മഴ തുടരുന്നു; കാസർഗോഡ് കുന്നിടിഞ്ഞു

rain landslide

രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ കാസർഗോഡ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കനത്ത നാശനഷ്ടം. കാഞ്ഞങ്ങാട് കാസർഗോട് കെ.എസ്.ടി.പി റോഡിൽ ഓൾഡ് പ്രസ്‌ക്ലബ് ജംഗ്ഷന് സമീപവും ചളിയങ്കോട്ടും കുന്നിടിഞ്ഞ് വീണു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയും ഉണ്ടായ ശക്തമായ മഴയിലാണ് കുന്നിടിഞ്ഞു വീണത്. കെ.എസ്.ടി.പി റോഡ് വികസിപ്പിക്കുന്നതിനായി ചളിയങ്കോട് മുതൽ പ്രസ് ക്ലബ് ജംഗ്ഷൻ വരെയുള്ള ഭാഗങ്ങളിൽ കുന്നിടിച്ചു മണ്ണെടുത്തിരുന്നു.

ഇതോടെ കുന്നിന്റെ പല ഭാഗങ്ങളും ഇടിഞ്ഞുവീഴാറായ നിലയിലാണ്. ഒരു വർഷം മുമ്പ് കുന്നിടിഞ്ഞ് റോഡിലേക്ക് മണ്ണും കല്ലുകളും വീഴുകയും മാസങ്ങളോളം ഗതാഗതം തടസപ്പെടുകയും ചെയ്തിരുന്നു. ഇവ പൂർണമായും നീക്കിയ ശേഷമാണ് ഗതാഗതം പുന:സ്ഥാപിക്കാനായത്. കുന്ന് വീണ്ടും ഇടിഞ്ഞുതുടങ്ങിയതോടെ ഇതുവഴിയുള്ള വാഹന ഗതാഗതവും കാൽനടയാത്രയും ദുർഘടമായിരിക്കുകയാണ്.

NO COMMENTS