെ എത്തിച്ചത്‌.

ബീഹാര്‍, അസം, ബംഗാള്‍, ഒഡിയ, ജാര്‍ഖണ്ഡ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്‌ ഇവരിലധികവും. ചിലര്‍ പദ്ധതിയുടെ തുടക്കം മുതലുള്ളവരാണെങ്കില്‍ ചിലര്‍ ഏതാനും മാസങ്ങള്‍ക്കു മുന്‍പ്‌ ജോലിയില്‍ പ്രവേശിച്ചവരാണ്‌. തൊഴിലിടങ്ങളിലെ സുരക്ഷയ്‌ക്ക്‌ വലിയ പ്രാധാന്യമാണ്‌ കൊച്ചി മെട്രോ നല്‍കുന്നതെന്ന്‌ തൊഴിലാളികള്‍ അഭിപ്രായപ്പെടുന്നു. കൊല്‍ക്കത്തയില്‍ നിന്നുള്ള അസീസ്‌ മദുംദാറും കൂട്ടരും മറ്റു പലരേയും പോലെ ഈ അഭിപ്രായത്തോടു യോജിക്കുന്നു. കൂടാതെ മലയാളികളും വളരെ സൗഹാര്‍ദപരമായാണ്‌ പെരുമാറുന്നതെന്നും അവര്‍ പറയുന്നു.

അസമില്‍ നിന്നുള്ള മുക്തിന ദാസ്‌ നാലു വര്‍ഷമായി കൊച്ചി മെട്രോയുടെ ഭാഗമാണ്‌. മഴയിലും വെയിലിലും രാവും പകലും മെട്രോ ജോലികള്‍ ചെയ്‌ത ഞങ്ങള്‍ക്കിന്ന്‌ സന്തോഷത്തിന്റെ ദിവസമാണെന്ന്‌ ദാസ്‌ പറയുന്നു. സദ്യ കഴിച്ചിറങ്ങിയ ദാസ്‌ മുഖത്ത്‌ വിഭവ സമൃദ്ധമായ സദ്യയുടെ രുചിക്കൊപ്പം മലയാളികള്‍ നല്‍കുന്ന സ്‌നേഹത്തിനും നന്ദി പറയുന്നു. മലയാളവും മലയാളികളും ഏറെ സ്‌നേഹത്തോടെയാണ്‌ പെരുമാറുന്നതെന്ന്‌ പറയുന്ന ദാസിന്‌ കേരളത്തിന്റെ വിഭവങ്ങളും ഏറെ പ്രിയപ്പെട്ടതാണ്‌. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ മെട്രോയില്‍ ജോലിക്കെത്തിയ തപന്‍ പണ്‍ഡിറ്റിനും മലയാളികളെക്കുറിച്ച്‌ നല്ലതു മാത്രം പറയാനുള്ളൂ. തന്റെ കുടുംബത്തെ പോറ്റാനുള്ള തുക വളരെ കഷ്ടപ്പെട്ടാണ്‌ ഓരോ മാസവും താനുണ്ടാക്കുന്നതെന്ന്‌ പറയുമ്പോഴും ഒരു നാടിന്റെ വിസ്‌മയക്കുതിപ്പില്‍ പങ്കാളിയായതിന്റെ അഭിമാനം പങ്കുവെക്കുകയാണ്‌ തപന്‍.

കൊച്ചി മെട്രോയുടെ വലിയ കട്ടൗട്ടും വേദിയില്‍ ഒരുക്കിയിരുന്നു. കൂടാതെ തൊഴിലാളികള്‍ക്ക്‌ തങ്ങളുടെ സന്ദേശമെഴുതാനായി ബോര്‍ഡും സ്ഥാപിച്ചിരുന്നു. ഇതില്‍ തങ്ങളുടെ പേരും കൈയൊപ്പും ചാര്‍ത്തി തൊഴിലാളികള്‍ തങ്ങള്‍ക്കു നല്‍കിയ ആദരവിനു നന്ദിയര്‍പ്പിച്ചു. ഹിന്ദി ഗാനങ്ങള്‍ കോര്‍ത്തിണക്കിയ ഗാനമേളയും ചടങ്ങില്‍ ഒരുക്കിയിരുന്നു. കൊച്ചി മെട്രോ എംഡി ഏലിയാസ്‌ ജോര്‍ജ്‌, ഡയറക്ടര്‍മാരായ തിരുമണ്‍, അര്‍ജുനന്‍, എബ്രഹാം ഉമ്മന്‍, ജനറല്‍ മാനേജര്‍മാരായ ചന്ദ്രബാബു, രേഖ, ജോയിന്റ്‌ ജനറല്‍ മാനേജര്‍ സുബ്രഹ്മണ്യ അയ്യര്‍ എന്നിവരും തൊഴിലാളികള്‍ക്കൊപ്പം സദ്യയുണ്ടു.

എസ്എസ് കലാമന്ദിറിൽ നടന്ന പരിപാടിയിൽ കെഎംആർഎൽ എം ഡി ഏലിയാസ് ജോർജ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു. പിന്നീട് ജീവനക്കാർ മെസ്സേജ് ബോർഡിൽ തങ്ങളുടെ പേരുകളെഴുതി.  ജൂൺ 17 ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കലൂർ സ്‌റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മെട്രോ ഉദ്ഘാടനം ചെയ്യും.

kmrl (10)

kmrl (4)kmrl (1)

kmrl (2)kmrl (7)kmrl (9)kmrl (6)kmrl (8)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here